ലോക്കൽ ഗ്രൂപ്പ് എന്ന താരാപഥ സംഘത്തിലെ ഒരംഗവും അനിയത താരാപഥമായ (irregular galaxy) സെക്സ്റ്റൻസ് എ (Sextans A) 43 ലക്ഷം പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്നു. ചിത്രത്തിൽ മഞ്ഞനിറത്തിൽ വലുതായി പ്രകാശിച്ചു കാണുന്നത് ക്ഷീരപഥത്തിലെ നക്ഷത്രങ്ങളാണ്, അതിനു പിന്നിലായി കാണപ്പെടുന്നതാണ് സെക്സ്റ്റൻസ് എ യിലെ നക്ഷത്രങ്ങൾ. അതിലെ പ്രായം കുറഞ്ഞ നീല നക്ഷത്രങ്ങളുടെ കൂട്ടങ്ങൾ വ്യക്തമായി കാണാം.
സൗരയൂഥം ഉൾപ്പെടുന്ന താരാപഥമായക്ഷീരപഥം അടങ്ങുന്ന താരാപഥങ്ങളുടെ സംഘമാണ് ലോക്കൽ ഗ്രൂപ്പ്. കുള്ളൻ താരാപഥങ്ങൾ ഉൾപ്പെടെ ഈ സംഘത്തിൽ 30 താരാപഥങ്ങളുണ്ട്. ഈ സംഘത്തിന്റെ ഗുരുത്വകേന്ദ്രം ക്ഷീരപഥത്തിന്റേയും ആൻഡ്രോമീഡ താരാപഥത്തിന്റെയും ഇടയിലെവിടെയോ സ്ഥിതി ചെയ്യുന്നു. ലോക്കൽ ഗ്രൂപ്പിലെ താരാപഥങ്ങളെല്ലാം ഒരു കോടി പ്രകാശവർഷം വ്യാസം വരുന്ന ദൂരപരിധിയിൽ സ്ഥിതിചെയ്യുന്നു. യുഗ്മക രൂപമാണിതിനുള്ളത്.[1] ഈ സംഘത്തിന്റെ ആകെ പിണ്ഡം (1.29 ± 0.14)×1012M☉ (സൗരപിണ്ഡങ്ങൾ) ആണെന്ന് കണക്കാക്കപ്പെടുന്നു. വിർഗോ സൂപ്പർക്ലസ്റ്ററിലെ അംഗങ്ങളിൽ ഒന്നാണ് ലോക്കൽ ഗ്രൂപ്പ്.[2]
ഈ സംഘത്തിലെ ഏറ്റവും ഭാരം കൂടിയ അംഗങ്ങളാണ് ക്ഷീരപഥവും ആൻഡ്രോമീഡയും. ഈ രണ്ട് താരാപഥങ്ങൾക്കും അവയുടേതായ ഉപതാരാപഥങ്ങളുടെ വ്യുഹങ്ങളുണ്ട്.
ക്ഷീരപഥത്തിന്റെ ഉപതാരാവ്യൂഹങ്ങൾ
(1) കുള്ളൻ ധനു താരാപഥം (Sagittarius Dwarf Galaxy), (2) വലിയ മഗല്ലെനിക് മേഘം, (3) ചെറിയ മഗല്ലെനിക് മേഘം, (4) കുള്ളൻ ബൃഹച്ഛ്വാനം (Canis Major Dwarf), (5) കുള്ളൻ ലഘുബാലു (Ursa Minor Dwarf), (6) കുള്ളൻ വ്യാളം (Draco Dwarf), (7) കുള്ളൻ ഓരായം (Carina Dwarf), (8) കുള്ളൻ സെക്സ്റ്റന്റ് (Sextans Dwarf), (9) കുള്ളൻ ശില്പി (Sculptor Dwarf), (10) കുള്ളൻ അഗ്നികുണ്ഡം (Fornax Dwarf), (11) ചിങ്ങം I (Leo I), (12) ചിങ്ങം II (Leo II), (13) കുള്ളൻ സപ്തർഷിമണ്ഡലം (Ursa Major Dwarf).
ആൻഡ്രോമീഡയുടെ ഉപതാരവ്യൂഹങ്ങൾ
(1) M32, (2) M110, (3) NGC 147, (4) NGC 185, (5) And I, (6) And II, (7) And III, (8) And IV, (9) And V, (10) ഭാദ്രപദം dSph (Pegasus dSph), (11) കുള്ളൻ കാശ്യപി (Cassiopeia Dwarf), (12) And VIII, (13) And IX, (14) and And X.
ഈ സംഘത്തിലെ മൂന്നാമത്തെ വലിയ താരാപഥമാണ് ത്രിഭുജം താരാപഥം (Triangulum Galaxy). സാധാരണ വലിപ്പത്തിലുള്ള ഒരു സ്പൈറൽ താരാപഥമായ ഇത് ആൻഡ്രോമീഡാ താരാപഥത്തിന്റെ സഹചാരി ആയിരിക്കാവുന്നതാണ്. കുള്ളൻ മീനം (Pisces Dwarf) എന്ന ഉപതാരാപഥം ഇതിനുണ്ട്.
ഈ വലിയ ഉപസംഘങ്ങളിൽ നിന്ന് ഗുരുത്വപരമായി അകന്നു നിൽക്കുന്ന ലോക്കൽ ഗ്രൂപ്പിലെ അംഗങ്ങൾ ഇവയാണ്: (1) IC10, (2) IC1613, (3) ഫീനിക്സ് കുള്ളൻ, (4) ചിങ്ങം എ (Leo A), (5) കുള്ളൻ സാരംഗം (Tucana Dwarf), (6) കുള്ളൻ കേതവസ് (Cetus Dwarf), (7) അനിയത കുള്ളൻ ഭാദ്രപദം (Pegasus Dwarf Irregular), (8) വോൾഫ്-ലൻഡ്മാർക്ക്-മിലോട്ടെ (Wolf-Lundmark-Melotte), (9) കുള്ളൻ കുംഭം (Aquarius Dwarf), (10) അനിയത കുള്ളൻ ധനു (Sagittarius Dwarf Irregular)
സംഘത്തിലെ ഏറ്റവും വലിപ്പം കൂടിയ അംഗം, ബാർഡ് സ്പൈറൽ (barred spiral) താരാപഥം കൂടിയാണെന്ന് അടുത്ത കാലത്ത് മനസ്സിലാക്കി (2006 ൽ). ക്ഷീരപഥത്തേക്കാൾ പിണ്ഡം കുറഞ്ഞതായിരിക്കാം ഇത്.