മുസ്‌ലിം വുമൻ (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ മാരേജ്) ആക്റ്റ്, 2019
The Muslim Women (Protection of Rights on Marriage) Act, 2019
An Act to protect the rights of married Muslim women and to prohibit divorce by pronouncing talaq by their husbands and to provide for matters connected therewith or incidental thereto.
മുസ്‌ലിം പുരുഷന്മാർക്ക് തങ്ങളുടെ ഭാര്യമാരെ ഒറ്റയടിക്ക് വിവാഹമോചനം ചെയ്യാനുള്ള മുത്തലാഖ് സംവിധാനത്തെ വിയമവിരുദ്ധമാക്കുകയും അങ്ങനെ ചെയ്യുന്ന ആളെ ക്രിമിനൽ നിയമപ്രകാരം കൈകാര്യം ചെയ്യാനാനുവദിക്കുകയും ചെയ്യുന്ന നിയമമാണ് മുസ്‌ലിം വുമൻ (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ മാരേജ്) ആക്റ്റ്, 2019. 2017 ഓഗസ്റ്റിൽ മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചിരുന്നു[1]. വിഷയത്തിൽ നിയമനിർമ്മാണം നടത്തണമെന്ന് സുപ്രീംകോടതി നടത്തിയ ന്യൂനപക്ഷവിധിയെ അടിസ്ഥാനമാക്കിയാണ് നിയമനിർമ്മാണമെന്ന് ഗവണ്മെന്റ് വാദിക്കുന്നു[2][3].
സുപ്രീം കോടതി വിധിയും ഇന്ത്യയിലെ മുത്തലാഖ് കേസുകളും ഉദ്ധരിച്ചുകൊണ്ട്,[4] 2017 ഡിസംബറിൽ സർക്കാർ ഈ നിയമം ബിൽ ആയി അവതരിപ്പിച്ചു[5]. മുത്തലാഖ്, ഏത് രൂപത്തിലായാലും (വാക്ക്, എഴുത്ത്, അല്ലെങ്കിൽ ഇലക്‌ട്രോണിക് മാർഗങ്ങൾ) നിയമവിരുദ്ധവും അസാധുവും ആക്കാൻ ബിൽ നിർദ്ദേശിച്ചു. മുത്തലാഖ് ചൊല്ലുന്ന ഭർത്താവിന് മൂന്ന് വർഷം വരെ തടവ് ശിക്ഷയും നിയമ ലംഘനത്തിനുള്ള ശിക്ഷയിൽ ഉൾപ്പെടുത്തി[6]. ബിൽ ലോക്‌സഭ അന്ന് പാസാക്കിയെങ്കിലും[7], രാജ്യസഭയിൽ പ്രതിപക്ഷപ്രതിഷേധം കാരണം മുന്നോട്ടുപോകാനായില്ല.[8]
2019 ജൂലൈയിൽ ലോക്‌സഭയും രാജ്യസഭയും ബിൽ വീണ്ടും അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തതോടെ [9][10] ബില്ലിന് ഇന്ത്യൻ രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും നിയമമായി മാറുകയും ചെയ്തു. മുത്തലാഖിന് ഇരയായ സ്ത്രീക്കും തന്റെ കുട്ടികൾക്കും ജീവനാംശം ആവശ്യപ്പെടാനും ഈ നിയമത്തിൽ വകുപ്പ് ഉണ്ട്[11]. 2018 സെപ്റ്റംബർ 19 മുതൽ മുൻകാല പ്രാബല്യത്തിൽ വരുന്നതാണ് ഈ നിയമങ്ങൾ[12].
ശിക്ഷാ നടപടികൾ പരസ്പരവിരുദ്ധവും വിവേചനപരമാണെന്നുമുള്ള വിമർശനങ്ങൾ പല ഭാഗത്ത് നിന്നും ഉയരുകയുണ്ടായി.
വിവിധങ്ങളായ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തലാഖുകൾക്ക് ഈ വിധി ബാധകമല്ല. ഒരു തലാഖ് കഴിഞ്ഞാലും ഒരു വീട്ടിൽ തന്നെ ഭാര്യയും ഭർത്താവും ജീവിക്കണമെന്നും അതിനിടയിൽ രമ്യതയിലെത്തുകയാണെങ്കിൽ ആ തലാഖ് റദ്ദാവുമെന്നുമാണ് ഇസ്‌ലാമിക നിയമം. കാലാവധി കഴിയുകയാണെങ്കിൽ അവരെ വീണ്ടും വിവാഹം കഴിക്കാനും സാധിക്കുന്നതാണ്. ഇങ്ങനെ രണ്ട് പ്രാവശ്യമാണ് തലാഖിനും തിരിച്ചെടുക്കലിനുമുള്ള അവസരങ്ങൾ ഇസ്‌ലാമിക നിയമത്തിൽ ഉള്ളത്. എന്നാൽ മൂന്നാമത്തെ തലാഖോടെ തിരിച്ചെടുക്കാനുള്ള അവസരം നഷ്ടമാവുകയും വിവാഹമോചനം പൂർത്തിയാവുകയും ചെയ്യുന്നു.
ഒരു മുസ്‌ലിം ഭർത്താവ് തന്റെ ഭാര്യയെ വാക്കാലോ ലിഖിതമായോ ഇലക്ട്രോണിക് രൂപത്തിലോ മറ്റേതെങ്കിലും രീതിയിലോ ഒറ്റയടിക്ക് തലാഖ് ചെയ്യുന്നത് അസാധുവും നിയമവിരുദ്ധവുമായിരിക്കും.
തന്റെ ഭാര്യയെ മുത്തലാഖ് ചെയ്യുന്ന ഏതൊരു മുസ്‌ലിം ഭർത്താവിനും മൂന്ന് വർഷം വരെ നീണ്ടുനിൽക്കുന്ന തടവും അതോടൊപ്പം പിഴയും നൽകേണ്ടിവരും.
ഇപ്രകാരം തലാഖ് ചെയ്യപ്പെടുന്ന സ്ത്രീക്ക് തന്റെയും കുട്ടികളുടെയും ചെലവിനായി കോടതി നിശ്ചയിക്കുന്ന തുക പുരുഷൻ നൽകേണ്ടതാണ്.
മുസ്‌ലിം സ്ത്രീക്ക്, മജിസ്ട്രേറ്റ് നിർണ്ണയിക്കുന്ന മുറക്ക് പ്രായപൂർത്തിയാകാത്ത അവരുടെ മക്കളുടെ സംരക്ഷണത്തിന് അർഹതയുണ്ട്.
സ്ത്രീയോ അവരുടെ ബന്ധുക്കളോ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയാണെങ്കിൽ ഈ നിയമം പ്രകാരമുള്ള കുറ്റകൃത്യം രേഖപ്പെടുത്തപ്പെടാവുന്നതാണ്.
ഈ നിയമപ്രകാരം ശിക്ഷാർഹമായ കേസ് മജിസ്ട്രേറ്റിന്റെ അനുവാദവും സ്ത്രീയുടെ സമ്മതവും ഉണ്ടെങ്കിൽ പിൻവലിക്കാവുന്നതാണ്.
പ്രതിയുടെ ജാമ്യാപേക്ഷയിൽ സ്ത്രീയുടെ വാദം കൂടി കേട്ട ശേഷം ജാമ്യത്തിന് അനിവാര്യകാരണങ്ങളുണ്ടെന്ന് ന്യായാധിപന് ബോധ്യപ്പെട്ടാലല്ലാതെ ജാമ്യത്തിനവകാശമില്ല.
ഫലങ്ങൾ
മുത്തലാഖുകളുടെ സാധുത ഇല്ലാതാവുകയും ശിക്ഷാർഹമായി മാറുകയും ചെയ്തതോടെ അവയുടെ എണ്ണം ക്രമാതീതമായി കുറയുകയുണ്ടായി. എന്നാൽ ഇന്ത്യയിൽ സാധാരണമായ ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾ എന്ന യാതനാപൂർണ്ണമായ യാഥാർത്ഥ്യം നിലനിൽക്കുകയാണ്[13][14][15][16]. നിയമപരമായി വിവാഹമോചനം നടക്കാത്തതോടെ മറ്റൊരു വിവാഹം കഴിക്കാൻ പോലും സ്ത്രീകൾക്ക് സാധിക്കാതെ വരുന്നു.
വിമർശനങ്ങൾ
തടവിലാക്കപ്പെടുന്ന ആൾ എങ്ങനെ ജീവനാംശം നൽകുമെന്ന ചോദ്യത്തിന് ഉത്തരം നൽകപ്പെട്ടിട്ടില്ല. മാത്രമല്ല, ഭാര്യയെ ഉപേക്ഷിക്കുന്ന[17] ആൾക്ക് ഇല്ലാത്ത ശിക്ഷ എങ്ങനെ അതേ കാര്യം മുത്തലാഖിലൂടെ ചെയ്യുന്ന ആൾക്ക് ലഭിക്കുന്നു എന്ന വിവേചനവും നിലനിൽക്കുന്നു[18].