ദ്വൈതം
ദ്വൈതം വേദാന്ത ദർശനത്തിലെ ഒരു വിഭാഗമാണ്. പ്രപഞ്ചവസ്തുക്കളെയെല്ലാം സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഈശ്വരനും സൃഷ്ടിക്കപ്പെടുന്ന ചരാചരങ്ങൾ ഉൾപ്പെട്ട പ്രപഞ്ചത്തിനും വെവ്വേറെ അസ്തിത്വമുണ്ടെന്ന ചിന്താഗതിയാണ് ദ്വൈതവാദം. ഈ ദർശനത്തിന്റെ ഉപജ്ഞാതാവ് വൈഷ്ണവനായ മധ്വാചാര്യർ ആയിരുന്നു. 13-ആം നൂറ്റാണ്ടിലാണ് ഈ സിദ്ധാന്തം സ്ഥാപിതമായത്. ബ്രഹ്മ സമ്പ്രദായത്തിന്റെ ഭാഗമാണിത്. ഏറ്റവുമധികം പിന്തുണക്കപ്പെടുന്ന, ആദി ശങ്കരന്റെ അദ്വൈത സിദ്ധാന്തത്തിനെ ശക്തമായി എതിർത്ത മധ്വാചാര്യർ, ബ്രഹ്മവും ജീവനും ഭിന്നമെന്നും അഭിന്നമെന്നും ഒരേ സമയം വാദിക്കുന്ന രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതത്തെയും അംഗീകരിച്ചില്ല. ബ്രഹ്മവും ആത്മവും(ജീവനും) തികച്ചും ഭിന്നമെന്നാണ് ദ്വൈത സിദ്ധാന്തം പഠിപ്പിക്കുന്നത്.പ്രശസ്തമായ ഉപനിഷത് വാക്യങ്ങൾക്ക് അദ്വൈത ആശയക്കാരുടേതിൽ നിന്നും വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ മധ്വാചാര്യർ അവതരിപ്പിച്ചു. ഉദാഹരണത്തിനു "ഏകമേവ അദ്വിതീയം" എന്നതിനു അദ്ദേഹത്തിന്റെ വ്യാഖ്യാനം ബ്രഹ്മത്തിനു മേലെയോ സമമായോ മറ്റൊന്നില്ലെന്നുള്ളതാണ്.'തത്വമസി'ക്കു നൽകുന്ന അർത്ഥം ആത്മാവിന് ഈശ്വരനു തുല്യമായ ഗുണങ്ങൾ ഉണ്ടെന്നാകുന്നു[1]. മനുഷ്യർ ക്കും മറ്റു പ്രപഞ്ചവസ്തുക്കൾക്കുമെല്ലാം അതീതമായ ദിവ്യശക്തിയാണ് ഈശ്വരൻ. ആ ശക്തി സ്വന്തം ഇച്ഛാനുസരണം പ്രപഞ്ചത്തിലുള്ള തേജോഗോളങ്ങളും മനുഷ്യരും ഉൾപ്പെട്ട ചരാചരങ്ങളെ സൃഷ്ടിക്കുകയും നിലനിർത്തുകയും സംഹരിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ നിരന്തരം തുടർന്നുകൊിരിക്കുന്നു. പ്രപഞ്ചത്തിൽ ഉള്ള സകലതിന്റെയും നിലനിൽപ് ഈ ശക്തിയുടെ ഇച്ഛയെ ആശ്രയിച്ചിരിക്കുന്നു; പ്രപഞ്ചം ഈ ശക്തിയെ ആശ്രയിച്ചു കഴിയുന്നു. പ്രപഞ്ചവും ആ ശക്തിയുമായി ആശ്രയാശ്രയീഭാവമല്ലാതെ മറ്റൊരു ബന്ധവും ഇല്ല. മനുഷ്യന്റെ ആത്മാവുപോലും ഈ ശക്തിയിൽനിന്നു ഭിന്നമാണ്. ആത്മാവും സൃഷ്ടിക്കപ്പെടുന്ന ഒരു വസ്തുവാണ്. ആത്മാവ് ഈശ്വര നിശ്ചയമനുസരിച്ച് വീണ്ടും ജനിക്കുകയും മരിക്കുകയും ചെയ്യുന്നുവെന്നും പാപപുണ്യങ്ങളുടെ തോതനുസരിച്ച് സ്വർഗത്തിലോ നരകത്തിലോ എത്തിച്ചേരുന്നുവെന്നും ആത്യന്തികമായി മുക്തി പ്രാപിച്ച് ഈശ്വരനിൽ ലയിക്കുന്നുവെന്നും ഉള്ള വിഭിന്ന സിദ്ധാന്തങ്ങൾ ദ്വൈതവാദത്തിനുള്ളിൽ ഉണ്ടായിട്ടുണ്ട് . ഭൗതികവാദികൾ ദ്വൈതവാദത്തെ നിരാകരിച്ചുകൊണ്ട് ഭൗതികപ്രപഞ്ചം മാത്രമേ യാഥാർഥ്യമായുള്ളൂവെന്നും അതും സ്വയം ഉണ്ടായതാണെന്നും സമർഥിക്കുന്നു. അദ്വൈത വാദികളാകട്ടെ ബ്രഹ്മം എന്നൊരു അമൂർത്ത തത്ത്വം മാത്രമേ യാഥാർഥ്യമായി ഉള്ളൂവെന്നും പ്രാപഞ്ചിക വസ്തുക്കളെല്ലാം അയഥാർഥങ്ങളാണെന്നും ആത്മാവ് ബ്രഹ്മത്തിന്റെ ഒരു പ്രതിഭാസമാണെന്നും അഭിപ്രായപ്പെടുന്നു. അവലംബം
|
Portal di Ensiklopedia Dunia