പ്രഹ്ലാദൻ ഗോപാലൻ

പുതിയപുരയിൽ ഗോപാലൻ
കേരള നിയമസഭയിലെ അംഗം
പദവിയിൽ

മുൻഗാമികെ.പി.ആർ. ഗോപാലൻ
പിൻഗാമിമത്തായി മാഞ്ഞൂരാൻ
മണ്ഡലംമാടായി
വ്യക്തിഗത വിവരങ്ങൾ
ജനനം1922
മരണംമേയ് 20, 1969(1969-05-20) (46–47 വയസ്സ്)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
കുട്ടികൾ5
മാതാപിതാക്കൾ
  • ആർ.കുഞ്ഞിരാമൻ (അച്ഛൻ)
  • പി. മാധവിയമ്മ (അമ്മ)
As of നവംബർ 27, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പുതിയപുരയിൽ ഗോപാലൻ എന്ന പ്രഹ്ലാദൻ ഗോപാലൻ (1922-1969 മേയ് 20)[1]. മടായി നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്.

കുടുംബം

കണ്ണൂർ വളപട്ടണം വെസ്റ്റ് എൽ.പി. സ്‌കൂളിന്റെ മാനേജരും അധ്യാപകനുമായിരുന്ന ആർ.കുഞ്ഞിരാമൻ പിതാവും പി. മാധവിയമ്മ മാതാവുമായിരുന്നു. മുൻ കെപിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ ഡിസിസി പ്രസിഡന്റുമായുരുന്ന പി. രാമകൃഷ്ണൻ അദ്ദേഹത്തിന്റെ സഹോദരനാണ്[2]. രാമകൃഷ്ണനെ കൂടാതെ മറ്റ് മൂന്ന് കൂടപ്പിറപ്പുകളും ഇദ്ദേഹത്തിനുണ്ട്. 1938-ൽ തന്റെ 16-ാം വയസ്സിൽ അൺട്രെയിൻഡ് അധ്യാപകനായ ഗോപാലൻ, അക്കാലത്ത് എല്ലാ ശനിയാഴ്ചതോറും നിർബന്ധമായി ചേരുന്ന ഗുരുജനസഭയ്കെതിരായി നടന്ന അധ്യാപകസമരത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പിതാവും മാനേജറുമായിരുന്ന കുഞ്ഞിരാമൻ ഈ സഭാകൂടലിനനുകൂലമായിരുന്നു. സ്കൂളിലെ ജീവനക്കാരുമായി ബന്ധപ്പെട്ട ആ പ്രശ്നത്തിൽ പിതാവിനെതിരെ സമരംചെയ്തതിനാണ് ഗോപാലന് പ്രഹ്ലാദൻ ഗോപാലനെന്നു പേരുവീണത്[3][2].

രാഷ്ട്രീയ ജീവിതം

അച്ഛനെതിരെ സമരം ചെയ്തതിനാൽ വീട്ടിൽ നിന്നും ഇറക്കി വിടപ്പെട്ട അദ്ദേഹം പിന്നീട് ബോംബേയിൽ എത്തിയശേഷം കോൺഗ്രസിൽ പ്രവർത്തിച്ചു തുടങ്ങി. ബോംബെ യൂത്ത് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം 1940-ൽ നാട്ടിൽ തിരിച്ചെത്തുകയും മലയാളികളെ സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ് ഉണ്ടാക്കുകയും ചെയ്തു[3]. പിന്നീട് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭമുൾപ്പടെ നിരവധി സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത അദ്ദേഹം ജയിൽ വാസവും അനുഭവിച്ചിരുന്നു. ജയിലിൽ വൃത്തിഹീനമായ ആഹാരം നൽകുന്നതിൽ പ്രതിഷേധിച്ച് അദ്ദേഹം ജയിലിനുള്ളിലും ഉപവാസം അനുഷ്ഠിച്ചു.

1960-ൽ രണ്ടാം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കെ.പി.അർ. ഗോപാലനെ 216 വോട്ടുകൾക്ക് പരാജയപ്പെടുത്തി അന്നത്തെ ഏറ്റവും വലിയ[3] അട്ടിമറി വിജയം കരസ്ഥമാക്കി[4]. പീച്ചി സംഭവുമായി ബന്ധപ്പെട്ട് പി.ടി. ചാക്കോയുടെ രാജി ആവശ്യപ്പെട്ട് എംഎൽഎ ആയിരുന്ന പ്രഹ്ലാദൻ ഗോപാലൻ നിയമസഭയ്ക്ക് മുന്നിൽ 1964 ജനുവരി 30ന് നിരാഹാര സമരം ആരംഭിച്ചതോടെ 1964 ഫെബ്രുവരി 16ന് ചാക്കോയ്ക്ക് രാജിവയ്ക്കേണ്ടി വന്നു[5]. 1965-ൽ മൂന്നാം കേരളനിയമസഭയിലേക്ക് നടന്ന മത്സരത്തിൽ കെ.പി.ആർ. ഗോപാലനോട് പരാജയപ്പെട്ടു. കണ്ണൂർ ഡി.സി.സി. പ്രസിഡന്റും സേവാദൾ കേരളപ്രദേശ് ബോർഡ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. 1969 മെയ് 20-ന് മലപ്പുറത്തുണ്ടായ വാഹനാപകടത്തിൽ 47-ാം വയസ്സിൽ മരണപ്പെട്ടു.

അവലംബം

  1. "Members - Kerala Legislature". Retrieved 2020-11-28.
  2. 2.0 2.1 ആന്റണി, കെ എ (2019-08-14). "കെ സുധാകരന്റെ ഭക്തർ ശവഘോഷയാത്ര നടത്തിയ പി രാമകൃഷ്ണൻ കോൺഗ്രസ്സിനുള്ളിലെ 'പടയാളി'യായിരുന്നു". Retrieved 2020-11-28.
  3. 3.0 3.1 3.2 എസ്.എൻ.ജയപ്രകാശ്. "പ്രഹ്ലാദൻ എന്നാൽ പോരാട്ടം". Archived from the original on 2020-12-07. Retrieved 2020-11-28.
  4. "Kerala Assembly Election Results in 1960". Retrieved 2020-11-28.
  5. "പീച്ചി മുതൽ സരിത വരെ: കേരളത്തെ പിടിച്ചുകുലുക്കിയ ലൈംഗിക വിവാദങ്ങൾ, സ്മാർത്തവിചാരങ്ങൾ - Azhimukham" (in ഇംഗ്ലീഷ്). Retrieved 2020-11-28.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya