റിക്കി പോണ്ടിങ്
ഒരു മുൻ ഓസ്ട്രേലിയൻ ദേശീയ ക്രിക്കറ്റ് താരമാണ് പുണ്ടർ എന്ന പേരിലും അറിയപ്പെടുന്ന റിക്കി തോമസ് പോണ്ടിങ് (ജനനം: ഡിസംബർ 19 1974). 2004 മുതൽ 2011 വരെ ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെയും, 2002 മുതൽ 2011 വരെ ഓസ്ട്രേലിയൻ ഏകദിന ടീമിന്റെയും നായകനായിരുന്നു. ഒരു വലം കൈയ്യൻ ബാറ്റ്സ്മാനായ ഇദ്ദേഹം അപൂർവ്വമായി ബോളും ചെയ്യാറുണ്ട്. സ്ലിപ്പുകളിലും ബാറ്റ്സ്മാനോട് അടുത്ത പൊസിഷനുകളിലും മികച്ച ഫീൽഡർ കൂടിയായിരുന്നു പോണ്ടിംഗ്. ഓസ്ട്രേലിയൻ തദ്ദേശീയ ക്രിക്കറ്റിൽ ടാസ്മാനിയൻ ടൈഗേർസ് എന്ന ടീമിനെയും, ഇന്ത്യൻ പ്രീമിയർ ലീഗിൽ 2008-ൽ കൊൽക്കത്ത നൈറ്റ് റൈഡേർസിനെയും പ്രതിനിധീകരിച്ചിരുന്നു. 2006 ഡിസംബർ 1 ന് അവസാന 50 വർഷത്തിനുള്ളിൽ റാങ്കിങ്ങിൽ ഏറ്റവും ഉയർന്ന പോയിന്റ് ലഭിക്കുന്ന ടെസ്റ്റ് ബാറ്റ്സ്മാനായി പോണ്ടിംഗ് മാറി. ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിലൊരാളായി ഇദ്ദേഹം വിലയിരുത്തപ്പെടുന്നു. 17 വയസ്സും 337 ദിവസവും പ്രായമുള്ളപ്പോൾ ടാസ്മാനിയക്കു വേണ്ടി 1992 നവംബറിൽ കളത്തിലിറങ്ങിയാണ് പോണ്ടിങ്ങ് ക്രിക്കറ്റ് കളിക്കാരനാകുന്നത്. ഇതോടെ ഷീഫീൽഡ് ഫീൽഡ് മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ടാസ്മാനിയക്കാരനായി പോണ്ടിങ്. എങ്കിലും അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ കളിക്കുന്നതിനു പോണ്ടിങ്ങിനു 1995 വരെ കാത്തിരിക്കേണ്ടി വന്നു. 1995-ൽ ന്യൂസിലാൻഡിൽ നടന്ന ഒരു ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ചായിരുന്നു പോണ്ടിങിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. അതിനു ശേഷം കുറച്ചു ദിവസങ്ങൾക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. 1995-ൽ പെർത്തിൽ ശ്രീലങ്കക്കെതിരെ ആയിട്ടായിരുന്നു പോണ്ടിങ്ങിന്റെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം. ആ മത്സരത്തിൽ പോണ്ടിങ് 96 റൺസെടുത്തു. 1999-ന്റെ തുടക്കം വരെ പലതവണ പോണ്ടിങിന് അന്താരാഷ്ട്ര ടീമിൽ നിന്നു ഫോം ഇല്ലാത്തതിന്റെയും, അച്ചടക്കം പാലിക്കാത്തതിന്റെയും പേരിൽ സ്ഥാനം നഷ്ടപ്പെട്ടിരുന്നു.2002-ൽ ഏകദിന ടീം ക്യാപ്റ്റനാകുന്നതു വരെയും 2004-ൽ ടെസ്റ്റ് ടീം ക്യാപ്റ്റനാകുന്നതു വരെയും ഇതു തുടർന്നു. 168 ടെസ്റ്റ് മത്സരങ്ങളും 375 ഏകദിന മത്സരങ്ങളും കളിച്ച ഇദ്ദേഹം തന്നെയാണ് ടെസ്റ്റിലും ഏകദിനത്തിലും ഓസ്ട്രേലിയയുടെ എക്കാലത്തേയും ഉയർന്ന റൺ വേട്ടക്കാരൻ. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ 13,000 റൺസിലധികം നേടുന്ന 3 കളിക്കാരിലൊരാണ് പോണ്ടിംഗ്. വിജയങ്ങളുടെ കണക്കുകളിൽ എക്കാലത്തേയും മികച്ച ക്യാപ്റ്റൻ കൂടിയാണ് അദ്ദേഹം. 2004 മുതൽ 2010 ഡിസംബർ 31 കാലത്തിനിടയിൽ അദ്ദേഹം നയിച്ച 77 ടെസ്റ്റ് മത്സരങ്ങളിൽ 48ഉം വിജയങ്ങളായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 100 വിജയങ്ങളിൽ പങ്കാളിയായ ഒരേയൊരു കളിക്കാരനാണ് റിക്കി പോണ്ടിംഗ്.[1] 2012 നവംബർ 29ന് പോണ്ടിംഗ് തന്റെ വിരമിക്കൽ പ്രഖ്യപിച്ചു. സൗത്താഫ്രിക്കയ്ക്കെതിരെയുള്ള പെർത്ത് ടെസ്റ്റിന്റെ തലേ ദിവസമായിരുന്നു പ്രഖ്യാപനം. അദ്ദേഹത്തിന്റെ 168ആമത്തെ ടെസ്റ്റ് മത്സരമായിരുന്നു അത്.[2] ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങൽ കളിച്ച ഓസ്ട്രേലിയൻ താരമെന്ന പദവി സ്റ്റീവ് വോ യ്ക്കൊപ്പം അദ്ദേഹം പങ്കിടുന്നു.[3][4] 2012 ഡിസംബർ 3 ന് 51.85 ബാറ്റിംഗ് ശരാശരിയോടെ റിക്കി തോമസ് പോണ്ടിംഗ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു.[5] അവലംബം
പുറമെ നിന്നുള്ള കണ്ണികൾRicky Ponting എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia