ബഹിരാകാശ പര്യവേഷണം![]() ![]() ബഹിരാകാശ പര്യവേക്ഷണം എന്നത് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് ബഹിരാകാശത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായുള്ള ജ്യോതിശാസ്ത്രത്തിന്റെയും ബഹിരാകാശ സാങ്കേതികവിദ്യയുടെയും ഉപയോഗമാണ്.[1] ഭൂമിയിൽ നിന്നും പ്രധാനമായും ദൂരദർശിനി ഉപയോഗിച്ച് ജ്യോതിശാസ്ത്രജ്ഞർ ബഹിരാകാശ പര്യവേക്ഷണം നടത്തുമ്പോൾ, ഭൗതിക പര്യവേക്ഷണം നടത്തുന്നത് ക്രൂവില്ലാത്ത റോബോട്ടിക് ബഹിരാകാശ പേടകങ്ങളും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ യാത്രയും വഴിയാണ്. ബഹിരാകാശ പര്യവേക്ഷണം, അതിന്റെ ക്ലാസിക്കൽ രൂപമായ ജ്യോതിശാസ്ത്രം പോലെ, ബഹിരാകാശ ശാസ്ത്രത്തിന് സംഭാവന നൽകുന്ന പ്രധാന ഉറവിടങ്ങളിലൊന്നാണ്. ജ്യോതിശാസ്ത്രം എന്നറിയപ്പെടുന്ന ബഹിരാകാശത്തെ വസ്തുക്കളുടെ നിരീക്ഷണം വിശ്വസനീയമായ റെക്കോർഡ് ചെയ്ത ചരിത്രത്തിന് മുമ്പുള്ളതാണെങ്കിലും, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വലുതും താരതമ്യേന കാര്യക്ഷമവുമായ റോക്കറ്റുകളുടെ വികാസമാണ് ഭൗതിക ബഹിരാകാശ പര്യവേക്ഷണം യാഥാർത്ഥ്യമാകാൻ അനുവദിച്ചത്. ശാസ്ത്ര ഗവേഷണം, ദേശീയ അന്തസ്സ്, വിവിധ രാജ്യങ്ങളെ ഒന്നിപ്പിക്കൽ, മനുഷ്യരാശിയുടെ ഭാവി നിലനിൽപ്പ് ഉറപ്പാക്കൽ, മറ്റ് രാജ്യങ്ങൾക്കെതിരെ സൈനികവും തന്ത്രപരവുമായ നേട്ടങ്ങൾ വികസിപ്പിക്കൽ എന്നിവ ബഹിരാകാശ പര്യവേക്ഷണത്തിനുള്ള പൊതുവായ യുക്തികളിൽ ഉൾപ്പെടുന്നു.[2] ബഹിരാകാശ പര്യവേഷണത്തിന്റെ ആദ്യകാലഘട്ടം സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുള്ള "സ്പേസ് റേസ്" എന്നറിയപ്പെടുന്ന മത്സരത്തിന് വഴി നയിച്ചു. ബഹിരാകാശ പര്യവേഷണത്തിന്റെ തുടക്കത്തിന്റെ ഒരു പ്രേരകശക്തി ശീതയുദ്ധകാലത്തായിരുന്നു. ആണവായുധങ്ങൾ സൃഷ്ടിക്കാനുള്ള കഴിവിനുശേഷം, മറ്റ് പലതിനൊപ്പം ബഹിരാകാശ പര്യവേഷണവും ശ്രദ്ധാകേന്ദ്രമായി. ബഹിരാകാശ പര്യവേക്ഷണത്തിലൂടെ സാങ്കേതികവിദ്യയിൽ തങ്ങളുടെ മികവ് തെളിയിക്കാൻ സോവിയറ്റ് യൂണിയനും യുഎസും പോരാടുകയായിരുന്നു. വാസ്‌തവത്തിൽ, സ്‌പുട്‌നിക് I ന്റെ പ്രതികരണമായാണ് അമേരിക്ക നാസ രൂപീകരിച്ചത്.[3] ഭൂമിയെ ഭ്രമണം ചെയ്യുന്ന ആദ്യത്തെ മനുഷ്യനിർമിത വസ്തുവായ സോവിയറ്റ് യൂണിയന്റെ സ്‌പുട്‌നിക് 1 1957 ഒക്ടോബർ 4-ന് വിക്ഷേപിച്ചതും, 1969 ജൂലൈ 20-ലെ അപ്പോളോ 11 ദൗത്യത്തിലൂടെ അമേരിക്ക ആദ്യമായി മനുഷ്യനെ ചന്ദ്രനിൽ ഇറക്കിയതും ഈ പ്രാരംഭ കാലയളവിലെ ലാൻഡ്‌മാർക്കുകളായി കണക്കാക്കപ്പെടുന്നു. 1957-ൽ ഭ്രമണപഥത്തിൽ എത്തിച്ച ആദ്യത്തെ ജീവജാലം, 1961-ൽ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്ര (വോസ്റ്റോക്ക് 1- ൽ യൂറി ഗഗാരിൻ), 1965 മാർച്ച് 18-ന് ആദ്യത്തെ ബഹിരാകാശ നടത്തം (അലക്സി ലിയോനോവ്), 1966-ൽ മറ്റൊരു ആകാശഗോളത്തിൽ യാന്ത്രിക ലാൻഡിംഗ്, 1971-ൽ ആദ്യത്തെ ബഹിരാകാശ നിലയത്തിന്റെ (സല്യുട്ട് 1) വിക്ഷേപണം എന്നിവയുൾപ്പെടെ സോവിയറ്റ് ബഹിരാകാശ പദ്ധതി ആദ്യ നാഴികക്കല്ലുകളിൽ പലതും നേടി. ആദ്യത്തെ 20 വർഷത്തെ പര്യവേക്ഷണത്തിന് ശേഷം, ഒറ്റത്തവണയുള്ള ഫ്ലൈറ്റുകളിൽ നിന്ന് സ്‌പേസ് ഷട്ടിൽ പ്രോഗ്രാം പോലുള്ള പുനരുപയോഗിക്കാവുന്ന ഹാർഡ്‌വെയറിലേക്കും മത്സരത്തിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയ (ISS) സഹകരണത്തിലേക്കും ശ്രദ്ധ മാറി.[4] 2011 മാർച്ചിൽ എസ്ടിഎസ്-133-ന് ശേഷം ഐഎസെസ്ന്റെ പൂർത്തീകരണത്തോടെ, യുഎസ് ബഹിരാകാശ പര്യവേക്ഷണ പദ്ധതികൾ തുടർന്നു. 2020-ഓടെ ചാന്ദ്ര ദൌത്യങ്ങൾ വീണ്ടും ആരംഭിക്കാൻ ഉള്ള ബുഷ് അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമായ കോൺസ്റ്റെലേഷൻ[5] 2009-ൽ റിപ്പോർട്ട് ചെയ്ത ഒരു വിദഗ്ധ അവലോകന സമിതി വിലയിരുത്തി.[6] ലോ എർത്ത് ഓർബിറ്റിന് (LEO) അപ്പുറത്തുള്ള ക്രൂഡ് ദൗത്യങ്ങൾക്കുള്ള കഴിവ് വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഒബാമ ഭരണകൂടം 2010-ൽ കോൺസ്റ്റലേഷന്റെ ഒരു പുനരവലോകനം നിർദ്ദേശിച്ചു. സ്വകാര്യ മേഖലയിലേക്കും കൂടി നീളുന്ന പദ്ധതികളിലൂടെ നാസ, എർത്ത്–മൂൺ എൽ1, ചന്ദ്രൻ, ഭൂമി–സൂര്യൻ എൽ2, ഭൂമിക്കടുത്തുള്ള ഛിന്നഗ്രഹങ്ങൾ, ഫോബോസ് അല്ലെങ്കിൽ ചൊവ്വയുടെ ഭ്രമണപഥം എന്നിങ്ങനെയുള്ള എൽഇഒയ്ക്ക് അപ്പുറത്തേക്ക് ദൗത്യങ്ങൾ സാധ്യമാക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നു. 2000-കളിൽ, ഇന്ത്യ ചന്ദ്രയാൻ 1 വിക്ഷേപിച്ചപ്പോൾ ചൈന ഒരു വിജയകരമായ ബഹിരാകാശ യാത്രാ പദ്ധതി ആരംഭിച്ചു, യൂറോപ്യൻ യൂണിയനും ജപ്പാനും ഭാവിയിൽ ക്രൂഡ് ബഹിരാകാശ ദൗത്യങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പര്യവേക്ഷണത്തിന്റെ ചരിത്രം![]() ആദ്യത്തെ ദൂരദർശിനികൾആദ്യത്തെ ദൂരദർശിനി 1608-ൽ നെതർലാൻഡിൽ ഹാൻസ് ലിപ്പർഷേ എന്ന കണ്ണട നിർമ്മാതാവ് കണ്ടുപിടിച്ചതായി പറയപ്പെടുന്നു, എന്നാൽ ജ്യോതിശാസ്ത്രത്തിൽ അവ ആദ്യമായി ഉപയോഗിക്കുന്നത് 1609-ൽ ഗലീലിയോ ഗലീലി ആയിരുന്നു [7] 1668-ൽ ഐസക് ന്യൂട്ടൺ കണ്ണാടി ഉപയോഗിക്കുന്ന റിഫ്ലക്ട്ടിംഗ് തരത്തിലുള്ള ദൂരദർശിനി നിർമ്മിച്ചു, ഇത്തരത്തിലുള്ള ആദ്യത്തെ പൂർണ്ണമായും പ്രവർത്തനക്ഷമമായ ദൂരദർശിനിയായ അത്, മുമ്പത്തെ ഗലീലിയൻ ദൂരദർശിനിയെ അപേക്ഷിച്ച് അതിന്റെ മികച്ച സവിശേഷതകൾ കാരണം ബഹിരാകാശ പര്യവേഷണ സംഭവവികാസങ്ങളിലെ ഒരു നാഴികക്കല്ല് ആയി മാറി.[8] ഈ കണ്ടെത്തലുകളെ തുടർന്ന് ആ നൂറ്റാണ്ടിലും അടുത്ത നൂറ്റാണ്ടുകളിലും സൗരയൂഥത്തിലും അതിനുമപ്പുറവും ഉള്ള കണ്ടെത്തലുകളുടെ ഒരു നിര തന്നെ നടന്നു. ചന്ദ്രനിലെ പർവതങ്ങൾ, ശുക്രന്റെ ഘട്ടങ്ങൾ, വ്യാഴത്തിന്റെയും ശനിയുടെയും പ്രധാന ഉപഗ്രഹങ്ങൾ, ശനിയുടെ വളയങ്ങൾ, നിരവധി ധൂമകേതുക്കൾ, ഛിന്നഗ്രഹങ്ങൾ, യുറാനസ്, നെപ്റ്റ്യൂൺ എന്നീ പുതിയ ഗ്രഹങ്ങളും മറ്റ് നിരവധി ഉപഗ്രഹങ്ങളും എല്ലാം കണ്ടെത്തിയത് അങ്ങനെയാണ്. 1968-ൽ വിക്ഷേപിച്ച ഓർബിറ്റിംഗ് അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി 2 ആണ് ആദ്യത്തെ ബഹിരാകാശ ദൂരദർശിനി,[9] എന്നാൽ ഇതിലെ നാഴികക്കല്ല് 1990-ൽ വിക്ഷേപിച്ച ഹബിൾ ബഹിരാകാശ ദൂരദർശിനി ആണ്.[10] 2022 ഡിസംബർ 1 വരെ 5,284 എക്സോപ്ലാനറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ക്ഷീരപഥത്തിൽ 100-400 ബില്യൺ നക്ഷത്രങ്ങളും [11] 100 ബില്യണിലധികം ഗ്രഹങ്ങളും അടങ്ങിയിരിക്കുന്നതായി കണക്കാക്കപ്പെടുന്നു.[12] നിരീക്ഷിക്കാവുന്ന പ്രപഞ്ചത്തിൽ കുറഞ്ഞത് 2 ട്രില്യൺ ഗാലക്സികൾ ഉണ്ട്.[13][14] 33.4 ബില്യൺ പ്രകാശവർഷം അകലെയാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള അറിയപ്പെടുന്ന വസ്തുവാണ് HD1.[15][16][17][18][19][20] ആദ്യത്തെ ബഹിരാകാശ വാഹനങ്ങൾ![]() ![]() 1944 ജൂൺ 20 ന് ജർമ്മനിയിലെ പീനിമുണ്ടെയിലെ പീനിമുണ്ടെ ആർമി റിസർച്ച് സെന്ററിൽ നടന്ന ജർമ്മൻ V-2 റോക്കറ്റ് പരീക്ഷണ വിക്ഷേപണമായിരുന്നു MW 18014. ബഹിരാകാശത്ത് എത്തിയ ആദ്യത്തെ മനുഷ്യനിർമിത വസ്തുവായ ഇത്, കർമൻ രേഖയ്ക്ക് വളരെ മുകളിലായി,[21] 176 കിലോമീറ്റർ അപ്പോജിയിൽ എത്തി.[22] ലംബമായ വിക്ഷേപണമായിരുന്നു അത്. റോക്കറ്റ് ബഹിരാകാശത്ത് എത്തിയെങ്കിലും, പരിക്രമണ പ്രവേഗത്തിൽ എത്താതിനാൽ അത് ഭൂമിയിലേക്ക് മടങ്ങി.[23] ഭ്രമണപഥത്തിലെത്തിയ ആദ്യത്തെ വസ്തുആദ്യത്തെ വിജയകരമായ പരിക്രമണ വിക്ഷേപണം 1957 ഒക്‌ടോബർ 4-ന് ഭ്രമണപഥത്തിലെത്തിയ സോവിയറ്റ് യൂണിയന്റെ സ്പുട്‌നിക് 1 ("സാറ്റലൈറ്റ് 1") ദൗത്യമായിരുന്നു. ഉപഗ്രഹത്തിന് ഏകദേശം 83 കിലോഗ്രാം ഭാരമുണ്ടായിരുന്നു, ഇത് ഏകദേശം 250 കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ പരിക്രമണം ചെയ്തതായി വിശ്വസിക്കപ്പെടുന്നു. ഇതിന് 20 ഉം 40 ഉം മെഗാഹെർറ്റ്സ് ഉള്ള രണ്ട് റേഡിയോ ട്രാൻസ്മിറ്ററുകൾ ഉണ്ടായിരുന്നു. ഇത് ലോകമെമ്പാടുമുള്ള റേഡിയോകൾക്ക് കേൾക്കാവുന്ന "ബീപ്പ്" ശബ്ദം പുറപ്പെടുവിച്ചു. റേഡിയോ സിഗ്നലുകളുടെ വിശകലനം അയണോസ്ഫിയറിന്റെ ഇലക്ട്രോൺ സാന്ദ്രതയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ചു, അതേസമയം താപനിലയും മർദ്ദവും റേഡിയോ ബീപ്പുകളുടെ ദൈർഘ്യത്തിൽ എൻകോഡ് ചെയ്തു. ആർ-7 റോക്കറ്റാണ് സ്പുട്നിക് 1 വിക്ഷേപിച്ചത്. 1958 ജനുവരി 3-ന് അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോൾ അത് കത്തിനശിച്ചു. മനുഷ്യന്റെ ആദ്യത്തെ ബഹിരാകാശ യാത്ര1961 ഏപ്രിൽ 12 ന് 27 കാരനായ റഷ്യൻ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനെ വഹിച്ചുകൊണ്ട് വോസ്റ്റോക്ക് 1 ("ഈസ്റ്റ് 1") നടത്തിയ ബഹിരാകാശ യാത്ര ആയിരുന്നു ആദ്യത്തെ വിജയകരമായ മനുഷ്യ ബഹിരാകാശ യാത്ര. ബഹിരാകാശ പേടകം ഒരു മണിക്കൂറും 48 മിനിറ്റും നീണ്ടുന്ന ഒരു ഭ്രമണം പൂർത്തിയാക്കി. ഗഗാറിന്റെ ബഹിരാകാശ യാത്ര ബഹിരാകാശ പര്യവേക്ഷണത്തിൽ ഒരു പുതിയ യുഗം തുറന്നു. ആദ്യത്തെ അസ്ട്രോനമിക്കൽ ബോഡി ബഹിരാകാശ പര്യവേഷണം1959-ൽ ചന്ദ്രനിൽ എത്തിയ ലൂണ 2 ആയിരുന്നു മറ്റൊരു ആകാശഗോളത്തിൽ എത്തിയ ആദ്യത്തെ കൃത്രിമ വസ്തു[24] 1966 ഫെബ്രുവരി 3 ന് ചന്ദ്രനിൽ ഇറങ്ങിയ ലൂണ 9 ആണ് മറ്റൊരു ആകാശഗോളത്തിൽ നടത്തിയ ആദ്യത്തെ സോഫ്റ്റ് ലാൻഡിംഗ്.[25] 1966 ഏപ്രിൽ 3 -ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ലൂണ 10 ചന്ദ്രന്റെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായി മാറി.[26] 1969 ജൂലൈ 20 ന് മനുഷ്യനെ ചന്ദ്രനിൽ ഇറക്കിയ അപ്പോളോ 11 ആണ് മറ്റൊരു ആകാശഗോളത്തിൽ ആദ്യമായി ക്രൂഡ് ലാൻഡിംഗ് നടത്തിയത്. 1969 മുതൽ 1972 വരെ ആറ് ബഹിരാകാശ വാഹനങ്ങളിൽ മനുഷ്യർ ചന്ദ്രനിൽ ഇറങ്ങി. ആദ്യത്തെ ഇന്റർപ്ലാനറ്ററി ഫ്ലൈബൈ 1961 ലെ വെനീറ 1 ന്റെ വീനസ് ഫ്ലൈബൈ ആയിരുന്നു, എന്നിരുന്നാലും 1962 ലെ മാരിനർ 2 ആണ് ശുക്രന്റെ ആദ്യത്തെ ഡാറ്റ തിരികെ നൽകിയ ഫ്ലൈബൈ (34,773 കിലോമീറ്റർ അടുത്ത് എത്തിയത്). 1965 ഡിസംബർ 16 ന് വിക്ഷേപിച്ച പയനിയർ 6 ആണ് സൂര്യനെ ഭ്രമണം ചെയ്യുന്ന ആദ്യത്തെ ഉപഗ്രഹം. മറ്റ് ഗ്രഹങ്ങളിലേക്ക് ആദ്യമായി എത്തിയത്, 1965-ൽ ചൊവ്വയിലേക്ക് മാരിനർ 4, 1973-ൽ വ്യാഴത്തിലേക്ക് പയനിയർ 10, 1974-ൽ ബുധനിലേക്ക് മാരിനർ 10, 1979-ൽ ശനിയിലേക്ക് പയനിയർ 11, 1986-ൽ യുറാനസിലേക്ക് വോയേജർ 2, 1989 ൽ നെപ്റ്റ്യൂനിലേക്ക് വോയേജർ 2 എന്നിവയാണ്. 2015-ൽ, കുള്ളൻ ഗ്രഹങ്ങളായ സെറസും പ്ലൂട്ടോയും യഥാക്രമം ഡോൺ ഭ്രമണം ചെയ്യുകയും ന്യൂ ഹൊറൈസൺസ് ഇവയെ കടന്നുപോകുകയും ചെയ്തു. സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങൾ, സൂര്യൻ, ചന്ദ്രൻ, അംഗീകരിക്കപ്പെട്ട അഞ്ച് കുള്ളൻ ഗ്രഹങ്ങളിൽ രണ്ടെണ്ണം ആയ സിറസ്, പ്ലൂട്ടോ എന്നിവയുടെ അടുത്തുകൂടി ഇത് പറക്കുകയുണ്ടായി. മറ്റൊരു ഗ്രഹത്തിൽ നിന്ന് പരിമിതമായ ഉപരിതല ഡാറ്റയെങ്കിലും തിരികെ നൽകുന്ന ആദ്യത്തെ ഇന്റർപ്ലാനറ്ററി ഉപരിതല ദൗത്യം 1970 ലെ വെനീറ 7 ലാൻഡിംഗാണ്, ഇത് ശുക്രനിൽ നിന്ന് 23 മിനിറ്റ് ഡാറ്റ ഭൂമിയിലേക്ക് തിരികെ നൽകി. 1975-ൽ ശുക്രനിൽ നിന്നുള്ള ചിത്രങ്ങൾ തിരികെ നൽകിയ വെനീറ 9 ആണ് ആദ്യമായി മറ്റൊരു ഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്ന് ചിത്രങ്ങൾ തിരികെ നൽകിയത്. 1971-ൽ മാർസ് 3 ദൗത്യം ചൊവ്വയിൽ ആദ്യത്തെ സോഫ്റ്റ് ലാൻഡിംഗ് നടത്തി ഏകദേശം 20 സെക്കൻഡ് ഡാറ്റ തിരികെ നൽകി. പിന്നീട് 1975 മുതൽ 1982 വരെ വൈക്കിംഗ് 1 ന്റെ ആറ് വർഷത്തെ ചൊവ്വയുടെ ഉപരിതലത്തിലെ പ്രവർത്തനവും 1982 ൽ വെനറ 13 വഴി ശുക്രന്റെ ഉപരിതലത്തിൽ നിന്ന് രണ്ട് മണിക്കൂറിലധികം ഡാറ്റ പ്രക്ഷേപണം ചെയ്തതും ഉൾപ്പെടെ കൂടുതൽ ദൈർഘ്യമുള്ള ഉപരിതല ദൗത്യങ്ങൾ നടന്നു. മനുഷ്യൻ ഉപരിതല പര്യവേക്ഷണം നടത്തിയിട്ടുള്ള രണ്ട് ഭൌമേതര ഗ്രഹങ്ങൾ ചൊവ്വയും ശുക്രനുമാണ്. ആദ്യത്തെ ബഹിരാകാശ നിലയം1971 ഏപ്രിൽ 19 ന് സോവിയറ്റ് യൂണിയൻ ലോ എർത്ത് ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച സല്യൂട്ട് 1 ആണ് ഏതെങ്കിലും തരത്തിലുള്ള ആദ്യത്തെ ബഹിരാകാശ നിലയം. നിലവിൽ പൂർണ്ണമായി പ്രവർത്തനക്ഷമമായ 2 ബഹിരാകാശ നിലയങ്ങളിൽ ഏറ്റവും വലുതും പഴയതുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. മറ്റൊന്ന്, ചൈന നിർമ്മിച്ച ടിയാൻഗോംഗ് ബഹിരാകാശ നിലയം ആണ്. ആദ്യത്തെ ഇന്റർസ്റ്റെല്ലാർ ബഹിരാകാശ പറക്കൽ2012 ഓഗസ്റ്റ് 25 ന് സൗരയൂഥത്തിൽ നിന്ന് പുറത്തേക്ക് പോയ ആദ്യത്തെ മനുഷ്യ നിർമ്മിത വസ്തുവായി വോയേജർ 1 മാറി. ഇന്റർസ്റ്റെല്ലാർ സ്പേസിൽ പ്രവേശിക്കാൻ പേടകം 121 AU യിൽ ഹീലിയോപോസ് കടന്നു. ഭൂമിയിൽ നിന്ന് ഏറ്റവും അകലെഅപ്പോളോ 13 ബഹിരാകാശ വാഹനം ചന്ദ്രന്റെ ഭൂമിക്ക് എതിരായുള്ള വശത്ത്, ചന്ദ്രോപരിതലത്തിൽ നിന്ന് 254 കിലോമീറ്റർ ഉയരത്തിലും ഭൂമിയിൽ നിന്ന് 400,171 കിലോമീറ്റർ ദൂരത്തും കൂടി കടന്നുപോയി. മനുഷ്യർ ഇതുവരെ സഞ്ചരിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടിയ ദൂരത്തിന്റെ റെക്കോർഡ് ആണ് ഇത്. 2022 നവംബർ 26 വരെ യുള്ള കണക്ക് പ്രകാരം, ഭൂമിയിൽ നിന്ന് 159 AU (23.8 ബില്യൺ കിലോമീറ്റർ; 14.8 ബില്യൺ മൈൽ) അകലെ എത്തിയ വോയേജർ 1 ഭൂമിയിൽ നിന്നും ഏറ്റവും അകലെ എത്തിയ മനുഷ്യ നിർമ്മിത വസ്തുവാണ്.[27][28] പ്രധാന ലക്ഷ്യസ്ഥാനങ്ങൾഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആദ്യം പേടകങ്ങളേയും പിന്നീട് മനുഷ്യരെയും ഭൂമിയുടെ ഭ്രമണപഥത്തിലേക്കും പിന്നീട് ചന്ദ്രനിലേക്കും അയച്ചു. അതിനുശേഷം സൗരയൂഥത്തിലുടനീളവും സൗര ഭ്രമണപഥത്തിലേക്കും പേടകങ്ങൾ അയച്ചു. 21-ാം നൂറ്റാണ്ടോടെ ശനി, വ്യാഴം, ചൊവ്വ, ശുക്രൻ, ബുധൻ എന്നിവയ്ക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് അൺ ക്രൂഡ് ബഹിരാകാശവാഹനം അയച്ചിട്ടുണ്ട്, ഭൂമിയിൽ നിന്നും ഏറ്റവും ദൂരത്തിൽ എത്തിയ സജീവമായ ബഹിരാകാശ പേടകമായ വോയേജർ 1 ഉം 2 ഉം ഭൂമി-സൂര്യൻ ദൂരത്തിന്റെ 100 മടങ്ങ് അപ്പുറം സഞ്ചരിച്ചു. സൂര്യൻബഹിരാകാശ പര്യവേഷണത്തിലെ പ്രധാന വശമാണ് സൌരയൂഥത്തിന്റെ കേന്ദ്രമായ സൂര്യൻ. അന്തരീക്ഷത്തിനും ഭൂമിയുടെ കാന്തികക്ഷേത്രത്തിനും മുകളിലുള്ള ബഹിരാകാശ വാഹനങ്ങളും ഉപഗ്രഹങ്ങളും സൗരവാതത്തേക്കുറിച്ചും ഭൂമിയുടെ ഉപരിതലത്തിൽ എത്താത്ത ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് വികിരണങ്ങളേക്കുറിച്ചും വിവരങ്ങൾ നൽകുന്നു. ഭൂരിഭാഗം ബഹിരാകാശ കാലാവസ്ഥയും സൃഷ്ടിക്കുന്നത് സൂര്യനാണ്, ഇത് ഭൂമിയിലെ വൈദ്യുതി ഉൽപാദനത്തെയും പ്രസരണ സംവിധാനങ്ങളെയും ബാധിക്കുകയും ഉപഗ്രഹങ്ങൾ, ബഹിരാകാശ പേടകങ്ങൾ എന്നിവയെ തടസ്സപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യും. അപ്പോളോ ടെലിസ്‌കോപ്പ് മൗണ്ട് മുതൽ സൂര്യനെ നിരീക്ഷിക്കുന്നതിനായി മാത്രം സമർപ്പിച്ചിരിക്കുന്ന നിരവധി ബഹിരാകാശ പേടകങ്ങൾ വിക്ഷേപിക്കപ്പെട്ടു, മറ്റുള്ളവയ്ക്ക് സൗര നിരീക്ഷണം ഒരു ദ്വിതീയ ലക്ഷ്യമായി ഉണ്ട്. 2018-ൽ വിക്ഷേപിച്ച പാർക്കർ സോളാർ പ്രോബ്, ബുധന്റെ ഭ്രമണപഥത്തിന്റെ 1/9-നുള്ളിൽ സൂര്യനെ സമീപിക്കും. ബുധൻ![]() ഭൂസമാന ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും കുറവ് പര്യവേക്ഷണം ചെയ്യപ്പെട്ട ഗ്രഹമാണ് ബുധൻ. ബുധനിൽ എത്താനുള്ള താരതമ്യേന ഉയർന്ന ഡെൽറ്റ-വിയും സൂര്യനുമായുള്ള സാമീപ്യവും കാരണം, ബുധൻ പര്യവേക്ഷണം ചെയ്യാൻ പ്രയാസമാണ്, കൂടാതെ അതിന് ചുറ്റുമുള്ള ഭ്രമണപഥം അസ്ഥിരവുമാണ്. 2013 മെയ് വരെ, ബുധനെ സൂക്ഷ്മമായി നിരീക്ഷിച്ച ഒരേയൊരു ദൗത്യമാണ് മാരിനർ 10, മെസഞ്ചർ ദൗത്യങ്ങൾ. 1975-ൽ മാരിനർ 10 നടത്തിയ നിരീക്ഷണങ്ങളെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനായി 2011 മാർച്ചിൽ മെസഞ്ചർ ബുധന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ബുധനിലേക്കുള്ള മൂന്നാമത്തെ ദൗത്യം ആയ, ജപ്പാനും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും ചേർന്നുള്ള സംയുക്ത ദൗത്യമായ ബെപികൊളംബോ, 2025-ൽ ബുധനിൽ എത്തും. മാരിനർ 10 ന്റെ ഫ്ലൈബൈസ് കണ്ടെത്തിയ പല നിഗൂഢതകളും മനസ്സിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നതിന് പരസ്പര പൂരകമായ ഡാറ്റ ശേഖരിക്കാനാണ് മെസഞ്ചറും ബെപികൊളംബോയും ഉദ്ദേശിക്കുന്നത്. ശുക്രൻഗ്രഹാന്തര പറക്കലിന്റെയും ലാൻഡർ ദൗത്യങ്ങളുടെയും ആദ്യ ലക്ഷ്യം ശുക്രനായിരുന്നു, സൗരയൂഥത്തിലെ ഏറ്റവും പ്രതികൂലമായ ഉപരിതല പരിതസ്ഥിതികളിലൊന്ന് ഉണ്ടായിരുന്നിട്ടും, സൗരയൂഥത്തിലെ മറ്റേതൊരു ഗ്രഹത്തേക്കാളും കൂടുതൽ ലാൻഡറുകൾ അതിലേക്ക് അയച്ചിട്ടുണ്ട് (ഏതാണ്ട് എല്ലാം സോവിയറ്റ് യൂണിയനിൽ നിന്ന്). ആദ്യത്തെ ഫ്ലൈബൈ 1961 ലെ വെനീര 1 ആയിരുന്നു, എന്നാൽ ഡാറ്റ വിജയകരമായി തിരികെ നൽകിയ ആദ്യ ഫ്ലൈബൈ മറൈനർ 2 ആയിരുന്നു. 1967-ൽ വെനീറ 4 ശുക്രന്റെ അന്തരീക്ഷത്തിൽ പ്രവേശിച്ച് നേരിട്ട് പരിശോധിക്കുന്ന ആദ്യത്തെ പേടകമായി. 1970-ൽ വെനീറ 7, ശുക്രന്റെ ഉപരിതലത്തിലെത്തിയ ആദ്യത്തെ വിജയകരമായ ലാൻഡറായി മാറി, 1985-ഓടെ എട്ട് സോവിയറ്റ് വീനസ് ലാൻഡറുകൾ ചിത്രങ്ങളും മറ്റ് നേരിട്ടുള്ള ഉപരിതല ഡാറ്റയും നൽകി. 1975-ൽ സോവിയറ്റ് ഓർബിറ്റർ വെനീറ 9- ൽ തുടങ്ങി പത്ത് വിജയകരമായ ഓർബിറ്റർ ദൗത്യങ്ങൾ ശുക്രനിലേക്ക് അയച്ചിട്ടുണ്ട്. ഭൂമി![]() ഭൂമിയെ ഒരു ഖഗോള വസ്തുവായി മനസ്സിലാക്കുന്നതിനായും ബഹിരാകാശ പര്യവേക്ഷണം ഉപയോഗിക്കുന്നു. പരിക്രമണ ദൗത്യങ്ങൾക്ക്, ഗ്രൗണ്ട് അധിഷ്‌ഠിത പോയിന്റിൽ നിന്ന് നേടാൻ പ്രയാസമോ അസാധ്യമോ ആയ ഭൂമിക്ക് വേണ്ടിയുള്ള ഡാറ്റ നൽകാൻ കഴിയും. ഉദാഹരണത്തിന്, അമേരിക്കയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ എക്സ്പ്ലോറർ 1 അത് കണ്ടുപിടിക്കുന്നത് വരെ വാൻ അലൻ റേഡിയേഷൻ ബെൽറ്റുകളുടെ അസ്തിത്വം അജ്ഞാതമായിരുന്നു. ഈ അപ്രതീക്ഷിത കണ്ടുപിടിത്തത്തെത്തുടർന്ന്, ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള വീക്ഷണകോണിൽ നിന്ന് ഭൂമിയെ പര്യവേക്ഷണം ചെയ്യാൻ ധാരാളം ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾ വിന്യസിച്ചിട്ടുണ്ട്. ഭൂമിയെ അടിസ്ഥാനമാക്കിയുള്ള വിവിധ പ്രതിഭാസങ്ങളെ മനസ്സിലാക്കുന്നതിൽ ഈ ഉപഗ്രഹങ്ങൾ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഭൂമിയുടെ അന്തരീക്ഷം പര്യവേക്ഷണം ചെയ്യുന്ന ഒരു കൃത്രിമ ഉപഗ്രഹമാണ് ഓസോൺ പാളിയിലെ ദ്വാരം കണ്ടെത്തിയത്, കൂടാതെ തിരിച്ചറിയാൻ പ്രയാസകരമോ അസാധ്യമോ ആയ പുരാവസ്തു സൈറ്റുകളോ ഭൂമിശാസ്ത്രപരമായ രൂപങ്ങളോ കണ്ടെത്തുന്നതിനും ഉപഗ്രഹങ്ങൾ സഹായിച്ചിട്ടുണ്ട്. ചന്ദ്രൻ![]() ബഹിരാകാശ പര്യവേഷണത്തിന്റെ ലക്ഷ്യമായ ആദ്യത്തെ ആകാശഗോളമാണ് ചന്ദ്രൻ. ബഹിരാകാശ പേടകം ഭ്രമണം ചെയ്യുകയും ലാൻഡ് ചെയ്യുകയും ചെയ്യുന്ന ആദ്യത്തെ വിദൂര ആകാശ വസ്തു എന്ന പ്രത്യേകതയും മനുഷ്യർ ഇതുവരെ സന്ദർശിച്ചിട്ടുള്ള ഒരേയൊരു വിദൂര ഖഗോള വസ്തു എന്ന പ്രത്യേകതയും ചന്ദ്രനുണ്ട്. 1959-ൽ സോവിയറ്റുകൾക്ക് ചന്ദ്രന്റെ ഭൂമിക്ക് എതിരായ ഭാഗത്തിന്റെ ആദ്യ ചിത്രങ്ങൾ ലഭിച്ചു. 1962-ൽ റേഞ്ചർ 4 ഇംപാക്‌റ്റർ ഉപയോഗിച്ചാണ് ചന്ദ്രനിലേക്കുള്ള യുഎസ് പര്യവേക്ഷണം ആരംഭിച്ചത്. 1966 മുതൽ, ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് നേരിട്ട് ഡാറ്റ ശേഖരിക്കുന്ന നിരവധി ലാൻഡറുകൾ സോവിയറ്റ് യൂണിയൻ ചന്ദ്രനിലേക്ക് വിജയകരമായി വിന്യസിച്ചു. വെറും നാല് മാസങ്ങൾക്ക് ശേഷം, സർവേയർ 1 ലൂടെ യുഎസ് ലാൻഡറുകളുടെ വിജയകരമായ പരമ്പര ആരംഭിച്ചു. സോവിയറ്റ് അൺക്രൂഡ് ദൗത്യങ്ങൾ 1970 കളുടെ തുടക്കത്തിൽ ലുനോഖോഡ് പ്രോഗ്രാമിൽ കലാശിച്ചു, അതിൽ ആദ്യത്തെ അൺക്രൂഡ് റോവറുകൾ ഉൾപ്പെടുന്നു, കൂടാതെ അവർ ആദ്യമായി പഠനത്തിനായി ചന്ദ്രന്റെ മണ്ണിന്റെ സാമ്പിളുകൾ വിജയകരമായി ഭൂമിയിലേക്ക് കൊണ്ടുവന്നു. വിവിധ രാജ്യങ്ങൾ ചന്ദ്രനിലേക്ക് കൃത്രിമ ഉപഗ്രഹങ്ങൾ വിന്യസിച്ചുകൊണ്ട് ചന്ദ്രന്റെ അൺക്രൂഡ് പര്യവേക്ഷണം തുടരുന്നു, 2008-ൽ ഇന്ത്യൻ മൂൺ ഇംപാക്റ്റ് പ്രോബ് ചന്ദ്രന്റെ ഉപരിതലം സ്പർശിച്ചു. 2023-ൽ ഇന്ത്യയുടെ ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ ബഹിരാകാശ പേടകമായി. 1968-ൽ അപ്പോളോ 8 ദൗത്യം ചന്ദ്രനെ വിജയകരമായി പരിക്രമണം ചെയ്തതോടെയാണ് ചന്ദ്രനിലെ ക്രൂഡ് (മനുഷ്യരെ വഹിക്കുന്ന) പര്യവേക്ഷണം ആരംഭിച്ചത്. 1969-ൽ അപ്പോളോ 11 ദൗത്യം വഴി മനുഷ്യൻ ആദ്യമായി ഒരു ഭൌമേതര പ്രദേശത്ത് കാലുകുത്തി. ചന്ദ്രന്റെ ക്രൂഡ് പര്യവേക്ഷണം അധികനാൾ തുടർന്നില്ല. 1972 ലെ അപ്പോളോ 17 ദൗത്യം ആറാമത്തെ ലാൻഡിംഗും അവസാനത്തെ മനുഷ്യ സന്ദർശനവും ആയിരുന്നു. ആർട്ടെമിസ് 2 2024-ൽ ചന്ദ്രന്റെ ഒരു ക്രൂഡ് ഫ്ലൈബൈ പൂർത്തിയാക്കും. ചന്ദ്രനിലേക്കുള്ള റോബോട്ടിക് ദൗത്യങ്ങൾ ഇപ്പോഴും ശക്തമായി തുടരുന്നു. ചൊവ്വ![]() സോവിയറ്റ് യൂണിയൻ (പിന്നീട് റഷ്യ), യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ്, ജപ്പാൻ, ഇന്ത്യ എന്നിവയുടെ ബഹിരാകാശ പര്യവേക്ഷണ പരിപാടികളുടെ ഒരു പ്രധാന ഭാഗമാണ് ചൊവ്വയുടെ പര്യവേക്ഷണം. ഓർബിറ്ററുകൾ, ലാൻഡറുകൾ, റോവറുകൾ എന്നിവയുൾപ്പെടെ ഡസൻ കണക്കിന് റോബോട്ടിക് ബഹിരാകാശ പേടകങ്ങൾ 1960 മുതൽ ചൊവ്വയിലേക്ക് വിക്ഷേപിക്കപ്പെട്ടു. നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും ചൊവ്വയുടെ ചരിത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഈ ദൗത്യങ്ങൾ ലക്ഷ്യമിടുന്നു. ശാസ്‌ത്രസമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങൾ ചുവന്ന ഗ്രഹത്തെ നന്നായി വിലയിരുത്തുക മാത്രമല്ല, ഭൂമിയുടെ ഭൂതകാലത്തെക്കുറിച്ചും സാധ്യമായ ഭാവിയെക്കുറിച്ചും കൂടുതൽ ഉൾക്കാഴ്ച നൽകുമെന്നും പ്രതീക്ഷിക്കുന്നു. ചൊവ്വ പര്യവേക്ഷണത്തിന് ഗണ്യമായ സാമ്പത്തിക ചിലവ് വന്നിട്ടുണ്ട്. ചൊവ്വയിലേക്ക് ഉദ്ദേശിച്ചിട്ടുള്ള ബഹിരാകാശ പേടകങ്ങളിൽ ഏകദേശം മൂന്നിൽ രണ്ട് ദൗത്യങ്ങളും പൂർത്തിയാക്കുന്നതിന് മുമ്പ് പരാജയപ്പെട്ടു, ചിലത് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പരാജയപ്പെട്ടു. ഒരു ഇന്റർപ്ലാനറ്ററി യാത്രയിൽ ഉൾപ്പെട്ടിരിക്കുന്ന സങ്കീർണ്ണതയും വലിയ അളവിലുള്ള വേരിയബിളുകളുമാണ് ഇത്രയും ഉയർന്ന പരാജയനിരക്കിന് കാരണം. [29] ചൊവ്വ പര്യവേക്ഷണത്തിൽ മൊത്തത്തിലുള്ള ഉയർന്ന പരാജയനിരക്കിൽ നിന്ന് വ്യത്യസ്തമായി, കന്നി ശ്രമത്തിൽ വിജയം കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയുടെ മാർസ് ഓർബിറ്റർ മിഷൻ (MOM)[30][31][32] 450 കോടി രൂപ ഫോബോസ്2011 നവംബർ 9 ന് വിക്ഷേപിച്ച റഷ്യൻ ബഹിരാകാശ ദൗത്യമായ ഫോബോസ്-ഗ്രണ്ട് പരാജയപ്പെട്ടു. [36] ഫോബോസിന്റെയും ചൊവ്വയുടെ ഭ്രമണപഥത്തിന്റെയും പര്യവേക്ഷണം ആരംഭിക്കാനും ചൊവ്വയിലേക്ക് യാത്ര ചെയ്യുന്ന ബഹിരാകാശ വാഹനങ്ങൾക്ക് ഒരു "ട്രാൻസ്-ഷിപ്പ്മെന്റ് പോയിന്റ്" ആയി ഫോബോസിനെ ഉപയോഗിക്കാമോ എന്ന് പഠിക്കാനും വേണ്ടിയായിരുന്നു അത്. [37] ഛിന്നഗ്രഹങ്ങൾ![]() ബഹിരാകാശ യാത്രയുടെ ആവിർഭാവം വരെ, ഛിന്നഗ്രഹ വലയത്തിലെ വസ്തുക്കൾ ഏറ്റവും വലിയ ദൂരദർശിനികളിൽ പോലും, അവയുടെ ആകൃതിയെ കുറിച്ചോ ഭൂപ്രകൃതിയെ കുറിച്ചോ വിവരങ്ങൾ അറിയാൻ കഴിയാത്ത തരത്തിൽ പ്രകാശത്തിന്റെ പിൻപ്രിക്കുകൾ പോലെ മാത്രമെ ദൃശ്യമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ നിരവധി ഛിന്നഗ്രഹങ്ങൾ ബഹിരാകാശ പേടകങ്ങൾ സന്ദർശിച്ചിട്ടുണ്ട്, അതിൽ ആദ്യത്തേത് ഗലീലിയോ ആയിരുന്നു, അത് 1991-ൽ 951 ഗാസ്പ്ര, തുടർന്ന് 1993-ൽ 243 ഐഡ എന്നീ ഛിന്ന ഗ്രഹങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകി. 433 ഇറോസ് എന്ന വസ്തുവിന്റെ പരിക്രമണ സർവേയെത്തുടർന്ന് 2000-ൽ നിയർ ഷൂമേക്കർ പ്രോബ് ഒരു ഛിന്നഗ്രഹത്തിൽ ആദ്യമായി ലാൻഡിംഗ് നടത്തി. 2007-ൽ വിക്ഷേപിച്ച നാസയുടെ ഡോൺ ബഹിരാകാശ പേടകം, കുള്ളൻ ഗ്രഹമായ സിറസും ഛിന്നഗ്രഹം 4 വെസ്റ്റയും സന്ദർശിച്ചു. ഭൂമിക്ക് സമീപമുള്ള ചെറിയ ഛിന്നഗ്രഹമായ 25143 ഇറ്റോകാവയിൽ നിന്നുള്ള വസ്തുക്കളുടെ സാമ്പിൾ കൂടുതൽ വിശകലനത്തിനായി ഭൂമിയിലേക്ക് തിരികെ നൽകുന്നതിനായി ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി വികസിപ്പിച്ചെടുത്ത ഒരു റോബോട്ടിക് ബഹിരാകാശ പേടകമാണ് ഹയബൂസ. 2003 മെയ് 9-ന് അയച്ച ഹയബൂസ 2005 സെപ്റ്റംബർ മധ്യത്തിൽ ഇറ്റോകാവയിൽ എത്തി, ഛിന്നഗ്രഹത്തിന്റെ ആകൃതി, ഭ്രമണം, ഭൂപ്രകൃതി, നിറം, ഘടന, സാന്ദ്രത, ചരിത്രം എന്നിവ പഠിച്ചു. 2005 നവംബറിൽ സാമ്പിളുകൾ ശേഖരിക്കുന്നതിനായി രണ്ടുതവണ ഛിന്നഗ്രഹത്തിൽ ഇറങ്ങി. 2010 ജൂൺ 13-ന് പേടകം ഭൂമിയിൽ തിരിച്ചെത്തി. വ്യാഴം![]() വ്യാഴത്തിന്റെ പര്യവേക്ഷണം 1973 മുതൽ തന്നെ നാസ ആരംഭിച്ചിരുന്നു. ദൗത്യങ്ങളിൽ ഭൂരിഭാഗവും ഭ്രമണപഥത്തിൽ പ്രവേശിക്കാതെ വിശദമായ നിരീക്ഷണങ്ങൾ നടത്തുന്ന "ഫ്ലൈബൈ" ആയിരുന്നു. ഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ബഹിരാകാശ പേടകങ്ങൾ ഗലീലിയോയും ജൂണോയും മാത്രമാണ്. വ്യാഴത്തിന് യഥാർത്ഥ ഖര പ്രതലമില്ലെന്നു വിശ്വസിക്കപ്പെടുന്നതിനാൽ, ഒരു ലാൻഡിംഗ് ദൗത്യം ഒഴിവാക്കുകയാണ്. വ്യാഴത്തിന് അറിയപ്പെടുന്ന 95 ഉപഗ്രഹങ്ങളുണ്ട്, അവയിൽ പലതിനെ കുറിച്ചും വളരെക്കുറച്ചേ അറിയൂ. ശനിമറ്റ് ബഹിരാകാശ ഏജൻസികളുമായി സഹകരിച്ച് ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്ത ഒരു ദൗത്യം (കാസിനി-ഹ്യൂഗൻസ്) ഉൾപ്പെടെ, നാസ വിക്ഷേപിച്ച അൺക്രൂഡ് ബഹിരാകാശ പേടകത്തിലൂടെ മാത്രമേ ശനിയെ ഇതുവരെ പര്യവേക്ഷണം ചെയ്തിട്ടുള്ളൂ. ഈ ദൗത്യങ്ങളിൽ 1979-ലെ പയനിയർ 11, 1980-ലെ വോയേജർ 1, 1982-ലെ വോയേജർ 2, 2004 മുതൽ 2017 വരെ നീണ്ടുനിന്ന പരിക്രമണ ദൗത്യം ആയ കാസിനി എന്നിവ ഉൾപ്പെടുന്നു. ശനിയുടെ വലയങ്ങൾ വ്യത്യസ്ത വലുപ്പത്തിലുള്ള സ്വതന്ത്രമായി പരിക്രമണം ചെയ്യുന്ന വസ്തുക്കളാൽ നിർമ്മിതമായതിനാൽ കൃത്യമായ സംഖ്യ തർക്കവിഷയമാണെങ്കിലും ശനിക്ക് അറിയപ്പെടുന്ന 62 ഉപഗ്രഹങ്ങളെങ്കിലും ഉണ്ട് എന്ന് പറയപ്പെടുന്നു. ഉപഗ്രഹങ്ങളിൽ ഏറ്റവും വലുത് ടൈറ്റൻ ആണ്. ഭൂമിയേക്കാൾ സാന്ദ്രതയും കട്ടിയുള്ളതുമായ അന്തരീക്ഷം ഉള്ള സൗരയൂഥത്തിലെ ഒരേയൊരു ഉപഗ്രഹം എന്ന പ്രത്യേകതയും ടൈറ്റന് ഉണ്ട്. കാസിനി ബഹിരാകാശ പേടകം വിന്യസിച്ച ഹ്യൂജൻസ് ലാൻഡർ ഉപയോഗിച്ച് ടൈറ്റൻ പര്യവേക്ഷണം നടത്തിയിട്ടുണ്ട്. ശനിയുടെ വലയങ്ങൾ വ്യത്യസ്ത വലുപ്പത്തിലുള്ള സ്വതന്ത്രമായി പരിക്രമണം ചെയ്യുന്ന വസ്തുക്കളാൽ നിർമ്മിതമായതിനാൽ കൃത്യമായ സംഖ്യ തർക്കവിഷയമാണെങ്കിലും ശനിക്ക് അറിയപ്പെടുന്ന 62 ഉപഗ്രഹങ്ങളെങ്കിലും ഉണ്ട്. ഉപഗ്രഹങ്ങളിൽ ഏറ്റവും വലുത് ടൈറ്റൻ ആണ്, സൗരയൂഥത്തിലെ ഒരേയൊരു ഉപഗ്രഹം എന്ന പ്രത്യേകതയും ഭൂമിയേക്കാൾ സാന്ദ്രതയും കട്ടിയുള്ളതുമാണ്. കാസിനി ബഹിരാകാശ പേടകം വിന്യസിച്ച ഹ്യൂജൻസ് പേടകം, ലാൻഡർ ഉപയോഗിച്ച് പര്യവേക്ഷണം നടത്തിയ ബാഹ്യ സൗരയൂഥത്തിലെ ഒരേയൊരു വസ്തു എന്ന ബഹുമതി ടൈറ്റനുണ്ട്. യുറാനസ്യുറാനസിന്റെ പര്യവേക്ഷണം പൂർണ്ണമായും വോയേജർ 2 ബഹിരാകാശ പേടകത്തിലൂടെയാണ് നടത്തിയിട്ടുള്ളത്, നിലവിൽ മറ്റ് പര്യവേക്ഷണങ്ങളൊന്നും ആസൂത്രണം ചെയ്തിട്ടില്ല. 1986 ജനുവരി 24 ന് വോയേജർ 2 ഗ്രഹത്തിന്റെ അന്തരീക്ഷവും കാന്തികമണ്ഡലവും, അതിന്റെ റിംഗ് സിസ്റ്റവും പഠിച്ച വോയേജർ, യുറാനസിന്റെ മുമ്പ് അറിയപ്പെട്ടിരുന്ന അഞ്ച് ഉപഗ്രഹങ്ങൾക്കൊപ്പം, വോയേജർ 2 തന്നെ കണ്ടെത്തിയ മുമ്പ് അറിയപ്പെടാത്ത പത്ത് ഉപഗ്രഹങ്ങളെയും പഠിച്ചു. നെപ്ട്യൂൺ1989 ഓഗസ്റ്റ് 25-ന് വോയേജർ 2 ഫ്ലൈബൈ ആണ്, ഇതുവരെയുള്ള (2024 പ്രകാരം) നെപ്റ്റ്യൂണിന്റെ ഏക പര്യവേക്ഷണം. ഒരു നെപ്റ്റ്യൂൺ ഓർബിറ്ററിന്റെ സാധ്യത ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാൽ മറ്റ് ദൗത്യങ്ങളൊന്നും ഗൗരവമായി ചിന്തിച്ചിട്ടില്ല. 1986-ൽ വോയേജർ 2 സന്ദർശനവേളയിൽ യുറാനസിന്റെ രൂപം നെപ്‌ട്യൂണിനും സദൃശ്യമായ അന്തരീക്ഷ പ്രതിഭാസങ്ങളുണ്ടാകുമെന്ന പ്രതീക്ഷകളിലേക്ക് നയിച്ചെങ്കിലും, ബഹിരാകാശ പേടകം നെപ്‌ട്യൂണിന് വ്യക്തമായ ബാൻഡിംഗ്, ദൃശ്യമായ മേഘങ്ങൾ, ധ്രുവദീപ്തികൾ എന്നിവയും പ്രകടമായ ആന്റിസൈക്ലോൺ കൊടുങ്കാറ്റ് സംവിധാനവും ഉണ്ടെന്ന് കണ്ടെത്തി. സൗരയൂഥത്തിലെ ഏതൊരു ഗ്രഹത്തിലെയും ഏറ്റവും വേഗതയേറിയ കാറ്റ് നെപ്‌ട്യൂണിന് ഉണ്ടെന്ന് തെളിയിച്ചു, അതിന്റെ വേഗത മണിക്കൂറിൽ 2,100 കിലോമീറ്റർ വരെ ഉയർന്നതാണ്. [38] നെപ്‌ട്യൂണിന്റെ വളയവും ഉപഗ്രഹങ്ങളെ കുറിച്ചും വോയേജർ 2 പരിശോധിച്ചു. നെപ്റ്റ്യൂണിന് ചുറ്റും 900 പൂർണ്ണ വളയങ്ങളും അധിക ഭാഗിക വളയങ്ങളും "ആർക്കുകളും" വോയേജർ 2 കണ്ടെത്തി. മുമ്പ് അറിയപ്പെട്ടിരുന്ന നെപ്ട്യൂണിന്റെ മൂന്ന് ഉപഗ്രഹങ്ങളെ പരിശോധിച്ചതിന് പുറമേ, വോയേജർ 2, മുമ്പ് അറിയപ്പെടാത്ത അഞ്ച് ഉപഗ്രഹങ്ങളെയും കണ്ടെത്തി, അവയിലൊന്ന് പ്രോട്ടിയസ് സിസ്റ്റത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണെന്ന് തെളിഞ്ഞു. വോയേജർ 2- ൽ നിന്നുള്ള ഡാറ്റ, നെപ്റ്റ്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ട്രൈറ്റൺ ഗ്രഹം പിടിച്ചെടുത്ത കൈപ്പർ ബെൽറ്റ് വസ്തുവാണെന്ന വീക്ഷണത്തെ പിന്തുണയ്ക്കുന്നു.[39] പ്ലൂട്ടോഭൂമിയിൽ നിന്നുള്ള വലിയ ദൂരവും ചെറിയ പിണ്ഡവും കാരണം കുള്ളൻ ഗ്രഹമായ പ്ലൂട്ടോ ബഹിരാകാശ പേടകമുപയോഗിച്ച് പഠിക്കുന്നതിൽ കാര്യമായ വെല്ലുവിളികൾ ഉയർത്തുന്നു. വോയേജർ 1 ന് പ്ലൂട്ടോ സന്ദർശിക്കാമായിരുന്നു, പക്ഷേ പകരം ശനിയുടെ ഉപഗ്രഹമായ ടൈറ്റന്റെ അടുത്തു കൂടിയുള്ള പറക്കൽ തിരഞ്ഞെടുത്തു. വോയേജർ 2 ന് പ്ലൂട്ടോയ്ക്ക് അടുത്തുകൂടി പറക്കാൻ കഴിയുന്ന ഒരു പാത ഉണ്ടായിരുന്നില്ല. [40] എന്നാൽ തീവ്രമായ രാഷ്ട്രീയ പോരാട്ടത്തിനുശേഷം, ന്യൂ ഹൊറൈസൺസ് എന്ന് വിളിക്കപ്പെടുന്ന പ്ലൂട്ടോയുടെ ഒരു ദൗത്യം [41] 2006 ജനുവരി 19-ന് വിജയകരമായി വിക്ഷേപിച്ചു. 2015 ജൂലൈ 14-നായിരുന്നു ഇത് പ്ലൂട്ടോയുടെ ഏറ്റവും അടുത്തു കൂടി പറന്നത്. പ്ലൂട്ടോയുടെ ശാസ്ത്രീയ നിരീക്ഷണങ്ങൾ അടുത്ത് എത്തുന്നതിന് അഞ്ച് മാസം മുമ്പാണ് ആരംഭിച്ചത്, അടുത്തുകൂടി പറന്നതിന് ശേഷവും 16 ദിവസത്തേക്ക് കൂടി പഠനം തുടർന്നു. കൈപ്പർ ബെൽറ്റ് വസ്തുക്കൾന്യൂ ഹൊറൈസൺസ് ദൗത്യം 2019-ൽ കൈപ്പർ ബെൽറ്റിൽ ഛിന്ന ഗ്രഹമായ അരോകോത്തിന്റെ അടുത്തുകൂടി ഫ്ലൈബൈ നടത്തി. ഇത് അതിന്റെ ആദ്യത്തെ വിപുലമായ ദൗത്യമായിരുന്നു.[42] ധൂമകേതുക്കൾ![]() പല ധൂമകേതുക്കളും ഭൂമിയിൽ നിന്ന് പഠിച്ചിട്ടുണ്ടെങ്കിലും, കുറച്ച് ധൂമകേതുക്കളെ മാത്രമേ ബഹിരാകാഹ പേടകങ്ങൾ അടുത്ത് സന്ദർശിച്ചിട്ടുള്ളൂ. 1985-ൽ, ഇന്റർനാഷണൽ കോമെറ്ററി എക്സ്പ്ലോറർ, ഹാലി ധൂമകേതുവിനെ കുറിച്ച് പഠിക്കുന്നതിനായി ഹാലി അർമാഡയിൽ ചേരുന്നതിന് മുമ്പ് ആദ്യത്തെ ധൂമകേതു ഫ്ലൈ-ബൈ (21P/Giacobini-Zinner) നടത്തി. അതിന്റെ ഘടനയെക്കുറിച്ചു കൂടുതലറിയാൻ ഡീപ് ഇംപാക്ട് പ്രോബ് ധൂമകേതു ആയ 9P/ടെമ്പലിലേക്ക് ഇടിച്ചിറങ്ങി, സ്റ്റാർഡസ്റ്റ് ദൗത്യം മറ്റൊരു ധൂമകേതുവിന്റെ വാലിന്റെ സാമ്പിളുകൾ തിരികെ നൽകി. റോസെറ്റ ദൗത്യത്തിന്റെ ഭാഗമായി 2014-ൽ ഫിലേ ലാൻഡർ ധൂമകേതു ആയ ചുര്യുമോവ്-ഗെരാസിമെൻകോയിൽ വിജയകരമായി ഇറങ്ങി. ഡീപ്പ് സ്പേസ് ബഹിരാകാശ പര്യവേക്ഷണം![]() ബഹിരാകാശ പര്യവേക്ഷണം, ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയുടെ ഒരു ശാഖയാണ് ഡീപ്പ് സ്പേസ് ബഹിരാകാശ പര്യവേക്ഷണം, അത് ബഹിരാകാശത്തിന്റെ വിദൂര പ്രദേശങ്ങളുടെ പര്യവേക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു.[43] ബഹിരാകാശത്തെ ഭൗതിക പര്യവേക്ഷണം മനുഷ്യ ബഹിരാകാശ യാത്രകളും റോബോട്ടിക് ബഹിരാകാശ പേടകവും വഴി നടത്തുന്നു. ഭാവി![]() ![]() ബ്രേക്ക്‌ത്രൂ സ്റ്റാർഷോട്ട്സൂര്യന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രമായ, 4.37 പ്രകാശവർഷം അകലെയുള്ള ആൽഫാ സെന്റോറിയിലേക്കുള്ള യാത്ര സാധ്യമാക്കുന്നതിന് സ്റ്റാർചിപ്പ് എന്ന ലൈറ്റ് സെയിൽ സ്‌പേസ്‌ക്രാഫ്റ്റ് വികസിപ്പിച്ചെടുക്കുന്നതിനുള്ള ബ്രേക്ക്‌ത്രൂ ഇനിഷ്യേറ്റീവ്‌സിന്റെ ഒരു പ്രോജക്റ്റാണ് ബ്രേക്ക്‌ത്രൂ സ്റ്റാർഷോട്ട്.[44] 2016-ൽ യൂറി മിൽനർ, സ്റ്റീഫൻ ഹോക്കിംഗ്, മാർക്ക് സക്കർബർഗ് എന്നിവർ ചേർന്നാണ് ഇത് സ്ഥാപിച്ചത്.[45][46] ഛിന്നഗ്രഹങ്ങൾശാസ്ത്ര മാസികയായ നേച്ചറിലെ ഒരു ലേഖനം, ആത്യന്തികമായി ചൊവ്വയെ ലക്ഷ്യമിടുന്ന ബഹിരാകാശ പര്യവേക്ഷണങ്ങൾ, ഈ യാത്രയിലെ ഒരു ഇടത്താവളമായി ഛിന്നഗ്രഹങ്ങളെ ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചു. അത്തരമൊരു സമീപനം പ്രാവർത്തികമാക്കുന്നതിന്, മൂന്ന് ആവശ്യകതകൾ നിറവേറ്റേണ്ടതുണ്ട്: ആദ്യം, "ബഹിരാകാശയാത്രികർക്ക് ഇറങ്ങാൻ അനുയോജ്യമായ ആയിരക്കണക്കിന് വസ്തുകൾ കണ്ടെത്തുന്നതിനുള്ള സമഗ്രമായ ഛിന്നഗ്രഹ സർവേ"; രണ്ടാമതായി, "ചൊവ്വയിലേക്ക് എത്താൻ ഫ്ലൈറ്റ് ദൈർഘ്യവും ദൂര ശേഷിയും നീട്ടൽ"; അവസാനമായി, "ഒരു ഛിന്നഗ്രഹത്തെ അതിന്റെ വലിപ്പമോ രൂപമോ കറക്കമോ പരിഗണിക്കാതെ പര്യവേക്ഷണം ചെയ്യാൻ ബഹിരാകാശയാത്രികരെ പ്രാപ്തരാക്കുന്ന മികച്ച റോബോട്ടിക് വാഹനങ്ങളും ഉപകരണങ്ങളും വികസിപ്പിക്കുക". കൂടാതെ, ഛിന്നഗ്രഹങ്ങൾ ഉപയോഗിക്കുന്നത് ബഹിരാകാശയാത്രികർക്ക് ഗാലക്‌സി കോസ്മിക് കിരണങ്ങളിൽ നിന്ന് സംരക്ഷണം നൽകും, വലിയ റേഡിയേഷൻ എക്സ്പോഷർ അപകടസാധ്യതയില്ലാതെ മിഷൻ ക്രൂവിന് അവയിൽ ഇറങ്ങാൻ കഴിയും എന്നും പറയുന്നു. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (ജെഡബ്ല്യുഎസ്ടി അല്ലെങ്കിൽ "വെബ്") ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ പിൻഗാമിയായ ഒരു ബഹിരാകാശ ദൂരദർശിനിയാണ്.[47][48] ഹബിളിനേക്കാൾ വളരെ മെച്ചപ്പെട്ട റെസല്യൂഷനും സെൻസിറ്റിവിറ്റിയും ഉള്ള ജെയിംസ് വെബ് പ്രപഞ്ചത്തിലെ ഏറ്റവും ദൂരെയുള്ള ചില സംഭവങ്ങളും വസ്തുക്കളും നിരീക്ഷിക്കുന്നത് ഉൾപ്പെടെ, ജ്യോതിശാസ്ത്രം, പ്രപഞ്ചശാസ്ത്രം എന്നീ മേഖലകളിൽ വിപുലമായ അന്വേഷണങ്ങൾ സാധ്യമാക്കും. ഇതിൻ്റെ മറ്റ് ലക്ഷ്യങ്ങളിൽ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും രൂപവത്കരണവും എക്സോപ്ലാനറ്റുകളുടെയും നോവായുടെയും നേരിട്ടുള്ള ഇമേജിംഗ് ഉൾപ്പെടുന്നു.[49] ജെയിംസ് വെബിൻ്റ പ്രാഥമിക ദർപ്പണമായ ഒപ്റ്റിക്കൽ ടെലിസ്‌കോപ്പ് എലമെന്റ്, സ്വർണ്ണം പൂശിയ ബെറിലിയം കൊണ്ട് നിർമ്മിച്ച 18 ഷഡ്ഭുജാകൃതിയിലുള്ള മിറർ സെഗ്‌മെന്റുകൾ ചേർന്നതാണ്, അവ സംയോജിപ്പിച്ച് ഹബിളിന്റെ 2.4-മീറ്റർ (7.9 അടി; 94 ഇഞ്ച്) കണ്ണാടിയേക്കാൾ വളരെ വലുതായ 6.5 മീറ്റർ (21 അടി; 260 ഇഞ്ച്) വ്യാസമുള്ള ഒരു കണ്ണാടി സൃഷ്‌ടിക്കുന്നു. നിയർ അൾട്രാവയലറ്റ്, ദൃശ്യപ്രകാശം, നിയർ ഇൻഫ്രാറെഡ് (0.1 മുതൽ 1 മൈക്രോ മീറ്റർ വരെ) സ്പെക്ട്രയിൽ നിരീക്ഷിക്കുന്ന ഹബിളിൽ നിന്ന് വ്യത്യസ്തമായി, ജെയിംസ് വെബ് നീണ്ട തരംഗദൈർഘ്യമുള്ള ദൃശ്യപ്രകാശം മുതൽ മധ്യ-ഇൻഫ്രാറെഡ് (0.6 മുതൽ 27 മൈക്രോ മീറ്റർ) വരെയുള്ള കുറഞ്ഞ ആവൃത്തിയിലുള്ള ശ്രേണിയിൽ നിരീക്ഷിക്കും. ഹബിളിന് നിരീക്ഷിക്കാൻ കഴിയാത്തത്ര പഴക്കമുള്ളതും വളരെ ദൂരെയുള്ളതുമായ ഉയർന്ന റെഡ് ഷിഫ്റ്റ് വസ്തുക്കളെ നിരീക്ഷിക്കാൻ ഇത് അനുവദിക്കും.[50] ഇൻഫ്രാറെഡിൽ ഇടപെടാതെ നിരീക്ഷിക്കാൻ ടെലിസ്‌കോപ്പ് വളരെ തണുത്തതായിരിക്കണം, അതിനാൽ അത് ഭൂമി-സൺ എൽ2 ലഗ്രാൻജിയൻ പോയിന്റിന് സമീപം ബഹിരാകാശത്ത് വിന്യസിക്കും, കൂടാതെ സിലിക്കണും അലുമിനിയവും പൂശിയ കപ്‌ടൺ കൊണ്ട് നിർമ്മിച്ച ഒരു വലിയ സൺഷീൽഡ് അതിനെ 50 കെൽവിൻ (−220 °C; −370 °F) ൽ താഴെയുള്ള താപനിലയിൽ നിലനിർത്തും.[51] ആർട്ടെമിസ് പ്രോഗ്രാം2024-ഓടെ "ആദ്യ സ്ത്രീയെയും അടുത്ത പുരുഷനെയും" ചന്ദ്രനിൽ, പ്രത്യേകിച്ചും ചാന്ദ്ര ദക്ഷിണധ്രുവ മേഖലയിൽ ഇറക്കുക എന്ന ലക്ഷ്യത്തോടെ നാസ, യുഎസ് വാണിജ്യ ബഹിരാകാശ യാത്രാ കമ്പനികൾ, ഇഎസ്എ[52] പോലുള്ള അന്തർദേശീയ പങ്കാളികൾ എന്നിവ സംയുക്തമായി നടത്തുന്ന ഒരു ക്രൂഡ് ബഹിരാകാശ യാത്രാ പരിപാടിയാണ് ആർട്ടെമിസ് പ്രോഗ്രാം. ചന്ദ്രനിൽ സുസ്ഥിര സാന്നിധ്യം സ്ഥാപിക്കുക, സ്വകാര്യ കമ്പനികൾക്ക് ചാന്ദ്ര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് അടിത്തറയിടുക, ഒടുവിൽ മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുക എന്നീ ദീർഘകാല ലക്ഷ്യത്തിലേക്കുള്ള അടുത്ത ചുവടുവെപ്പായിരിക്കും ആർട്ടെമിസ്. 2017-ൽ, ഓറിയോൺ, ലൂണാർ ഗേറ്റ്‌വേ, കൊമേഴ്‌സ്യൽ ലൂണാർ പേലോഡ് സേവനങ്ങൾ എന്നിവ പോലുള്ള നിലവിലുള്ള വിവിധ സ്‌പേസ് ക്രാഫ്റ്റ് പ്രോഗ്രാമുകൾ ഉപയോഗിച്ച് സ്‌പേസ് പോളിസി ഡയറക്‌ടീവ് 1 ചാന്ദ്ര പ്രചാരണത്തിന് അംഗീകാരം നൽകി. സ്‌പേസ് ലോഞ്ച് സിസ്റ്റം ഓറിയോണിന്റെ പ്രാഥമിക വിക്ഷേപണ വാഹനമായി പ്രവർത്തിക്കും, അതേസമയം വാണിജ്യ വിക്ഷേപണ വാഹനങ്ങൾ കാമ്പെയ്‌നിന്റെ മറ്റ് വിവിധ പദ്ധതികൾക്ക് ഉപയോഗിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.[53] ആർടെമിസിന് 2020 സാമ്പത്തിക വർഷത്തേക്ക് 1.6 ബില്യൺ ഡോളർ അധിക ധനസഹായം നാസ അഭ്യർത്ഥിച്ചു,[54] അതേസമയം, സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റി നാസയിൽ നിന്ന് അഞ്ച് വർഷത്തെ ബജറ്റ് പ്രൊഫൈൽ അഭ്യർത്ഥിച്ചു,[55] ഇതിന് കോൺഗ്രസിന്റെ വിലയിരുത്തലും അംഗീകാരവും ആവശ്യമാണ്.[56][57] ബഹിരാകാശ പര്യവേക്ഷണങ്ങളുടെ ലക്ഷ്യങ്ങൾദേശീയ ബഹിരാകാശ പര്യവേക്ഷണ ഏജൻസികളായ നാസയും റോസ്‌കോസ്‌മോസും നടത്തുന്ന ഗവേഷണമാണ് ബഹിരാകാശ പര്യവേക്ഷണങ്ങൾക്ക് വേണ്ടി വരുന്ന വലിയ സർക്കാർ ചെലവുകളെ ന്യായീകരിക്കാൻ ഇതിനെ പിന്തുണയ്ക്കുന്നവർ ഉദ്ധരിക്കുന്ന ഒരു കാരണം. നാസ പ്രോഗ്രാമുകളുടെ സാമ്പത്തിക വിശകലനങ്ങൾ പലപ്പോഴും സാമ്പത്തിക നേട്ടങ്ങൾ കാണിക്കുന്നു.[58] ബഹിരാകാശ പര്യവേക്ഷണം മറ്റ് ഗ്രഹങ്ങളിലെയും ഛിന്നഗ്രഹങ്ങളിലെയും ശതകോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ധാതുക്കളും ലോഹങ്ങളും അടങ്ങുന്ന വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കുമെന്നും വാദമുണ്ട്. അത്തരം പര്യവേഷണങ്ങൾ ധാരാളം വരുമാനം ഉണ്ടാക്കും.[59] കൂടാതെ, ബഹിരാകാശ പര്യവേക്ഷണ പരിപാടികൾ ശാസ്ത്രവും എഞ്ചിനീയറിംഗും പഠിക്കാൻ യുവാക്കളെ പ്രചോദിപ്പിക്കാൻ സഹായിക്കുമെന്ന് വാദമുണ്ട്.[60] കൂടാതെ ബഹിരാകാശ പര്യവേക്ഷണം ശാസ്ത്രജ്ഞർക്ക് മറ്റ് ക്രമീകരണങ്ങളിൽ പരീക്ഷണങ്ങൾ നടത്താനും മനുഷ്യരാശിയുടെ അറിവ് വികസിപ്പിക്കാനുമുള്ള കഴിവ് നൽകുന്നു.[61] ബഹിരാകാശ പര്യവേക്ഷണം മനുഷ്യരാശിയുടെ അനിവാര്യതയാണെന്നും ഭൂമിയിൽ തന്നെ തുടരുന്നത് മനുഷ്യരുടെ വംശനാശത്തിലേക്ക് നയിക്കുമെന്നുമാണ് മറ്റൊരു അവകാശവാദം. പ്രകൃതി വിഭവങ്ങളുടെ അഭാവം, ധൂമകേതുക്കൾ, ആണവയുദ്ധം, ലോകമെമ്പാടുമുള്ള പകർച്ചവ്യാധികൾ എന്നിവയാണ് മനുഷ്യൻ്റെ വംശനാശത്തിന് കാരണമായി ഉദ്ദരിക്കുന്ന ചില കാരണങ്ങൾ. "നമ്മൾ ബഹിരാകാശത്തേക്ക് മാറിയില്ലെങ്കിൽ അടുത്ത ആയിരം വർഷത്തേക്ക് മനുഷ്യരാശി അതിജീവിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഒരു ഗ്രഹത്തിൽ ജീവന് സംഭവിക്കാവുന്ന നിരവധി അപകടങ്ങളുണ്ട്. പക്ഷേ ഞാൻ ഒരു ശുഭാപ്തിവിശ്വാസിയാണ്. നമ്മൾ നക്ഷത്രങ്ങളിലേക്ക് എത്തും" -വിഖ്യാത ബ്രിട്ടീഷ് സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് പറഞ്ഞു.[62] അവലംബം
കൂടുതൽ വായനക്ക്
പുറം കണ്ണികൾSpace exploration എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia