അക്ഷാംശം +50° നും −90° നും ഇടയിൽ ദൃശ്യമാണ് ഡിസംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് അഗ്നികുണ്ഡം (Fornax). ഇതിലെ നക്ഷത്രങ്ങൾ തീരെ പ്രകാശം കുറഞ്ഞവയാണ്. ആകാശ നദിയായ യമുന ഇതിന്റെ പകുതിയോളം ചുററിക്കിടക്കുന്നു. 1756 -ൽ ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ നിക്കോളാസ് നികൊളാസ് ലൂയി ദെ ലകലൈൽ ആണ് ഇതിന് Fornax എന്ന പേര് നൽകിയത്. 88 ആധുനിക നക്ഷത്രസമൂഹങ്ങളിൽ ഒന്നാണ് അഗ്നികുണ്ഡം.
ഏറ്റവും തിളക്കമുള്ള മൂന്ന് നക്ഷത്രങ്ങൾ ചേർന്ന് - ആൽഫ ഫോർനാസിസ്, ബീറ്റ ഫോർനാസിസ്, നു ഫോർനാസിസ് - തെക്ക് അഭിമുഖമായി ഒരു പരന്ന ത്രികോണം ഉണ്ടാക്കുന്നു. ദൃശ്യകാന്തിമാനം 3.91 ഉള്ള ആൽഫ ഫോർനാസിസ് ആണ് അഗ്നികുണ്ഡത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം. ആറ് നക്ഷത്രങ്ങൾക്ക് സൗരയൂഥേതര ഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഫോർനാക്സ് ഡ്വാർഫ് ഗാലക്സി ക്ഷീരപഥത്തിലെ ഒരു ചെറിയ മങ്ങിയ ഉപഗ്രഹ ഗാലക്സിയാണ് . NGC 1316 താരതമ്യേന അടുത്ത റേഡിയോ ഗാലക്സിയാണ് .
398 ചതുരശ്ര ഡിഗ്രി വിസ്തീർണ്ണമുള്ള ഈ നക്ഷത്രരാശിക്ക് വലിപ്പം കൊണ്ട് 41-ാം സ്ഥാനമാണുള്ളത്. ദക്ഷിണാർദ്ധഗോളത്തിലെ ആദ്യ ക്വാഡ്രന്റിലാണ് (SQ1) ഇത് സ്ഥിതി ചെയ്യുന്നത്. ഡിസംബർ മാസത്തിൽ +50° നും -90° നും ഇടയിലുള്ള അക്ഷാംശങ്ങളിൽ ഇതിനെ കാണാൻ കഴിയും.
ചരിത്രം
ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ നികൊളാസ് ലൂയി ദെ ലകലൈൽ തന്റെ ആദ്യകാല കാറ്റലോഗിൽ e Fourneau Chymique (രാസ ചൂള) എന്ന പേരാണ് നൽകിയത്.[1] 1752-ൽ തന്റെ പ്ലാനിസ്ഫിയറിൽ ഇതിന്റെ പേര് ലെ ഫോർനോ എന്ന് ചുരുക്കി.[2][3] ഇതിനിടയിൽ ഗുഡ് ഹോപ്പ് മുനമ്പിൽ രണ്ട് വർഷത്തെ താമസിച്ച് ഏകദേശം 10,000 തെക്കൻ നക്ഷത്രങ്ങളെ നിരീക്ഷിച്ച് പട്ടികപ്പെടുത്തിയിരുന്നു ലകലൈൽ. യൂറോപ്പിൽ നിന്ന് കാണാത്ത ദക്ഷിണാർദ്ധഖഗോളത്തിലെ പതിനാല് പുതിയ നക്ഷത്രസമൂഹങ്ങൾ അദ്ദേഹം പട്ടികപ്പെടുത്തി. 1763ലെ നക്ഷത്ര കാറ്റലോഗിൽ ഈ പേര് ഫോർനാക്സ് ചിമിയേ എന്ന് ലാറ്റിനൈസ് ചെയ്തു.[1]
സവിശേഷതകൾ
യമുന (നക്ഷത്രരാശി) അഗ്നികുണ്ഡത്തിന്റെ കിഴക്ക്, വടക്ക്, തെക്ക് എന്നീ അതിർത്തികൾ പങ്കിടുന്നു. അതേസമയം കേതവസ്, ശിൽപി, അറബിപക്ഷി എന്നിവ യഥാക്രമം വടക്ക്, പടിഞ്ഞാറ്, തെക്ക് അതിർത്തികളിൽ സ്ഥിതിചെയ്യുന്നു. 397.5 ചതുരശ്ര ഡിഗ്രി വിസ്തൃതിയുള്ള ഇത് വലിപ്പം കൊണ്ട് 88 രാശികളിൽ 41-ാം സ്ഥാനത്താണ്.[4] "For" എന്ന ചുരുക്കപ്പേര് 1922-ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ചു.[5] 1930-ൽ ബെൽജിയൻ ജ്യോതിശാസ്ത്രജ്ഞനായ യൂജീൻ ജോസഫ് ഡെൽപോർട്ട് എട്ട് വശങ്ങളുള്ള രൂപത്തിൽ ഇതിന്റെ അതിരുകൾ നിർണ്ണയിച്ചു. ഖഗോളരേഖാംശം 01മ. 45മി. 24.18സെ.നും 03മ. 50മി. 21.34സെ.നും ഇടയിലും അവനമനം -23.76°ക്കും −39.58°ക്കും ഇടയിലാണ് ഇതിന്റെ സ്ഥാനം. 50°N അക്ഷാംശത്തിന് തെക്കുള്ള നിരീക്ഷകർക്ക് അഗ്നികുണ്ഡത്തെ കാണാനാവും.
നക്ഷത്രങ്ങൾ
ദൃശ്യകാന്തിമാനം 6.5-നേക്കാൾ തിളക്കമോ അതിന് തുല്യമോ ആയ 59 നക്ഷത്രങ്ങളുണ്ട്.[4] നാലാമത്തെ കാന്തിമാനത്തേക്കാൾ തിളക്കമുള്ള നക്ഷത്രങ്ങളൊന്നുമില്ല.[6] ഏറ്റവും തിളക്കമുള്ള മൂന്ന് നക്ഷത്രങ്ങൾ ഒരു പരന്ന ത്രികോണം ഉണ്ടാക്കുന്നു, ആൽഫ ഫോർണാസിസും (ഡാലിം[7]), നു ഫോർനാസിസും അതിന്റെ കിഴക്കും പടിഞ്ഞാറും മൂലകളും ബീറ്റ ഫോർനാസിസ് തെക്കെ മൂലയും അടയാളപ്പെടുത്തുന്നു.[8] ജോൺ ഫ്ലാംസ്‌റ്റീഡ് ആദ്യം 12 എറിഡാനി എന്ന് നാമകരണം ചെയ്‌ത നക്ഷത്രത്തെ പുതിയ രാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായി (ആൽഫ ഫോർനാസിസ്) ലാക്കെയ്‌ൽ നാമകരണം ചെയ്‌തു.[1] ചെറിയ അമച്വർ ദൂരദർശിനികൾ ഉപയോഗിച്ച് തിരിച്ചറിയാൻ കഴിയുന്ന ഒരു ദ്വന്ദ്വനക്ഷത്രമാണിത്. ദൃശ്യകാന്തിമാനം 3.91 ഉള്ള പ്രാഥമികനക്ഷത്രം സൂര്യനെക്കാൾ 1.21 മടങ്ങ് പിണ്ഡമുള്ളതാണ്. അതിന്റെ കോറിലെ ഹൈഡ്രജൻ തീർന്ന ശേഷം തണുക്കാനും വികസിക്കാനും തുടങ്ങി. ഇതിന് സൂര്യന്റെ 1.9 മടങ്ങ് വലിപ്പമുണ്ട്. 6.5 കാന്തിമാനമാനമുള്ള ദ്വിതീയ നക്ഷത്രത്തിന് സൂര്യന്റെ 0.78 മടങ്ങ് പിണ്ഡമുണ്ട്. ഇത് എക്സ്-കിരണങ്ങളുടെ ശക്തമായ ഉറവിടമാണ്.[9] ഈ ജോഡി ഭൂമിയിൽ നിന്ന് 46.4 ± 0.3 പ്രകാശവർഷം അകലെയാണ്.[10]
സ്പെക്ട്രൽ തരം G8IIIb ആയ മഞ്ഞനിറത്തിലുള്ള ഒരു ഭീമൻ നക്ഷത്രമാണ് ബീറ്റ ഫോർനാസിസ്. ഇതിന്റെ കാന്തിമാനം 4.5 ആണ്. ഇതിന് സൂര്യന്റെ 11 മടങ്ങ് വലിപ്പമുണ്ട്.[11] ഭൂമിയിൽ നിന്ന് 178 ± 2 പ്രകാശവർഷം അകലെയാണ്.[12] ഇത് യഥാർത്ഥത്തിൽ ഒരു ചുവന്ന ക്ലമ്പ് ഭീമൻ എന്ന വിഭാഗത്തിൽ പെടുന്ന നക്ഷത്രം ആണ്. അതിനർത്ഥം അത് ഹീലിയം ഫ്ലാഷിനു വിധേയമായി, ഇപ്പോൾ അതിന്റെ കാമ്പിൽ ഹീലിയത്തിന്റെ സംയോജനത്തിലൂടെ ഊർജ്ജം ഉത്പാദിപ്പിക്കുന്നു എന്നാണ്.
നു ഫോർണാസിസ് ഭൂമിയിൽ നിന്ന് 370 ± 10 പ്രകാശവർഷം അകലെയാണ്.[10] സൂര്യനേക്കാൾ 3.65 ± 0.18 മടങ്ങ് പിണ്ഡവും 245 മടങ്ങ് പ്രകാശവും 3.2 ഇരട്ടി വ്യാസമുള്ള B9.5IIIspSi എന്ന സ്പെക്ട്രൽ തരത്തിൽ പെട്ട നീല ഭീമൻ നക്ഷത്രമാണിത്.[13] ഇത് 1.89 ദിവസം കൊണ്ട് ഇതിന്റെ കാന്തിമാനത്തിലുള്ള വ്യത്യാസം ഒരു ചക്രം പൂർത്തിയാക്കുന്നു.അതിന്റെ ഭ്രമണ കാലയളവിന് തുല്യമാണ് ഇത്. അന്തരീക്ഷത്തിലെ ലോഹങ്ങളുടെ സമൃദ്ധിയിലെ വ്യത്യാസമാണ് ഈ പ്രകാശവ്യതിയാനത്തിന് കാരണം. ഇത് ആൽഫ2കാനം വെനാറ്റിക്കോറം വേരിയബിൾ എന്നറിയപ്പെടുന്ന ഒരു നക്ഷത്രവിഭാഗത്തിൽ പെടുന്നു.[14][15]
5.89 ദൃശ്യകാന്തിമാനത്തിൽ തിളങ്ങുന്ന എപ്സിലോൺ ഫോർനാസിസ് ഭൂമിയിൽ നിന്ന് 104.4 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു ദ്വന്ദ്വനക്ഷത്ര വ്യവസ്ഥയാണ്.[16] 37 വർഷം കൊണ്ട് അതിന്റെ ഘടക നക്ഷത്രങ്ങൾ പരസ്പരം പരിക്രമണം ചെയ്യുന്നു. പ്രാഥമിക നക്ഷത്രത്തിന് ഏകദേശം 12 ബില്യൺ വർഷം പഴക്കമുണ്ട്. അതിന് സൂര്യന്റെ വ്യാസത്തിന്റെ 2.53 മടങ്ങ് വ്യാസമുണ്ട്. എന്നാൽ സൂര്യന്റെ പിണ്ഡത്തിന്റെ 91% പിണ്ഡം മാത്രമേ അതിന് ഉള്ളൂ.[17] സ്പെക്ട്രൽ തരം B9.5Vഉം കാന്തിമാനം 4.96ഉം ഉള്ള നീല മുഖ്യധാരാ നക്ഷത്രവും സ്പെക്ട്രൽ തരം A7Vഉം കാന്തിമാനം 7.88ഉം ഉള്ള വെളുത്ത മുഖ്യധാരാ നക്ഷത്രവും ചേർന്ന ഒരു ദ്വന്ദ്വനക്ഷത്ര വ്യവസ്ഥയാണ് ഒമേഗ ഫോർനാസിസ്. ഈ സിസ്റ്റം ഭൂമിയിൽ നിന്ന് 470 പ്രകാശവർഷം അകലെയാണ്.[18]
ഒരു മഞ്ഞ ഭീമനും ഒരു ജോടി ചുവന്ന കുള്ളന്മാരും ചേർന്ന ഒരു ട്രിപ്പിൾ സ്റ്റാർ സിസ്റ്റമാണ് കപ്പ ഫോർനാസിസ്.
R ഫോർണാസിസ് ഒരു ദീർഘകാല വേരിയബിളും കാർബൺ നക്ഷത്രവുമാണ്.
LP 944-20 എന്നത് സൂര്യന്റെ ഏകദേശം 7% പിണ്ഡമുള്ള M9 സ്പെക്ട്രൽ തരത്തിൽ പെട്ട തവിട്ട് കുള്ളനാണ്. ഭൂമിയിൽ നിന്ന് ഏകദേശം 21 പ്രകാശവർഷം അകലെ, 18.69 ദൃശ്യകാന്തിമാനമുള്ള ഒരു മങ്ങിയ നക്ഷത്രമാണ് ഇത്.[19] 2007-ൽ പ്രസിദ്ധീകരിച്ച നിരീക്ഷണങ്ങളിൽ LP 944-20ന്റെ അന്തരീക്ഷത്തിൽ ധാരാളം ലിഥിയം അടങ്ങിയിട്ടുണ്ടെന്നും അതിൽ പൊടിപടലങ്ങളുള്ള മേഘങ്ങളുണ്ടെന്നും കാണിക്കുന്നു.[20] ചെറുതും തിളക്കം കുറഞ്ഞതുമായ 2MASS 0243-2453 ഒരു T-ടൈപ്പ് തവിട്ടു കുള്ളൻ ആണ്. 1040-1100 K ഉപരിതല താപനിലയുള്ള ഇതിന് സൂര്യന്റെ പിണ്ഡത്തിന്റെ 2.4% പിണ്ഡമാണുള്ളത്. ഈ നക്ഷത്രത്തിന്റെ വ്യാസം സൂര്യന്റെ വ്യാസത്തിന്റെ 9.2 മുതൽ 10.6% വരെ ഉണ്ട് എന്നു കണക്കാക്കപ്പെടുന്നു. കൂടാതെ 0.4-1.7 ബില്യൺ വർഷം പ്രായമാണ് ഇതിനുള്ളത്.[21]
ഫോർനാക്സിലെ ആറ് നക്ഷത്രങ്ങൾക്ക് ഗ്രഹങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
2009-ൽ ഡോപ്ലർ സ്പെക്ട്രോസ്കോപ്പി വഴി കണ്ടെത്തിയ നെപ്ട്യൂണിനേക്കാൾ പിണ്ഡമുള്ള ഒരു ഗ്രഹമുള്ള ലാംഡ2 ഫോർനാസിസ് സൂര്യന്റെ 1.2 മടങ്ങ് പിണ്ഡമുള്ള നക്ഷത്രമാണ്.[22]
ഭൂമിയിൽ നിന്ന് 151 ± 10 പ്രകാശവർഷം അകലെ സൂര്യന്റെ 78% പിണ്ഡമുള്ള ഓറഞ്ച് കുള്ളനാണ് HD 20868. 380 പരിക്രമണകാലമുള്ള, വ്യാഴത്തിന്റെ പിണ്ഡത്തിന്റെ ഇരട്ടി പിണ്ഡമുള്ള ഒരു ഗ്രഹം ഇതിന് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.[23]
വാസ്പ്-72 സൂര്യന്റെ 1.4 മടങ്ങ് പിണ്ഡമുള്ള ഒരു നക്ഷത്രമാണ്.ഈ മുഖ്യധാരാ നക്ഷത്രത്തിന്റെ വ്യാസം സൂര്യന്റെ വ്യാസത്തിന്റെ ഇരട്ടിയോളമുണ്ട്. പരിക്രമണകാലം 2.2 ദിവസമുള്ള ഗ്രഹത്തിന് വ്യാഴത്തിന്റേതിനു തുല്യമായ പിണ്ഡമുള്ള ഒരു ഗ്രഹമുണ്ട്.[24]
എച്ച്‌ഡി 20781, എച്ച്‌ഡി 20782 എന്നിവ പരസ്പരം ഭ്രമണം ചെയ്യുന്ന ഒരു ജോടി മഞ്ഞ നിറത്തിലുള്ള മുഖ്യധാരാനക്ഷത്രങ്ങളാണ്. ഓരോന്നിനും ഗ്രഹങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
31.3 പാർസെക്കുകൾ അകലെയുള്ള, നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഒരു നക്ഷത്രമാണ് HR 858. 2019 മെയ് മാസത്തിൽ 3 സൗരയൂഥേതരഗ്രഹങ്ങളുണ്ട് എന്ന് കണ്ടെത്തി.
ജ്യോതിശാസ്ത്രവസ്തുക്കൾ
ഹബിൾ അൾട്രാ ഡീപ് ഫീൽഡ്
ഭൂമിയിൽ നിന്ന് 5,00,000 പ്രകാശവർഷം അകലെയുള്ള ഒരു ഗോളീയ താരവ്യൂഹമാണ് NGC 1049. ഇത് ഫോർനാക്സ് ഡ്വാർഫ് ഗാലക്സിയിലാണ്[25]. ഭൂമിയിൽ നിന്ന് ഏകദേശം 1,280 പ്രകാശവർഷം അകലെയുള്ള ഒരു ഗ്രഹ നീഹാരികയാണ് NGC 1360. ഇതിന്റെ കാന്തിമാനം 9.0 ആണ്. ഇതിന്റെ കേന്ദ്ര നക്ഷത്രത്തിന്റെ കാന്തിമാനം 11.4 ആണ്. അയംഗിതിയിലെ പ്രശസ്തമായ [[റിങ് നെബുല
|റിംഗ് നെബുലയുടെ]] 6.5 ആർക്ക് മിനിറ്റിന്റെ അഞ്ചിരട്ടി വലുപ്പമാണിതനുള്ളത്. റിംഗ് നെബുലയിൽ നിന്ന് വ്യത്യസ്തമായി, NGC 1360 വ്യക്തമായും ദീർഘവൃത്താകൃതിയിലാണ്[26].
ഗാലക്സികളുടെ പ്രാദേശിക ഗ്രൂപ്പിന്റെ ഭാഗമായ ഒരു കുള്ളൻ ഗാലക്സിയാണ് ഫോർനാക്സ് ഡ്വാർഫ് ഗാലക്സി. പ്രപഞ്ചത്തിൽ 500,000 പ്രകാശവർഷം താരതമ്യേന ചെറിയ ദൂരമാണെങ്കിലും അമച്വർ ടെലിസ്കോപ്പുകളിൽ ഇത് ദൃശ്യമാകില്ല[28].
ഫോർനാക്സിലെ ഒരു ചെറിയ ഗാലക്സി പ്രവാഹമാണ് ഹെൽമി സ്ട്രീം. ഈ ചെറിയ ഗാലക്സി 6 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ക്ഷീരപഥത്താൽ നശിപ്പിക്കപ്പെട്ടു.
NGC 1097 ഭൂമിയിൽ നിന്ന് ഏകദേശം 450 ലക്ഷം പ്രകാശവർഷം അകലെയുള്ള ഒരു ബാർഡ് സർപ്പിള ഗാലക്സിയാണ്. കാന്തിമാനം 9 ഉള്ള ഇതിനെ ഇടത്തരം അമച്വർ ദൂരദർശിനികൾ ഉപയോഗിച്ച് കാണാനാവും[29] വലിയതോതിൽ വികിരണങ്ങളും അയോണൈസ്ഡ് വാതകങ്ങളും പുറത്തുവിടുകയും കേന്ദ്രത്തിൽ ഒരു സൂപ്പർമാസ്സീവ് ഗാലക്സിയും ഉള്ള ഒരു സെയ്ഫെർട്ട് ഗാലക്സിയാണ് ഇത്.
19 മെഗാപാർസെക്‌സ് (620 ലക്ഷം പ്രകാശവർഷം) അകലെയുള്ള താരാപഥങ്ങളുടെ ഒരു കൂട്ടമാണ് ഫോർനാക്‌സ് ക്ലസ്റ്റർ.[30] 10 കോടി പ്രകാശവർഷങ്ങൾക്കുള്ളിൽ ഏറ്റവും സമ്പന്നമായ രണ്ടാമത്തെ ഗാലക്സി ക്ലസ്റ്ററാണിത്. ഏറ്റവും വലിയത് വിർഗോ ക്ലസ്റ്റർ ആണ്. ഇത് പ്രധാനമായും അഗ്നികുണ്ഡം നക്ഷത്രസമൂഹത്തിലാണ് സ്ഥിതിചെയ്യുന്നത്. അതിന്റെ തെക്കുഭാഗം ഭാഗികമായി എറിഡാനസ് നക്ഷത്രസമൂഹത്തിലേക്ക് കടക്കുന്ന് സ്ഥിതി ചെയ്യുന്നു. കൂടാതെ
ആകാശത്തിന്റെ ഏകദേശം 28 ചതുരശ്രഡിഗ്രി വരെ വിസ്തീർണ്ണം ഉൾക്കൊള്ളുന്നു.[31] ഫോർനാക്സ് ക്ലസ്റ്റർ വലിയ ഫോർനാക്സ് ചുമരിന്റെ ഭാഗമാണ്.[32]
ഭൂമിയിൽ നിന്ന് 560 ലക്ഷം പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു ബാർഡ് സർപ്പിള ഗാലക്സിയാണ് NGC 1365. NGC 1097 പോലെ, ഇത് ഒരു സെയ്ഫെർട്ട് ഗാലക്സിയാണ്. അതിന്റെ ബാർ നക്ഷത്ര രൂപീകരണം നടക്കുന്ന ഭാഗമാണ്. തിളക്കമുള്ള ന്യൂക്ലിയസ് ഒരു സജീവ ഗാലക്‌സി ന്യൂക്ലിയസിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. ബാറിൽ നിന്ന് ദ്രവ്യം ശേഖരിക്കുന്ന അതിബൃഹത്തായ തമോദ്വാരം കേന്ദ്രത്തിൽ ഉണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.[33]ഫോർനാക്സ് ക്ലസ്റ്ററുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ താരാപഥത്തിന്റെ കാന്തിമാനം 10 ആണ്.[29]
കാന്തിമാനം 9 ഉള്ള റേഡിയോ ഗാലക്‌സിയാണ് ഫോർനാക്‌സ് എ.[28] ഭൂമിയിൽ നിന്ന് 62 ദശലക്ഷം പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. ഭൂമിയോട് അടുത്തു കിടക്കുന്ന സജീവ ഗാലക്സികളിലൊന്നാണ് ഫോർനാക്സ് എ. കാമ്പിനടുത്ത് വലിയ തോതിൽ ധൂളീരേഖകളുള്ള ദീർഘവൃത്താകൃതിയിലുള്ള ഗാലക്സിയാണ് ഇത്. മറ്റൊരു വർത്തുള ഗാലക്സിയുമായി അടുത്തിടെ കൂടിച്ചേർന്നതിന്റെ തെളിവായാണ് ഈ ധൂളീരേഖകളെ ജ്യോതിശാസ്ത്രജ്ഞർ വിശദീകരിക്കുന്നത്. റേഡിയോ ലോബുകൾ ഉത്പാദിപ്പിക്കുന്ന ജെറ്റുകൾ പ്രത്യേകിച്ച് ശക്തിയുള്ളവയല്ല. വാം-ഹോട്ട് ഇന്റർ ഗലാക്ടിക് മീഡിയവുമായുള്ള പ്രതിപ്രവർത്തനം മൂലം ലോബുകൾക്ക് കൂടുതൽ വ്യാപിക്കുന്നതും കെട്ടുകളുള്ളതുമായ ഘടന ലഭിച്ചിരിക്കുന്നു.[33] ഈ സവിശേഷ ഗാലക്സിയുമായി ക്ലസ്റ്ററിലെ മുഴുവൻ ഗാലക്സികളും ബന്ധപ്പെട്ടിരിക്കുന്നു.[28]
ഫോർനാക്സ് ക്ലസ്റ്ററിന്റെ കേന്ദ്രത്തിലുള്ള ഒരു ദീർഘവൃത്താകാര താരാപഥമാണ് എൻ.ജി.സി. 1399.[34] ഈ ഗാലക്സി ഭൂമിയിൽ നിന്ന് 660 ലക്ഷം പ്രകാശവർഷം അകലെയാണ്. 1,30,000 പ്രകാശവർഷം വ്യാസമുള്ള ഇത് ഫോർനാക്സ് ക്ലസ്റ്ററിലെ ഏറ്റവും വലിയ ഗാലക്സികളിൽ ഒന്നാണ്. വില്യം ഹെർഷൽ 1835 ഒക്ടോബർ 22നാണ് ഈ ഗാലക്സി കണ്ടെത്തിയത്.
GRB 190114C എന്നത് 4.5 ബില്യൺ പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗാലക്സിയിൽ നിന്നുള്ള ശ്രദ്ധേയമായ ഗാമാ റേ വിസ്ഫോടനമാണ്[42][43][44] ഇത് 2019 ജനുവരിയിൽ ആദ്യം കണ്ടെത്തി.[45][46]ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ മഹാവിസ്ഫോടനത്തിന് ശേഷം പ്രപഞ്ചത്തിലുണ്ടായ ഏറ്റവും വലിയ സ്ഫോടനമാണിത്.[47]
↑ 1.01.11.2Wagman, Morton (2003). Lost Stars: Lost, Missing and Troublesome Stars from the Catalogues of Johannes Bayer, Nicholas Louis de Lacaille, John Flamsteed, and Sundry Others. Blacksburg, Virginia: The McDonald & Woodward Publishing Company. pp. 6–7, 152. ISBN978-0-939923-78-6.
↑Leone, F.; Catanzaro, G.; Malaroda, S. (2000). "A spectroscopic study of the magnetic chemically peculiar star nu Fornacis". Astronomy and Astrophysics. 359: 635–638. Bibcode:2000A&A...359..635L.
↑Samus, N. N.; Durlevich, O. V. (2009). "General Catalogue of Variable Stars". VizieR On-line Data Catalog: B/GCVS. Originally Published in: 2009yCat....102025S. 1. Bibcode:2009yCat....102025S.
↑O’Toole, Simon; Tinney, C. G.; Butler, R. Paul; Jones, Hugh R. A.; Bailey, Jeremy; Carter, Brad D.; Vogt, Steven S.; Laughlin, Gregory; Rivera, Eugenio J. (2009). "A Neptune-mass Planet Orbiting the Nearby G Dwarf HD16417". The Astrophysical Journal. 697 (2): 1263–1268. arXiv:0902.4024. Bibcode:2009ApJ...697.1263O. doi:10.1088/0004-637X/697/2/1263. S2CID16341718.
↑Jordán, A.; Blakeslee, J. P.; Côté, P.; Ferrarese, L.; Infante, L.; Mei, S.; Merritt, D.; Peng, E. W.; et al. (June 2006). "The ACS Fornax Cluster Survey. I. Introduction to the Survey and Data Reduction Procedures". The Astrophysical Journal Supplement Series. 452 (1): 141–153. arXiv:astro-ph/0702320. Bibcode:2007ApJS..169..213J. doi:10.1086/512778. S2CID17845709.
↑Bouwens, R. J.; Oesch, P. A.; Illingworth, G. D.; Labbé, I.; van Dokkum, P. G.; Brammer, G.; Magee, D.; Spitler, L. R.; Franx, M.; Smit, R.; Trenti, M.; Gonzalez, V.; Carollo, C. M. (2013). "Photometric Constraints on the Redshift of z ~ 10 Candidate UDFj-39546284 from Deeper WFC3/IR+ACS+IRAC Observations over the HUDF". The Astrophysical Journal. 765 (1): L16. arXiv:1211.3105. Bibcode:2013ApJ...765L..16B. doi:10.1088/2041-8205/765/1/l16. S2CID118570916.