മംഗോൾ സാമ്രാജ്യം13, 14 നൂറ്റാണ്ടുകളിൽ ഏഷ്യ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലായി വ്യാപിച്ച് കിടന്നിരുന്ന ഒരു സാമ്രാജ്യമാണ് മംഗോൾ സാമ്രാജ്യം (മംഗോളിയൻ: Mongol-yn Ezent Güren ⓘ; മംഗോളിയൻ സിറിലിക്: Монголын эзэнт гүрэн; കൂടാതെ റഷ്യൻ ക്രോണിക്കിളുകളിലെ Орда ("ഹോർഡ്")). ലോകചരിത്രത്തിൽ സമീപസ്ഥങ്ങളായ പ്രദേശങ്ങളെ മാത്രം ഉൾക്കൊള്ളുന്ന ഏറ്റവും വലിയ സാമ്രാജ്യമാണ് മംഗോൾ സാമ്രാജ്യം.[1] മംഗോളുകളുടെയും തുർക്കികുകളുടെയും ഏകീകരണത്തോടെ രൂപംകൊണ്ട ഈ സാമ്രാജ്യം 1206-ൽ ജെങ്കിസ് ഖാൻ ഭരണാധികാരിയായ ശേഷം നടത്തിയ കടന്നാക്രമണങ്ങളിലൂടെ കൂടുതൽ വിസ്തൃതമായി. 1279-ൽ ഏറ്റവുമധികം വിസ്തൃതി പ്രാപിച്ച ഈ സാമ്രാജ്യം ഡാന്യൂബ് മുതൽ ജപ്പാൻ കടൽ വരെയും ആർട്ടിക് മുതൽ കംബോജ വരെയും വ്യാപിച്ചു. അന്ന് 3.3 കോടി ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ടായിരുന്ന (ഭൂമിയുടെ ആകെ കരവിസ്തീർണത്തിന്റെ അഞ്ചിൽ ഒരു ഭാഗം) മംഗോൾ സാമ്രാജ്യത്തിൽ 10 കോടി ജനങ്ങൾ അധിവസിച്ചിരുന്നു. യൂറേഷ്യയുടെ ഭൂരിഭാഗവും ഉൾപ്പെട്ടിരുന്നതിനാൽ ഇതിനെ മംഗോൾ ലോക സാമ്രാജ്യം എന്നും വിശേഷിപ്പിക്കാറുണ്ട്. മംഗോളിയ എന്ന പ്രദേശത്തെ മംഗോൾ, ടർക്കിക് ജനവിഭാഗങ്ങളെ ചെങ്കിസ് ഖാന്റെ നേതൃത്വത്തിൽ ഈ സാമ്രാജ്യം ഏകീകരിച്ചു. 1206-ലാണ് ചെങ്കിസ് ഖാൻ എല്ലാ മംഗോളുകളുടെയും തലവനായി അവരോധിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ സാമ്രാജ്യം വളരെപ്പെട്ടെന്ന് അഭിവൃദ്ധി പ്രാപിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ പിൻഗാമികൾ എല്ലാ വശത്തേയ്ക്കും അധിനിവേശസേനകളെ അയച്ചു. [2][3][4][5][6][7] ഭൂഖണ്ഡമാകെ വ്യാപിച്ച സാമ്രാജ്യം കിഴക്കിനെയും പടിഞ്ഞാറിനെയും തമ്മിൽ ബന്ധിപ്പിക്കുകയും വ്യാപാരവും സാങ്കേതികവിദ്യാ കൈമാറ്റവും ആശയങ്ങളുടെ വ്യാപനവും വർദ്ധിപ്പിച്ച പാക്സ് മംഗോളിക്ക കൊണ്ടുവരുകയും ചെയ്തു.[8][9] മംഗോൾ അധിനിവേശങ്ങൾ ലോകത്തിൽ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടാക്കിയ യുദ്ധങ്ങളിൽ പെടുന്നു. കെ.എസ്. ലാൽ എന്ന ചരിത്രകാരന്റെ കണക്കുകൂട്ടലനുസരിച്ച് ഇന്ത്യൻ ഉപഭൂഘണ്ഡത്തിൽ മാത്രം മംഗോൾ അധിനിവേശത്തിൽ 8 കോടി പേർ മരിക്കുകയുണ്ടായി.[10] ഇറാനിൽ വംശഹത്യയും രോഗങ്ങളും ജലസേചനസംവിധാനങ്ങളുടെ നാശവും മൂലം വൻതോതിൽ കുടിയേറ്റവും ജനസംഖ്യയിൽ കുറവുമുണ്ടാകാൻ കാരണമായി. ഒരു കോടി മുതൽ ഒന്നരക്കോടി വരെ ആൾക്കാർ മരണമടഞ്ഞു എന്നും ഇരുപതാം നൂറ്റാണ്ടുവരെ മംഗോൾ അധിനിവേശത്തിനു മുൻപുള്ള ജനസംഖ്യ ഇറാനിൽ പിന്നീട് ഉണ്ടായിട്ടില്ല എന്നുമാണ് സ്റ്റീവ് ഹാൾ എന്ന ചരിത്രകാരൻ കണക്കാക്കുന്നത്.[11] പിൻതുടർച്ചാവകാശം സംബന്ധിച്ചുള്ള തർക്കങ്ങളും യുദ്ധങ്ങളും മൂലം സാമ്രാജ്യം പലതായി വിഭജിക്കപ്പെട്ടു. ചെങ്കിസ് ഖാന്റെ പുത്രനും പിന്തുടർച്ചാവകാശിയുമായിരുന്ന ഓഗെഡൈ വഴിയാണോ അതോ മറ്റു പുത്രന്മാരായ ടോളൂയി, ചാഗതായ്, ജോച്ചി എന്നിവർ വഴിയാണോ പിന്തുടർച്ച സ്ഥാപിക്കപ്പെടുന്നത് എന്ന വിഷയത്തിന്മേലാണ് ഇദ്ദേഹത്തിന്റെ കൊച്ചുമക്കൾ തമ്മിൽ തർക്കമുണ്ടായത്. ഓഗഡൈയുടെ പിൻഗാമികളെയും ചാഗതായ്‌യുടെ പിൻഗാമികളെയും രക്തരൂക്ഷിതമായ കലാപത്തിലൂടെ ടോളൂയിയുടെ പിൻഗാമികൾ പുറത്താക്കുകയായിരുന്നു. ടോളൂയിയുടെ പിൻഗാമികൾ തമ്മിലും ഇതിനുശേഷം അധികാരത്തർക്കമുണ്ടായി. മോങ്ക്‌കെ ഖാൻ മരിച്ചശേഷം, വിവിധ കുറുൾതായി കൗൺസിലുകൾ ഒരേസമയം വിവിധ പിൻഗാമികളെ തിരഞ്ഞെടുത്തു. ടോളൂയിഡ് ആഭ്യന്തരയുദ്ധത്തിനുശേഷം ആറിക് ബോകെ, കുബ്ലായി ഖാൻ എന്നീ സഹോദരന്മാർ മറ്റുള്ള അധികാരമോഹികളായ പിൻതുടർച്ചക്കാരെ അമർച്ച ചെയ്യുക കൂടാതെ പരസ്പരം യുദ്ധം ചെയ്യുകയും ചെയ്തു.[12][13] അവസാനം കുബ്ലായി അധികാരം പിടിച്ചെടുത്തുവെങ്കിലും ചഗാതായിഡ്, ഓഗെദേയിഡ് കുടുംബങ്ങളെ പൂർണ്ണമായി തോൽപ്പിക്കാനായിരുന്നില്ല. 1260-ലെ ഐൻ ജലൂട്ട് യുദ്ധത്തിനു മുൻപുള്ള സമയമായിരുന്നു മംഗോൾ അധിനിവേശങ്ങളുടെ പരകോടി. യുദ്ധഭൂമിയിൽ ഒരു മംഗോൾ സൈന്യം തോൽപ്പിക്കപ്പെടുന്നത് ആദ്യമായി ഈ യുദ്ധത്തിലായിരുന്നു. മംഗോളുകൾ ലെവന്റ് ഭൂപ്രദേശത്തേയ്ക്ക് പിന്നീട് പലതവണ ആക്രമണം നടത്തുകയും 1299-ലെ വാദി അൽ-ഖസൻദാർ യുദ്ധത്തിലെ വിജയത്തിനുശേഷം ഇവിടം കുറച്ചുനാൾ പിടിച്ചടക്കി ഗാസ വരെ ആക്രമണം നടത്തുകയും ചെയ്തുവെങ്കിലും രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാൽ പിന്നീട് ഇവിടെനിന്ന് പിൻവാങ്ങുകയായിരുന്നു. 1294-ൽ കുബ്ലായി ഖാന്റെ മരണസമയത്ത് മംഗോൾ സാമ്രാജ്യം പല ഖാനേറ്റുകളും സാമ്രാജ്യങ്ങളുമായി ഛിന്നഭിന്നമായി. വടക്കുപടിഞ്ഞാറുള്ള ഗോൾഡൻ ഹോർഡ് ഖാനേറ്റ്; പടിഞ്ഞാറുള്ള ചഗതായി ഖാനേറ്റ്; തെക്കുപടിഞ്ഞാറുള്ള ഇൽഖാനേറ്റ്; ആധുനിക ബൈജിംഗ് ആസ്ഥാനമായിരുന്ന യുവാൻ സാമ്രാജ്യം എന്നീ സാമ്രാജ്യങ്ങൾ സ്വന്തം താല്പര്യങ്ങൾക്കായാണ് പ്രവർത്തിച്ചത്.[14] 1304-ൽ പടിഞ്ഞാറുള്ള മൂന്ന് ഖാനേറ്റുകൾ ഹ്രസ്വകാലത്തേയ്ക്ക് യുവാൻ വംശത്തിന്റെ മേൽക്കോയ്മ അംഗീകരിക്കുകയുണ്ടായി.[15][16] 1368-ൽ മിംഗ് രാജവംശം യുവാൻ രാജവംശത്തെ പുറത്താക്കിയതോടെ മംഗോൾ സാമ്രാജ്യത്തിന് അവസാനമായി. പേര്ഇംഗ്ലീഷിൽ മംഗോൾ എമ്പയർ എന്ന് വിളിക്കുന്ന സംവിധാനത്തെ മംഗോൾ ഭാഷയിൽ ഇഖ് മംഗോൾ ഉൾസ് (ഇഖ്: മഹത്തായ, ഉൾസ്: രാജ്യം; മഹത്തായ മംഗോൾ രാജ്യം) എന്നായിരുന്നു വിളിച്ചിരുന്നത്.[17] 1240 കളിൽ ചെങ്കിസ് ഖാനെ പിൻഗാമിയായിരുന്ന ഗുയുക് ഖാൻ പോപ്പ് ഇന്നസെന്റ് നാലാമന് "മഹത്തായ മംഗോൾ രാജ്യത്തിന്റെ (ഉളുസ്) ദലായ് (മഹത്തായ/സമുദ്രവുമായി ബന്ധപ്പെട്ട) ഖഗാൻ എന്ന പ്രസ്താവനയുള്ള ഒരു കത്തെഴുതുകയുണ്ടായി.[18] കുബ്ലായി ഖാൻ അദ്ദേഹത്തിന്റെ സഹോദരൻ അറിക് ബോകെ എന്നിവർ തമ്മിലുള്ള യുദ്ധത്തിനുശേഷം അറിക് കുബ്ലായ് ഖാന്റെ യഥാർത്ഥ അധികാരം സാമ്രാജ്യത്തിന്റെ കിഴക്കൻ മേഖലയിലേയ്ക്ക് ചുരുക്കുന്നതിൽ വിജയിച്ചു. 1271 ഡിസംബർ 18-ന് രാജ്യത്തിന്റെ പേര് "മഹത്തായ യുവാൻ" (ഡായി യുവാൻ, അല്ലെങ്കിൽ ഡായി ഓൺ ഉളുസ്) എന്നു മാറ്റുകയും യുവാൻ രാജവംശം സ്ഥാപിക്കുകയും ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ഡായി ഓൺ യെഹെ മംഗോൾ ഉളുസ് എന്നായിരുന്നു പൂർണ്ണമായ മംഗോൾ നാമമെന്ന് ചില സ്രോതസ്സുകൾ അവകാശപ്പെടുന്നു.[19] വികാസംജെങ്കിസ് ഖാൻ1206-ൽ ജെങ്കിസ് ഖാൻ എല്ലാ മംഗോളിയരുടേയും അധിപനായി (ഖാൻ). ഉടൻ തന്നെ ചൈനയടക്കം സമീപദേശങ്ങളിലെ ഇതരജനവിഭാഗങ്ങളെ കീഴടക്കാനായി ജെങ്കിസ് പുറപ്പെട്ടു. 1215-ൽ ഖാൻ ബെയ്ജിങ് കീഴടക്കി. തുടർന്ന് പടിഞ്ഞാറുദിക്കിലേക്ക് തിരിഞ്ഞ മംഗോളിയർ 1218-ൽ പാമിർ കടന്ന് അഫ്ഗാനിസ്താനിലെ ബദാഖ്‌ശാനിലേക്ക് കടന്നു[20]. രണ്ടുവർഷങ്ങൾക്കു ശേഷം കൂടുതൽ ശക്തിയാർജ്ജിച്ചെത്തിയ ഇവർ, ഇന്നത്തെ അഫ്ഗാനിസ്താൻ പ്രദേശത്ത് അന്ന് ഭരിച്ചിരുന്ന തുർക്കിക് വംശജനായിരുന്ന രാജാവ്, ഖ്വാറസം ഷാ മുഹമ്മദിനെ മംഗോളിയർ നിഷ്കാസിതനാക്കി. ഇദ്ദേഹം മംഗോളിയരിൽ നിന്നും രക്ഷപ്പെട്ട് ആദ്യം അമു ദര്യക്ക് തെക്കോട്ടും പിന്നീട് പേർഷ്യയിലേക്കും പലായനം ചെയ്തു. ഇവിടെ വച്ച് ഇദ്ദേഹം മരണമടയുകയും ചെയ്തു. 1220-ൽ അമു ദര്യ തടത്തിൽ താവളമടിച്ച് ചെങ്കിസ് ഖാന്റെ തന്റെ ഒരു സൈന്യത്തെ ബദാഖ് ശാൻ പിടിക്കാനയച്ചു. ഇതേ സമയം ചെങ്കിസ് ഖാനും സംഘവും ബൽഖ് ആക്രമിച്ചു. പ്രതിരോധമേതുമില്ലാതെ കീഴടങ്ങിയ ബൽഖ് നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളും മസ്ജിദുകളുമടക്കമുള്ളവയെല്ലാം. ചെങ്കിസ് ഖാൻ തകർത്തു. നഗരവാസികളെ കൂട്ടക്കൊല ചെയ്തു. തുടർന്ന് ഹെറാത്ത് ആക്രമിക്കുന്നതിനും ഒരു സൈന്യത്തെ ചെങ്കിസ് ഖാൻ അയച്ചു. 1221-ൽ ഖ്വാറസം സാമ്രാജ്യത്തിലെ അവസാനത്തെ കണ്ണിയാരുന്ന ജലാലുദ്ദീനെ പിന്തുടർന്ന്, ചെങ്കിസ് ഖാൻ റോബത് ചുരം വഴി ഹിന്ദുകുഷ് മുറിച്ച്കടന്ന് തെക്കുഭാഗത്തേക്കെത്തി. ജലാലുദ്ദീൻ ഈ സമയം ഗസ്നിയിൽ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു. ഈ യാത്രയിൽ ബാമിയാൻ താഴ്വരയിലെ ബുദ്ധകേന്ദ്രവും കുറച്ചു കിഴക്കുള്ള സോഹകിലെ ചെങ്കോട്ടയും ചെങ്കിസ് ഖാൻ തകർത്തു. ജലാലുദ്ദീന്റെ പിന്തുടർന്ന് ഖാൻ, സിന്ധൂതടം വരെ എത്തുകയും തുർക്കികളുടെ അവസാനപോരാട്ടത്തേയും പരാജയപ്പെടുത്തുകയും ചെയ്തു. എങ്കിലും സ്വയം നദി നീന്തിക്കടന്ന് ജലാലുദ്ദീൻ രക്ഷപ്പെട്ടു. ചിതറിക്കിടന്ന് തുർക്കിക് സൈന്യത്തിന്റെ ശേഷിച്ച കേന്ദ്രങ്ങൾ ലക്ഷ്യമാക്കി, മംഗോളിയർ പടിഞ്ഞാറൻ പഞ്ചാബിലെ മുൾത്താൻ വരെ എത്തി. എന്നാൽ ചൂടൻ കാലാവസ്ഥയുടെ വരവിനെ ഭയന്ന മംഗോളിയർ ഇവിടെ വച്ച് പിന്തിരിഞ്ഞു. തിരിച്ച് നദിയുടെ പാതയിൽ വടക്കോട്ട് തിരിച്ച ചെങ്കിസ് ഖാൻ, പെഷവാർ നഗരവും കീഴടക്കി നശിപ്പിച്ചു. 1223-ൽ വീണ്ടും അമു ദര്യക്ക് വടക്കോട്ട് നീങ്ങി.[21] ജെങ്കിസ് ഖാന്റെ പിൻഗാമികൾ1227-ൽ മംഗോളിയയിൽ വച്ച് ജെങ്കിസ് ഖാൻ മരണമടഞ്ഞു. ജെങ്കിസ് ഖാന്റെ മരണശേഷം മംഗോൾ അധീനപ്രദേശങ്ങൾ അദ്ദേഹത്തിന്റെ മക്കൾക്കിടയിൽ വിഭജിക്കപ്പെട്ടു. മൂത്ത പുത്രൻ ജോചി, തന്റെ പിതാവിന് കുറച്ചുകാലം മുൻപേ മരണമടഞ്ഞിരുന്നതിനാൽ പടിഞ്ഞാറൻ സൈബീരിയയും റഷ്യയുമടങ്ങുന്ന ഭാഗം ജോചിയുടെ പുത്രൻ ബാതുവിനാണ് ലഭിച്ചത്. ട്രാൻസോക്ഷ്യാന, ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കുഭാഗം എന്നിവ, ചെങ്കിസ് ഖാന്റെ രണ്ടാമത്തെ പുത്രനായ ചഗതായ്ക്ക് ലഭിച്ചു. ചഗതായ് ഇവിടെ സ്ഥാപിച്ച സാമ്രാജ്യം, ചഗതായ് സാമ്രാജ്യം അഥവാ ചഗതായ് ഖാനേറ്റ് എന്നറിയപ്പെടുന്നു. മൂന്നാമത്തെ പുത്രൻ ഒഗതെയ് ഖാനെ, മഹാഖാൻ ആയി തിരഞ്ഞെടുക്കുകയും തന്റെ പിതാവിനെ പിന്തുടർന്ന് പുതിയ ദേശങ്ങൾ ആക്രമിച്ച് കീഴടക്കുന്നതിന് ചുമതലപ്പെടുത്തി. 1229 മുതൽ 41 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലം. ഇളയമകനായ തോളുയ്, മംഗോൾ സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്ന മംഗോളിയയുടെ അധിപനായി. ഒഗദേയുടേയും അദ്ദേഹത്തിന്റെ രണ്ടു പിൻഗാമികളായ ഗൂയൂക്ക്, മോങ്‌കെ എന്നിവരുടേ കാലത്ത് മംഗോൾ സാമ്രാജ്യം താരതമ്യേന സ്ഥിരത കൈവരിച്ചു. ഇവരുടെ കാലത്ത് ഇറാനിയൻ പീഠഭൂമിയുടെ പല ഭാഗങ്ങളും മംഗോളിയർ സ്വാധീനമുറപ്പിച്ചു.[20]. അവസാനം1259-ൽ മോങ്‌കെയുടെ മരണത്തോടെ അദ്ദേഹത്തിന്റെ സഹോദരന്മാരായ ഖ്വിബിലായ്, അരീഖ്-ബോഖ്വെ എന്നിവർ മംഗോൾ സാമ്രാജ്യത്തിന്റെ ആധിപത്യത്തിനായി പോരടിച്ചു. തുടർന്ന് ഖ്വിബിലായ്, സ്വയം മഹാഖാൻ ആയി പ്രഖ്യാപിച്ചെങ്കിലും ഇയാളുടെ സ്ഥാനം, വ്യാപകമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. മാത്രമല്ല എല്ലാ മംഗോൾ നിയന്ത്രിത പ്രദേശങ്ങളിലും തന്റെ അധികാരം ഉറപ്പിക്കാനും ഖ്വിബിലായ്ക്കു സാധിച്ചില്ല. ചിനയിലും അതിനുവടക്കുള്ള സ്റ്റെപ്പികളിലും ആയിരുന്നു ഖ്വിബിലായുടെ അധികാരകേന്ദ്രങ്ങൾ. എന്നാൽ മോങ്‌കെയുടെ കാലത്തുതന്നെ ഇറാനിലെ ഭരണാധികാരിയായി നിയമിക്കപ്പെട്ട അദ്ദേഹത്തിന്റെ ഹുലേഗു എന്ന മറ്റൊരു സഹോദരൻ ഖ്വിബിലായെ അംഗീകരിച്ചിരുന്നു. ഹുലേഗുവാണ് ഇറാനിലെ ഇൽ ഖാനിദ് സാമ്രാജ്യത്തിന്റെ സ്ഥാപകൻ[20]. 1260-1264 കാലയളവിൽ പിന്തുടർച്ചാവകാശത്തിനു വേണ്ടി നടന്ന യുദ്ധങ്ങളേത്തുടർന്ന് സാമ്രാജ്യം പിളരുവാൻ തുടങ്ങി. ഖ്വിബിലായ് ഖാനെ മഹാഖാനായി അംഗീകരിക്കാൻ തയ്യാറാകാഞ്ഞ സ്വർണ സംഘവും ചഗറ്റായ് ഖാനേറ്റും പരമാർത്ഥത്തിൽ സ്വതന്ത്ര വിഭാഗങ്ങളായി. കുബ്ലൈ ഖാൻ മരിക്കുമ്പോഴേക്കും മംഗോൾ സാമ്രാജ്യം നാല് ഖാനേറ്റുളായി പിളർന്നു. എന്നാൽ ഒരു സാമ്രാജ്യം എന്ന നിലയിൽ മംഗോളുകൾ മുഴുവനും ഏക്യതയോടെശക്തരായി തുടർന്നു. യുവാൻ രാജവംശത്തിലെ ഖാന്മാർ ചൈനയുടെ ചക്രവർത്തിമാരായി ഭരണം നടത്തുകയും അവരുടെ തലസ്ഥാനം കാറക്കോറത്തിൽ നിന്നും ഖാൻബാലിക്കിലേക്ക് (ഇന്നത്തെ ബെയ്ജിങ്) മാറ്റുകയും ചെയ്തു. 1304-ലെ സമാധാന കരാറിനു ശേഷം മറ്റ് ഖാനേറ്റുകൾ ഇവരുടെ അധീശത്വം ചെറിയ അളവിൽ അംഗീകരിക്കുകയും കപ്പം കൊടുക്കുകയും ചെയ്തു. എന്നാൽ മൂന്ന് പടിഞ്ഞാറൻ ഖാനേറ്റുകളും യഥാർത്ഥത്തിൽ സ്വതന്ത്രരാഷ്ട്രങ്ങളെപ്പോലെയായിരുന്നു പ്രവർത്തിച്ചിരുന്നത്. 1368-ൽ ചൈനയിൽ മംഗോളുകളുടെ ഭരണം അവസാനിച്ചു. എന്നാൽ മംഗോളിയയിൽ 17-ആം നൂറ്റാണ്ട് വരെ ജെങ്കിസിദ് ബോർജിഗിൻ രാജവംശം നിലനിന്നു. കുറിപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia