സി.കെ.പി വിലാസം ഗ്രന്ഥശാല

സി.കെ.പി വിലാസം ഗ്രന്ഥശാല

കൊല്ലം പെരിനാട് സി.കെ.പി. വിലാസം ഗ്രന്ഥശാലയ്ക്ക് 1940-ലാണ് തുടക്കംകുറിച്ചത്. കടവൂർ കെ.മാധവൻ പിള്ളയുടെ നേതൃത്വത്തിൽ കോട്ടയ്ക്കകം എൻ.എസ്.എസ്.കരയോഗം വക ഏഴുസെന്റ് സ്ഥലം ഗ്രന്ഥശാലയ്ക്ക് വിട്ടുനൽകി. അതിൽ മഠത്തിൽ ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ സ്വന്തമായി മന്ദിരം നിർമ്മിച്ച്‌ പ്രവർത്തനം വിപുലീകരിച്ചു. സമുദായോത്തേജകൻ സി. കൃഷ്ണപിള്ളയുടെ നാമധേയത്തിലായിരുന്നു ഗ്രന്ഥശാല തുടങ്ങിയത്.

സമീപകാല പ്രവർത്തനങ്ങൾ

കൊല്ലം എം.പി.യായിരുന്ന പി. രാജന്ദ്രന്റെ 1998-99 വർഷത്തെ പ്രാദേശികവികസനഫണ്ടിൽനിന്ന് അനുവദിച്ച തുകയുപയോഗിച്ച് പുതിയ മന്ദിരം നിർമിച്ചു. ഗ്രന്ഥശാലയുടെ ആദ്യകാല അംഗവും ദീർഘകാലം സെക്രട്ടറിയുമായിരുന്ന ആർ. സോമനാഥൻ പിള്ളയുടെ ഓർമയ്ക്കായി ഗ്രന്ഥശാല നവീകരിച്ച് പ്രവർത്തനം തുടർന്നു. രാജ്യസഭാംഗമായിരുന്ന എം.പി. അച്യുതന്റെ 2011-12ലെ പ്രാദേശികവികസനഫണ്ട് ഉപയോഗിച്ച് ഓഫീസ് മന്ദിരവും മുൻമന്ത്രി ജെ.ചിത്തരഞ്ജന്റെ പേരിലുള്ള കോൺഫറൻസ് ഹാളിന്റെ നിർമാണവും പൂർത്തീകരിച്ചു.

കലാ പരിശീലനവും അവധിക്കാല ക്യാമ്പും

2025 ലെ വേനലവധിക്കാല പരിശീലനത്തിന്റ ഭാഗമായി ചെണ്ട പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന കുട്ടികൾ

എല്ലാ വർഷവും വേനലവധിക്കാലത്ത് കുട്ടികൾക്കായി അവധിക്കാല ക്യാമ്പ് നടത്തി വരുന്നു. ചെണ്ട, ഗിത്താർ തുടങ്ങിയ വാദ്യോപകരണങ്ങളിൽ കുട്ടികൾക്ക് കലാപരിശീലനം നൽകുന്നുണ്ട്.

ഡിജിറ്റൽ ആർക്കൈവ്

മാസികാശേഖരം ഗ്രന്ഥപ്പുര ഡയറക്ടർ ഷിജു അലക്സിന് കൈമാറുന്നു

സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ എ ഗ്രേഡിലുള്ള ഗ്രന്ഥശാലയിൽ വിവിധ ഭാഷകളിലുള്ള 15,000-ൽപ്പരം അമൂല്യഗ്രന്ഥങ്ങളുടെ ശേഖരവുമുണ്ട്. 1930-50 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഗ്രന്ഥശാലയുടെ ശേഖരത്തിലുണ്ട്.

പെരിനാട് സി.കെ.പി വിലാസം ഗ്രന്ഥശാലയും ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനുമായി ചേർന്ന് ഗ്രന്ഥശാലയിലെ അമൂല്യ ഗ്രന്ഥശേഖരത്തിലെ പഴയകാല ആനുകാലികങ്ങളും പുസ്തകങ്ങളും ഡിജിറ്റൈസ് ചെയ്യുന്നു. നൂറു വർഷത്തോളം പഴക്കമുള്ള മാസികകളും ആനുകാലികങ്ങളും ഇക്കൂട്ടത്തിലുണ്ട്. 1929-ൽ കൊല്ലത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാളരാജ്യം, കെ.ബാലകൃഷ്ണന്റെ കൗമുദി ആഴ്ചപ്പതിപ്പ്, ഗുരുനാഥൻ മാസിക, പഴയ കാല വനിതാ മാസിക മഹതി, നവജീവൻ മാസിക, മിതവാദി, പുഞ്ചിരി, എം.എൻ.നായർ മാസിക തുടങ്ങിയവയും [1]ഉണ്ട്.

ഗ്രന്ഥശാലയും ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനുമായി ചേർന്ന് ഗ്രന്ഥശാലാ ശേഖരത്തിലെ അമൂല്യഗ്രന്ഥങ്ങളും പഴയകാല ആനുകാലിക പ്രസിദ്ധീകരണങ്ങളും ഡിജിറ്റൈസ് ചെയ്തു വായനക്കാർക്കെത്തിക്കുന്ന പദ്ധതി 2024 ഒക്ടോബറിൽ ആരംഭിച്ചു.

കൊല്ലം - അഞ്ചാലുംമൂട് റോഡിൽ സി.കെ.പി. ജംഗ്ഷനിലാണ് ഗ്രന്ഥശാല സ്ഥിതി ചെയ്യുന്നത്.

പുരസ്കാരങ്ങൾ

കൊല്ലം ജില്ലയിൽ ഓരോ വർഷവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഗ്രന്ഥശാലകൾക്ക് നൽകുന്ന പുത്തൂർ സോമരാജൻ അവാർഡ് 2023 ൽ കൊല്ലം താലൂക്കിലെ പെരിനാട് സി കെ പി വിലാസം ഗ്രന്ഥശാലക്കായിരുന്നു.

അവലംബം

  1. https://keralakaumudi.com/news/news-amp.php?id=1397959&u=local-news

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya