ഒരു കൂട്ടം എന്ററോവൈറസുകൾ മൂലമുണ്ടാകുന്ന ഒരു സാധാരണ അണുബാധയാണ് ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് (എച്ച്എഫ്എംഡി).[10] ഇത് സാധാരണയായി ഒരു പനിയും പൊതുവെ അസുഖകരമായ തോന്നലുമായി തുടങ്ങുന്നു. [10] ഇതിനെ തുടർന്ന് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം കൈകളിലും കാലുകളിലും വായയിലും ഇടയ്ക്കിടെ നിതംബത്തിലും ഗ്രോയിനിലും പരന്ന നിറവ്യത്യാസമുള്ള പാടുകളോ കുമിളകളോ പ്രത്യക്ഷപ്പെടുന്നു.[1][2][11] രോഗലക്ഷണങ്ങളും അടയാളങ്ങളും സാധാരണയായി വൈറസ് ബാധിച്ച് 3-6 ദിവസങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെടും.[4] ചുണങ്ങ് സാധാരണയായി ഒരാഴ്ചയ്ക്കുള്ളിൽ സ്വയം പരിഹരിക്കപ്പെടും. [5] ഏതാനും ആഴ്‌ചകൾക്കുശേഷം കൈയിലെയും കാലിലെയും നഖങ്ങൾ നഷ്‌ടപ്പെടാം, പക്ഷേ കാലക്രമേണ അവ വീണ്ടും വളരും.[3]
എച്ച്എഫ്എംഡി-ക്ക് കാരണമാകുന്ന വൈറസുകൾ അടുത്ത സമ്പർക്കത്തിലൂടെയും ചുമയിൽ നിന്നും വായുവിലൂടെയും രോഗബാധിതനായ വ്യക്തിയുടെ മലം വഴിയും പടരുന്നു.[8] മലിനമായ വസ്തുക്കളും രോഗം പകർത്തും.[8] കോക്സാക്സിവൈറസ് A16 ആണ് ഏറ്റവും സാധാരണമായ കാരണം, എന്ററോവൈറസ് 71 ആണ് രണ്ടാമത്തെ ഏറ്റവും സാധാരണ കാരണം. [6] കോക്‌സാക്കി വൈറസ്, എന്ററോവൈറസ് എന്നിവയുടെ മറ്റ് സ്ട്രെയിനുകളും രോഗ കാരണമാകാം.[6][12] രോഗലക്ഷണങ്ങൾ ഇല്ലാതെതന്നെ ചിലർക്ക് വൈറസ് ബാധിക്കുകയും പകരുകയും ചെയ്യാം.[10] പകർച്ചക്ക് മറ്റ് മൃഗങ്ങൾ കാരണമാകുന്നില്ല.[8] രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി പലപ്പോഴും രോഗനിർണയം നടത്താം.[7] ആവശ്യമെങ്കിൽ, രോഗ നിർണയത്തിനായി തൊണ്ടയിലെ സ്രവമോ മലം സാമ്പിളോ വൈറസിനായി പരിശോധിക്കാം.[7]
ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് ബാധിതരായ മിക്ക ആളുകളും 7 മുതൽ 10 ദിവസത്തിനുള്ളിൽ സ്വയം സുഖം പ്രാപിക്കുന്നു.[8] മിക്ക കേസുകളിലും പ്രത്യേക ചികിത്സ ആവശ്യമില്ല.[5] ഈ രോഗത്തിന് മാത്രമായുള്ള ആൻറിവൈറൽ മരുന്നുകൾ ലഭ്യമല്ല, പക്ഷേ അവ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. [13][14] പനി, വായ് വ്രണങ്ങൾ എന്നിവയ്‌ക്ക്, ഐബുപ്രോഫെൻ പോലുള്ള ഓവർ-ദി-കൌണ്ടർ വേദന മരുന്നുകൾ ഉപയോഗിക്കാം, എന്നിരുന്നാലും കുട്ടികളിൽ ആസ്പിരിൻ ഒഴിവാക്കണം.[9] 2015 ഡിസംബർ മുതൽ ചൈനയിൽ EV71 വാക്സിൻ എന്നറിയപ്പെടുന്ന ഒരു വാക്സിൻ ലഭ്യമാണ്.[15] രോഗം സാധാരണയായി ഗുരുതരമല്ല. ചിലപ്പോൾ, നിർജ്ജലീകരണം അനുഭവിക്കുന്ന കുട്ടികൾക്ക് ഇൻട്രാവീനസ് ദ്രാവകങ്ങൾ നൽകാറുണ്ട്.[16] വളരെ അപൂർവ്വമായി, വൈറൽ മെനിഞ്ചൈറ്റിസ് അല്ലെങ്കിൽ എൻസെഫലൈറ്റിസ് രോഗത്തെ സങ്കീർണ്ണമാക്കിയേക്കാം.[3] ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് സാധാരണയായി സൗമ്യമായതിനാൽ, ചില അധികാരപരിധികൾ കുട്ടികൾക്ക് പനിയോ അനിയന്ത്രിതമായ വായിൽ വ്രണങ്ങളോ ഇല്ലെങ്കിൽ, കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കും സ്കൂളുകളിലേക്കും പോകുന്നത് തുടരാൻ അനുവദിക്കുന്നു.[8]
ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് ലോകത്തിന്റെ എല്ലാ മേഖലകളിലും സംഭവിക്കുന്നു.[17] നഴ്സറി സ്കൂളുകളിലോ കിന്റർഗാർട്ടനുകളിലോ ചെറിയ ഔട്ട് ബ്രേക്കുകളായി ഇത് പലപ്പോഴും സംഭവിക്കാറുണ്ട്.[1] 1997 മുതൽ ഏഷ്യയിൽ വലിയ രോഗബാധകൾ ഉണ്ടായിട്ടുണ്ട്.[17] ഇത് സാധാരണയായി സ്പ്രിംഗ്, വേനൽ, ശരത്കാല മാസങ്ങളിൽ സംഭവിക്കുന്നു.[17] സാധാരണയായി ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് സംഭവിക്കുന്നത്, എന്നാൽ ചിലപ്പോൾ മുതിർന്നവരിലും ഇത് സംഭവിക്കാം.[1][10] കന്നുകാലികളെ കൂടുതലായി ബാധിക്കുന്ന ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് എന്നും അറിയപ്പെടുന്ന കുളമ്പുരോഗവുമായി എച്ച്എഫ്എംഡിയെ തെറ്റിദ്ധരിക്കരുത്.[18]
അടയാങ്ങളും ലക്ഷണങ്ങളും
പനി, ഓക്കാനം, ഛർദ്ദി, ക്ഷീണം, പൊതുവായ അസ്വാസ്ഥ്യം, വിശപ്പില്ലായ്മ എന്നിവയാണ് എച്ച്എഫ്എംഡിയുടെ പൊതുവായ അടയാളങ്ങളും ലക്ഷണങ്ങളും. പരന്ന നിറവ്യത്യാസമുള്ള പാടുകളുടെയും മുഴകളുടെയും രൂപത്തിൽ ചർമ്മത്തിൽ ലീഷൻ പതിവായി വികസിക്കുന്നു, തുടർന്ന് കൈപ്പത്തികളിലും കാലുകളിലും നിതംബങ്ങളിലും ചിലപ്പോൾ ചുണ്ടുകളിലും കുമിളകളുള്ള വെസിക്കുലാർ വ്രണങ്ങൾ ഉണ്ടാകാം.[19] കുട്ടികൾക്ക് വളരെ അപൂർവമായി മാത്രമേ ചുണങ്ങുകളിൽ ചൊറിച്ചിൽ ഉണ്ടാകൂ,[4] എന്നാൽ മുതിർന്നവർക്ക് നല്ല ചൊറിച്ചിൽ ഉണ്ടാകാം. വേദനാജനകമായ മുഖത്തെ അൾസർ, ബ്ലിസ്റ്റർ, അല്ലെങ്കിൽ ലീഷ്യൻ എന്നിവയും മൂക്കിലും വായിലും ചുറ്റുപാടും വികസിച്ചേക്കാം.[1][20][21] ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് സാധാരണയായി 7-10 ദിവസങ്ങൾക്ക് ശേഷം സ്വയം നിയന്ത്രണ വിധേയമാകുന്നു.[20] രോഗത്തിന്റെ മിക്ക കേസുകളും താരതമ്യേന നിരുപദ്രവകരമാണ്, എന്നാൽ പോളിയോയുടെ ന്യൂറോളജിക്കൽ ലക്ഷണങ്ങളെ അനുകരിക്കുന്ന എൻസെഫലൈറ്റിസ്, മെനിഞ്ചൈറ്റിസ്, പക്ഷാഘാതം എന്നിവ ഉൾപ്പെടെയുള്ള സങ്കീർണതകൾ ഉണ്ടാകാം.[22]
കൈപ്പത്തിയിൽ ചുണങ്ങ്.
36 വയസ്സുള്ള ഒരാളുടെ കൈയിലും കാലിലും ചുണങ്ങ്
ഒരു കുട്ടിയുടെ പാദങ്ങളിൽ ചുണങ്ങ്
രോഗകാരണം
പിക്കോർണവിറിഡേ കുടുംബത്തിൽപ്പെട്ട വൈറസുകളാണ് ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസിന് കാരണമാകുന്നത്. ഏറ്റവും സാധാരണമായ കാരണം കോക്സാക്സിവൈറസ് A16 വൈറസ് ആണ്.[6]എന്റെറോ വൈറസ് 71 (EV-71) ആണ് ഏറ്റവും സാധാരണമായ രണ്ടാമത്തെ കാരണം.[6] കോക്‌സാക്കി വൈറസിന്റെയും എന്ററോവൈറസിന്റെയും മറ്റ് പല സ്‌ട്രെയിനുകളും ഈ രോഗത്തിന് കാരണമാകാം.[6][12]
പകർച്ച
ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് വളരെ പകർച്ചയുള്ള രോഗമാണ്, ഉമിനീർ അല്ലെങ്കിൽ മൂക്കിലെ മ്യൂക്കസ് പോലുള്ള നാസോഫറിംഗൽ സ്രവങ്ങൾ, നേരിട്ടുള്ള സമ്പർക്കം അല്ലെങ്കിൽ റെക്ടൽ- ഓറൽ സംക്രമണം എന്നിവയിലൂടെയാണ് ഇത് പകരുന്നത്. രോഗലക്ഷണങ്ങൾ കുറഞ്ഞതിന് ശേഷവും ദിവസങ്ങൾ മുതൽ ആഴ്ചകൾ വരെ അണുബാധ ഉണ്ടാകാം.[8]
ടോയ്‌ലറ്റ് പരിശീലനം, ഡയപ്പർ മാറ്റങ്ങൾ, കുട്ടികൾ പലപ്പോഴും അവരുടെ കൈകൾ വായിൽ വയ്ക്കുന്നത് എന്നിവ കാരണം എച്ച്എഫ്എംഡിക്ക് ഏറ്റവും സാധാരണമായ ഇടമാണ് ശിശു സംരക്ഷണ കേന്ദ്രങ്ങൾ.[21] മൂക്ക്, തൊണ്ട സ്രവങ്ങളായ ഉമിനീർ, കഫം, മൂക്കിലെ മ്യൂക്കസ്, അതുപോലെ, മലം എന്നിവയിലൂടെ എച്ച്എഫ്എംഡി പകരുന്നു.[23]
രോഗനിർണയം
അടയാളങ്ങളും ലക്ഷണങ്ങളും കൊണ്ട് മാത്രം രോഗനിർണയം നടത്താം.[20] രോഗനിർണയം വ്യക്തമല്ലെങ്കിൽ, കൾച്ചർ വഴി വൈറസ് തിരിച്ചറിയാൻ തൊണ്ടയിലെ സ്രവമോ മലം സാമ്പിളോ എടുക്കാം.[20] സാധാരണ ഇൻകുബേഷൻ കാലയളവ് (അണുബാധയും രോഗലക്ഷണങ്ങളുടെ ആരംഭവും തമ്മിലുള്ള സമയം) മൂന്ന് മുതൽ ആറ് ദിവസം വരെയാണ്.[4] ശിശു ജനസംഖ്യയിൽ രോഗം പകരുന്നത് തടയുന്നതിന് എച്ച്എഫ്എംഡി നേരത്തെ കണ്ടെത്തുന്നത് പ്രധാനമാണ്.[24]
പ്രതിരോധം
രോഗബാധിതരായ വ്യക്തികളുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക (രോഗബാധിതരായ കുട്ടികളെ സ്‌കൂളിൽ വിടാതിരിക്കുന്നത് ഉൾപ്പെടെ), പങ്കിട്ട പാത്രങ്ങൾ ശരിയായി വൃത്തിയാക്കൽ, മലിനമായ പ്രതലങ്ങൾ അണുവിമുക്തമാക്കൽ, ശരിയായ കൈ ശുചിത്വം എന്നിവ പ്രതിരോധ നടപടികളിൽ ഉൾപ്പെടുന്നു. എച്ച്എഫ്എംഡിക്ക് കാരണമായ വൈറസുകളുടെ സംക്രമണം കുറയ്ക്കുന്നതിന് ഈ നടപടികൾ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.[20][25]
കളിസ്ഥലങ്ങളിൽ കൈകഴുകലും പ്രതലങ്ങൾ അണുവിമുക്തമാക്കലും രോഗസംരക്ഷണ ശീലങ്ങളിൽ ഉൾപ്പെടുന്നു.[23] മുലയൂട്ടൽ ഗുരുതരമായ എച്ച്എഫ്എംഡിയുടെ തോത് കുറയ്ക്കുന്നതായി കാണിക്കുന്നു, എന്നിരുന്നാലും ഇത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നില്ല.[23]
വാക്സിൻ
ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് തടയാൻ 2015 ഡിസംബർ മുതൽ ചൈനയിൽ EV71 വാക്സിൻ എന്നറിയപ്പെടുന്ന ഒരു വാക്സിൻ ലഭ്യമാണ്.[26] അമേരിക്കയിൽ നിലവിൽ വാക്സിൻ ലഭ്യമല്ല.[25]
ചികിത്സ
ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് ഒരു വൈറൽ രോഗമായതിനാൽ സാധാരണയായി മരുന്നുകൾ ആവശ്യമില്ല. നിലവിൽ, ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസിന് പ്രത്യേക ചികിത്സയില്ല.[20] ചികിത്സ സാധാരണയായി രോഗലക്ഷണങ്ങളിൽ നിന്ന് ആശ്വാസം കൈവരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വേദനസംഹാരിയായ മരുന്നുകളുടെ ഉപയോഗം കൊണ്ട് വ്രണങ്ങളിൽ നിന്നുള്ള വേദന ലഘൂകരിക്കാനാകും. മുതിർന്ന കുട്ടികൾ, കൗമാരക്കാർ, മുതിർന്നവർ എന്നിവരിൽ അണുബാധ സാധാരണയായി സൗമ്യവും ഏകദേശം 1 ആഴ്ച നീണ്ടുനിൽക്കുന്നതുമാണ്. പനി കുറയ്ക്കുന്ന മരുന്നുകൾ ശരീര താപനില കുറയ്ക്കാൻ സഹായിക്കും.[27]
എൻസെഫലയിറ്റിസ്, മെനിഞ്ചയിറ്റിസ്, അല്ലെങ്കിൽ അക്യൂട്ട് ഫ്ലാസിഡ് പരാലിസിസ് തുടങ്ങിയ സങ്കീർണതകൾ കാരണം ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് ബാധിച്ച ഒരു ന്യൂനപക്ഷത്തിന് ആശുപത്രിയിൽ പ്രവേശനം ആവശ്യമായി വന്നേക്കാം.[12] ഹൃദയത്തിന്റെ വീക്കം, ശ്വാസകോശത്തിലെ ദ്രാവകം അല്ലെങ്കിൽ ശ്വാസകോശത്തിലേക്ക് രക്തസ്രാവം തുടങ്ങിയ ന്യൂറോളജിക്കൽ അല്ലാത്ത സങ്കീർണതകളും ഇതുമൂലം ഉണ്ടാകാം.[12]
സങ്കീർണതകൾ
എച്ച്എഫ്എംഡിക്ക് കാരണമാകുന്ന വൈറൽ അണുബാധകളിൽ നിന്നുള്ള സങ്കീർണതകൾ വിരളമാണ്, എന്നാൽ സങ്കീർണ്ണതകൾ ഉണ്ടെങ്കിൽ ഉടനടി വൈദ്യചികിത്സ ആവശ്യമാണ്. എന്ററോവൈറസ് 71 മൂലമുണ്ടാകുന്ന എച്ച്എഫ്എംഡി അണുബാധകൾക്ക് കോക്‌സാക്കിവൈറസ് എ16 മൂലമുണ്ടാകുന്ന അണുബാധകളേക്കാൾ കൂടുതൽ ഗുരുതരവും മരണം ഉൾപ്പെടെയുള്ള ന്യൂറോളജിക്കൽ അല്ലെങ്കിൽ കാർഡിയാക് സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.[20] വൈറൽ അല്ലെങ്കിൽ അസെപ്റ്റിക് മെനിഞ്ചൈറ്റിസ് അപൂർവ സന്ദർഭങ്ങളിൽ എച്ച്എഫ്എംഡിയിൽ ഉണ്ടാകാം, പനി, തലവേദന, കഴുത്ത് ഞെരുക്കം അല്ലെങ്കിൽ നടുവേദന എന്നിവ ഇതിന്റെ സവിശേഷതയാണ്.[12][20] ഈ അവസ്ഥ സാധാരണയായി സൗമ്യവും ചികിത്സയില്ലാതെ മായ്‌ക്കപ്പെടുന്നതുമാണ്; എന്നിരുന്നാലും, കുറച്ച് സമയത്തേക്ക് ആശുപത്രിയിൽ പ്രവേശനം ആവശ്യമായി വന്നേക്കാം. എച്ച്എഫ്എംഡിയുടെ മറ്റ് ഗുരുതരമായ സങ്കീർണതകളിൽ എൻസെഫലൈറ്റിസ് (മസ്തിഷ്കത്തിന്റെ വീക്കം) അല്ലെങ്കിൽ അപൂർവ സന്ദർഭങ്ങളിൽ ഫ്ലാസഡ് പരാലിസിസ് എന്നിവ ഉൾപ്പെടുന്നു.[19][20]
ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് കഴിഞ്ഞ് 4-8 ആഴ്ചകൾക്കുശേഷം കുട്ടികളിൽ വിരൽനഖവും കാൽവിരലും നശിക്കുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[4] എന്നാൽ രോഗവും റിപ്പോർട്ട് ചെയ്യപ്പെട്ട നഖ നഷ്ടവും തമ്മിലുള്ള ബന്ധം വ്യക്തമല്ല; കൂടാതെ, ഇത് താൽക്കാലികമാണ്, ചികിത്സ കൂടാതെ നഖങ്ങളുടെ വളർച്ച പുനരാരംഭിക്കുന്നു.[4][28]
ഭക്ഷണവും ദ്രാവകവും കഴിക്കുമ്പോൾ അസ്വസ്ഥതയുണ്ടാക്കുന്ന വായ്‌വ്രണങ്ങൾ കാരണം നിർജ്ജലീകരണം പോലുള്ള ചെറിയ സങ്കീർണതകളും ഉണ്ടാകാം.[29]
എപ്പിഡെമിയോളജി
10 വയസ്സിന് താഴെയുള്ള കുട്ടികളിലും[4][20] മിക്കപ്പോഴും 5 വയസ്സിൽ താഴെയുള്ള കുട്ടികളിലുമാണ് ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് ഉണ്ടാകുന്നത്, എന്നാൽ മുതിർന്നവരെയും ഇത് ബാധിക്കാം.[21] സ്പ്രിംഗ്, വേനൽ, ശരത്കാല സീസണുകളിൽ രോഗം പൊട്ടിപ്പുറപ്പെടാറുണ്ട്.[6] ചൂടും ഈർപ്പവും ആണ് ഈ ഋതുക്കളിൽ രോഗപ്പകർച്ച കൂടാൻ കാരണമെന്ന് വിശ്വസിക്കപ്പെടുന്നു.[23] നഗരപ്രദേശങ്ങളേക്കാൾ ഗ്രാമപ്രദേശങ്ങളിൽ ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് കൂടുതൽ സാധാരണമാണ്; എന്നിരുന്നാലും, സാമൂഹിക സാമ്പത്തിക നിലയും ശുചിത്വ നിലവാരവും പരിഗണിക്കേണ്ടതുണ്ട്.[30] ശുചിത്വമില്ലായ്മ എച്ച്എഫ്എംഡിയുടെ ഒരു പ്രധാന അപകട ഘടകമാണ്.
പ്രധാന രോഗ വ്യാപനങ്ങൾ
1997 -ൽ മലേഷ്യയിലെ സരവാക്കിൽ 600 കേസുകൾ ഉണ്ടാകുകയും 30-ലധികം കുട്ടികൾ മരിക്കുകയും ചെയ്തു.[31][32][33][34]
1998 ൽ, തായ്‌വാനിൽ ഒരു രോഗ വ്യാപനം ഉണ്ടായി.[35] ഇതിൽ 405 ഗുരുതരമായ സങ്കീർണതകൾ ഉണ്ടായി, 78 കുട്ടികൾ മരിച്ചു.[36] ആ പകർച്ചവ്യാധിയിലെ ആകെ കേസുകളുടെ എണ്ണം 1.5 ദശലക്ഷം ആണെന്ന് കണക്കാക്കപ്പെടുന്നു.[6]
2008 മാർച്ചിൽ ചൈനയിലെ അൻഹുയിയിലെ ഫുയാങ്ങിൽ ആരംഭിച്ച രോഗ വ്യാപനം മെയ് 13 ആയപ്പോഴേക്കും 25000 രോഗികൾക്കും 42 മരണത്തിനും കാരണമായി.[6] സാമാന്യ വ്യാപനങ്ങൾ സിംഗപ്പൂരിലും (ഏപ്രിൽ 20, 2008 വരെ 2,600 കേസുകൾ), വിയറ്റ്നാമിലും (2,300 കേസുകൾ, 11 മരണങ്ങൾ),[37] മംഗോളിയയിലും (1,600 കേസുകൾ),[38] ബ്രൂണൈയിലും (ജൂൺ-ആഗസ്റ്റ് 2008 മുതൽ 1053 കേസുകൾ) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2009-ൽ ചൈനയുടെ കിഴക്കൻ ഷാൻഡോങ് പ്രവിശ്യയിൽ 2009 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ 17 കുട്ടികളും അയൽ പ്രദേശമായ ഹെനാൻ പ്രവിശ്യയിൽ 18 കുട്ടികളും മരിച്ചു. ജനുവരി മുതൽ ഏപ്രിൽ വരെ ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 115,000 കേസുകളിൽ 773 എണ്ണം ഗുരുതരവും 50 എണ്ണം മരണ കാരകവുമായി.
2010-ൽ ചൈനയിൽ, തെക്കൻ ചൈനയിലെ ഗ്വാങ്‌സി സ്വയംഭരണ മേഖലയിലും ഗ്വാങ്‌ഡോങ്, ഹെനാൻ, ഹെബെയ്, ഷാൻഡോങ് പ്രവിശ്യകളിലും ഒരു രോഗ വ്യാപനം ഉണ്ടായി. മാർച്ച് വരെ 70,756 കുട്ടികൾക്ക് രോഗം ബാധിക്കുകയും 40 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. രോഗത്തിന്റെ ഏറ്റവും ഉയർന്ന സീസണായ ജൂണിൽ 537 പേർ മരിച്ചു.[39]
2011 ജനുവരിക്കും ഒക്‌ടോബറിനും ഇടയിലെ ലോകാരോഗ്യ സംഘടന റിപ്പോർട്ട് പ്രകാരം ചൈനയിലെ കേസുകളുടെ എണ്ണം 2010 ലെ 1,654,866 കേസുകളിൽ നിന്ന് ഏകദേശം 300,000 കുറഞ്ഞു 1,340,259 ആയതായി പറയുന്നു. 2010-ലെ 537 മരണവും ഈ കാലയളവിൽ കുറഞ്ഞ് 437 ആയി. [40]
2011 ഡിസംബറിൽ, കാലിഫോർണിയ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്, കോക്‌സാക്കി വൈറസ് A6 (CVA6) എന്ന വൈറസിന്റെ ശക്തമായ ഒരു രൂപം കണ്ടെത്തി, അവിടെ കുട്ടികളിൽ നഖം നശിക്കുന്നത് സാധാരണമാണ്.[41]
2012-ൽ അമേരിക്കയിലെ അലബാമയിൽ അസാധാരണമായ ഒരു രോഗ വ്യാപനം സംഭവിച്ചു. ഇത് സാധാരണയായി കാണപ്പെടാത്ത ഒരു സീസണിൽ സംഭവിക്കുകയും കൗമാരക്കാരെയും മുതിർന്നവരെയും ബാധിക്കുകയും ചെയ്തു. രോഗം ബാധിച്ച ചിലരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
2012-ൽ കംബോഡിയയിൽ, റിപ്പോർട്ട് ചെയ്യപ്പെട്ട എച്ച്എഫ്എംഡിയുടെ വിറുലന്റ് രൂപമായ ഒരു അജ്ഞാത രോഗം ബാധിച്ച 59-ൽ 52 കുട്ടികൾ മരിച്ചതായി പറയുന്നു.[42][43] രോഗനിർണ്ണയവുമായി ബന്ധപ്പെട്ട് കാര്യമായ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, ലബോറട്ടറി ഫലങ്ങളെ അടിസ്ഥാനമാക്കിയ ലോഗാരോഗ്യസംഘടന റിപ്പോർട്ട് പറയുന്നത്, സാമ്പിളുകളുടെ ഗണ്യമായ അനുപാതം എച്ച്എഫ്എംഡിയുടെ കാരണമായ എന്ററോവൈറസ് 71 (EV-71) ന് പോസിറ്റീവ് ആണെന്ന് ആണ്. (എച്ച്എഫ്എംഡി) EV-71 വൈറസ് ചില രോഗികൾക്കിടയിൽ ഗുരുതരമായ സങ്കീർണതകൾ ഉണ്ടാക്കുന്നതായി അറിയപ്പെടുന്നു.[44]
ചൈനയിൽ 2012 ജൂലൈ അവസാനം വരെ 431 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട വലിയ രോഗ വ്യാപനത്തിൽ 1,520,274 ആളുകളെ എച്ച്എഫ്എംഡി ബാധിച്ചു.[45]
2018 ൽ, മലേഷ്യയിൽ രാജ്യവ്യാപകമായി രോഗം പൊട്ടിപ്പുറപ്പെട്ടതിലൂടെ 50,000-ത്തിലധികം കേസുകൾ സംഭവിച്ചു, രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.[46][47][48]
ഇന്ത്യ 2022
2022 മേയ് 6-ന് കൊല്ലം ജില്ലയിൽടൊമാറ്റോ ഫ്ലൂ അല്ലെങ്കിൽ തക്കാളിപ്പനി എന്നറിയപ്പെടുന്ന ഒരു രോഗം പൊട്ടിപ്പുറപ്പെട്ടു [49] ഈ അസുഖം ഇന്ത്യയിൽ, കേരളത്തിൽ മാത്രം കാണപ്പെടുന്നതാണ്, തക്കാളി പോലെയുള്ള ചുവന്നതും വൃത്താകൃതിയിലുള്ളതുമായ കുമിളകൾ കാരണമാണ് ഈ പേര് ലഭിച്ചത്. [49] ഈ രോഗം വൈറൽ എച്ച്എഫ്എംഡി യുടെ ഒരു പുതിയ വകഭേദമോ അല്ലെങ്കിൽ ചിക്കുൻഗുനിയ അല്ലെങ്കിൽ ഡെങ്കിപ്പനിയുടെ ഫലമോ ആകാം.[49][50][51] ഇതിലെ ഫ്ലൂ എന്നത് തെറ്റായി ഉപയോഗിക്കുന്നതാവാം.[50][52]
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഈ അവസ്ഥ പ്രധാനമായും ബാധിക്കുന്നത്.[49][53]ദി ലാൻസെറ്റിലെ ഒരു ലേഖനത്തിൽ കുമിളകളുടെ രൂപം മങ്കി പോക്സിൽ കാണപ്പെടുന്നതിന് സമാനമാണെന്നും അസുഖം SARS-CoV-2 മായി ബന്ധപ്പെട്ടതായി കരുതുന്നില്ലെന്നും പറയുന്നു. [49] രോഗലക്ഷണങ്ങളും ചികിത്സയും പ്രതിരോധവും എച്ച്എഫ്എംഡിക്ക് സമാനമാണ്.[49]
ചരിത്രം
എച്ച്എഫ്എംഡി കേസുകൾ ആദ്യമായി ക്ലിനിക്കലി വിവരിച്ചത് 1957-ൽ കാനഡയിലും ന്യൂസിലൻഡിലുമാണ്.[20] 1960-ൽ ഒരു ഒരു വലിയ രോഗ വ്യാപനത്തിന് ശേഷം, തോമസ് ഹെൻറി ഫ്ലെവെറ്റ് ഈ രോഗത്തെ "ഹാൻഡ് ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ്" എന്ന് വിളിച്ചു.[54][55]
ഗവേഷണം
എച്ച്എഫ്എംഡിക്ക് കാരണമായ വൈറൽ അണുബാധ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള നോവൽ ആന്റിവൈറൽ ഏജന്റുകൾ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. EV-71 വൈറൽ ക്യാപ്‌സിഡിന്റെ ഇൻഹിബിറ്ററുകൾക്ക് ശക്തമായ ആൻറിവൈറൽ പ്രവർത്തനം ഉണ്ടെന്ന് പ്രാഥമിക പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.[13]
↑Fang, Chih-Yeu; Liu, Chia-Chyi (2018). "Recent development of enterovirus A vaccine candidates for the prevention of hand, foot, and mouth disease". Expert Review of Vaccines. 17 (9): 819–831. doi:10.1080/14760584.2018.1510326. ISSN1744-8395. PMID30095317.
↑Mao, QY; Wang, Y; Bian, L; Xu, M; Liang, Z (May 2016). "EV71 vaccine, a new tool to control outbreaks of hand, foot and mouth disease (HFMD)". Expert Review of Vaccines. 15 (5): 599–606. doi:10.1586/14760584.2016.1138862. PMID26732723.
↑Mao, QY; Wang, Y; Bian, L; Xu, M; Liang, Z (May 2016). "EV71 vaccine, a new tool to control outbreaks of hand, foot and mouth disease (HFMD)". Expert Review of Vaccines. 15 (5): 599–606. doi:10.1586/14760584.2016.1138862. PMID26732723.
↑"Hand, Foot and Mouth Disease". Complications. Centers for Disease Control and Prevention. 2011. Archived from the original on October 17, 2013. Retrieved October 14, 2013.
↑Academy of Medicine (Singapore) (2003). Annals of the Academy of Medicine, Singapore. Academy of Medicine. p. 385. In April 1997, in Sarawak, Malaysia, 600 cases of HFMD were admitted and over 30 children died.
↑"An epidemic of enterovirus 71 infection in Taiwan. Taiwan Enterovirus Epidemic Working Group". N. Engl. J. Med. 341 (13): 929–35. 1999. doi:10.1056/NEJM199909233411301. PMID10498487.
↑"Global Alert and Response (GAR)". Undiagnosed illness in Cambodia-update. World Health Organization. 2012. Archived from the original on October 17, 2013. Retrieved October 16, 2013.
↑Martin Carvalho; Hemananthani Sivanandam; Rahimy Rahim; Loshana K Shagar (August 16, 2018). "Over 50,000 cases of HFMD recorded, virus strain relatively benign". The Star. Retrieved August 29, 2019. Over 50,000 cases of hand, foot and mouth disease (HFMD) stemming from the Coxsackie virus have been reported since the outbreak of the disease.