കേരളത്തിലെ ഒരു നിർദ്ദിഷ്ട ജലവൈദ്യുതപദ്ധതിയാണ് അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി (Athirappilly Hydroelectric project). കേരള സംസ്ഥാന വിദ്യുച്ഛക്തി വകുപ്പ് ആണ് ഈ ഇരട്ടജലപദ്ധതിയുടെ നിർവ്വഹണത്തിനു പദ്ധതി സമർപ്പിച്ചിരിക്കുന്നത്. വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽനിന്നും അഞ്ചു കിലോമീറ്റർ മുകളിലും വാഴച്ചാൽ വെള്ളച്ചാട്ടത്തിന് നാനൂറ് മീറ്റർ മുകളിലുമായി ചാലക്കുടിപ്പുഴയിൽ ആണ് 163 മെഗാവാട്ട് ശേഷിയുള്ള ഒരു ഡാം പണിയാനാണ് പദ്ധതിയിടുന്നത്. 23 മീറ്റർ ഉയരവും 311 മീറ്റർ വീതിയുമുള്ള ഈ ഡാം വന്നാൽ 144 കിലോമീറ്റർ നീളമുള്ള ചാലക്കുടിപ്പുഴയുടെ 60 കിലോമീറ്റർ ഭാഗത്തുവരുന്ന ഏഴാമതു വലിയ ഡാം ആയിരിക്കും. തൊട്ടുമുകളിലുള്ള പൊരിങ്ങൽക്കുത്തു ഡാമിൽ നിന്നും പുറത്തുവിടുന്ന വെള്ളത്തെയാവും ഈ ഡാം പൂർണ്ണമായും ആശ്രയിക്കുന്നത്.[1]
ചരിത്രം
1970 മുതൽ കേരള സംസ്ഥാന വിദ്യുച്ഛക്തി വകുപ്പ് ഇങ്ങനെയൊരു പദ്ധതിക്കായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിൽ നിന്നും അനുമതി ലഭിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തുടക്കം മുതൽ തന്നെ അനുകൂലമായും പ്രതികൂലമായും ധാരാളം ആൾക്കാർ അണിനിരന്ന ഒരു പദ്ധതിയാണിത്.
പദ്ധതിക്ക് അനുകൂലമായി നിൽക്കുന്നവരും അവരുടെ വാദങ്ങളും
പദ്ധതിക്ക് പ്രതികൂലമായി നിൽക്കുന്നവരും അവരുടെ വാദങ്ങളും
[2][3][4]
- പാരിസ്ഥിതികമായി സവിശേഷ പ്രാധാന്യമുള്ള 140 ഹെക്ടർ വനഭൂമി നഷ്ടപ്പെടും
- അപൂർവ്വ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയുടെ നാശം
- വംശനാശഭീഷണി നേരിടുന്നവയുൾപ്പെടെയുള്ള പക്ഷികളുടെ ആവാസകേന്ദ്രത്തിന്റെ നാശം
- കേരളത്തിലവശേഷിക്കുന്ന അവസാനത്തെ താഴ്ന്ന പുഴയോരക്കാടുകളിൽ (Low Elevation Riparian Forests) 28.4 ഹെക്ടർ മുങ്ങിപ്പോകും.
- പറമ്പിക്കുളത്തിനും പൂയംകുട്ടിയ്ക്കുമിടയിലുള്ള ആനത്താരയുടെ ഭാഗം വെള്ളത്തിനടിയിലാകും.
പദ്ധതി പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം തെളിയിക്കുന്ന നിരവധി പഠനങ്ങൾ (വിവിധ സർക്കാർ-സർക്കാരിതര ഏജൻസികൾ നടത്തിയത്) നേരത്തെ തന്നെ നടന്നിട്ടുണ്ട്.
- കാടർ വിഭാഗത്തിലെ രണ്ട് ആദിവാസികൾ കോളനികളിലെ 80-ഓളം കുടുംബങ്ങൾ കുടിയൊഴിയേണ്ടി വരും. പദ്ധതി ഇവരെ ദോഷകരമായി ബാധിക്കുമെന്ന് സംസ്ഥാന ആദിവാസി പുനരധിവാസ കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
- അതിരപ്പിള്ളി-വാഴച്ചാൽ ജലപാതങ്ങളിലൂടെ ഇന്നൊഴുകുന്നതിന്റെ 75%ത്തിലധികം വെള്ളം ടണൽ വഴി തിരിച്ചുവിടുമെന്നും ആ വെള്ളം ജലപാതങ്ങൾക്ക് നഷ്ടമാകുമെന്നും പദ്ധതിരേഖകൾ (DPR-Detailed Project Report-2003) വ്യക്തമാക്കുന്നു. (ഈ പദ്ധതിരേഖ പൂർണ്ണമായി ജനങ്ങൾക്ക് മുന്നിൽവെയ്ക്കാൻ ഇന്ന് വരെ കെ എസ് ഇ ബി തയ്യാറായിട്ടില്ല). വേനൽക്കാലങ്ങളിലും ജലപാതങ്ങളിലൂടെ ഇന്നൊഴുകുന്നതിൽ പകുതിയോളം വെള്ളം തിരിച്ചുവിടുമെന്ന് വൈദ്യുതി ബോർഡിന്റെ രേഖകൾ തെളിയിക്കുന്നു.
- പദ്ധതി നടപ്പായാൽ മഴക്കാലമൊഴികെ ദിവസത്തിൽ 20 മണിക്കൂറിലധികം കേവലം 7.65 m3/sec (സെക്കന്റിൽ 7650 ലിറ്റർ) ആയിരിക്കും പുഴയിലെ നീരൊഴുക്കെന്ന് പദ്ധതിരേഖകൾ വ്യക്തമാക്കുന്നു. ഈ ചുരുങ്ങിയ നീരൊഴുക്ക് ഉപയോഗിച്ച് തുമ്പൂർമുഴി ജലസേചനപദ്ധതിയിൽ നിന്നും (ചാലക്കുടി റിവർ ഡൈവേർഷൻ സ്കീം) ഉള്ള ജലസേചനം സാധ്യമാകില്ല. തൃശൂർ, എറണാകുളം ജില്ലകളിലെ 20-ഓളം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ 14,000 ഹെക്ടർ സ്ഥലത്തെ ജലസേചനത്തെയും ഈ പ്രദേശങ്ങളിലെ ലക്ഷക്കണക്കിനാളുകളുടെ കുടിവെള്ളലഭ്യതയെയും ഇത് ദോഷകരമായി ബാധിക്കും.
- അതിരപ്പിളളി പദ്ധതി നടപ്പാക്കിയാൽ നിലവിൽ വർഷക്കാലത്ത് പെരിങ്ങൽക്കുത്ത് ജലസംഭരണിയിൽ നിന്നും പ്രളയജലത്തിൽ ഒരു ഭാഗം ഇടമലയാറിലേയ്ക്ക് തിരിച്ചുവിടുന്ന ഇടമലയാർ ഓഗ്മെന്റേഷൻ സ്കീം നിർത്തലാക്കുമെന്ന് വൈദ്യുതി ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇടമലയാറിലെ വൈദ്യുതോല്പാദനത്തിൽ ശരാശരി 60 ദശലക്ഷം യൂണിറ്റിന്റെ കുറവുണ്ടാകും (പ്രധാനമായും വേനൽക്കാലത്ത്). പെരിയാറിലെ വേനൽക്കാല ജലലഭ്യതയിൽ ശരാശരി 250 ദശലക്ഷം ഘനമീറ്ററിന്റെ കുറവുണ്ടാകും. ഇത് കൊച്ചി നഗരമുൾപ്പെടെയുള്ള പ്രദേശങ്ങളിലെ കുടിവെള്ളലഭ്യതയെയും ഏലൂർ, എടയാർ മേഖലയിലെ വ്യവസായങ്ങളുടെ ജലലഭ്യതയെയും ദോഷകരമായി ബാധിക്കും.
- 1987 മുതൽ 2006 വരെ 20 വർഷത്തെ പെരിങ്ങൽക്കുത്തിലെ ഓരോ ദിവസത്തെയും നീരൊഴുക്ക് പരിശോധിച്ചതിൽ നിന്നും അതിരപ്പിള്ളി പദ്ധതിയിൽ നിന്നും ശരാശരി 150-170 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ലഭിക്കുക എന്ന് വ്യക്തമായിരിക്കുന്നു. (കേന്ദ്രവൈദ്യുതി അതോറിറ്റി കണക്കാക്കിയ 233 മെഗായൂണിറ്റിൽ നിന്നും ഇടമലയാറിലെ കുറവ് 60 മെഗായൂണിറ്റ് കുറച്ചാൽ കിട്ടുന്നത് 173 ദശലക്ഷം യൂണിറ്റാണ്). ഇത് പദ്ധതിയുടെ സ്ഥാപിതശേഷിയുടെ (163 മെഗാവാട്ട്) 12 ശതമാനത്തിൽ താഴെ മാത്രമാണ്.
- അതിരപ്പിള്ളി പദ്ധതിയ്ക്ക് ഏറ്റവും ചുരുങ്ങിയത് 1000-1500 കോടി രൂപ വേണ്ടി വരും. ഇവിടെ നിന്നുമുല്പാദിപ്പിക്കുന്ന വൈദ്യുതിയ്ക്ക് പാരിസ്ഥിതിക-സാമൂഹിക നഷ്ടങ്ങളുടെ മൂല്യം കണക്കാക്കാതെ തന്നെ യൂണിറ്റിന് 10 രൂപയിലധികമായിരിക്കും. (ഇവിടെ നിന്നുള്ള വൈദ്യുതോല്പാദനത്തിൽ 85 ശതമാനവും നടക്കുന്ന മഴക്കാലത്ത് യൂണിറ്റിന് 5 രൂപയിൽ താഴെ പുറമെ നിന്നും വൈദ്യുതി ലഭ്യമാണ്.)
അതിരപ്പിള്ളി പദ്ധതിപ്രദേശത്തുള്ള വംശനാശഭീഷണിയുള്ള ജീവിവർഗങ്ങൾ
ഈ പ്രദേശത്തെ വനമേഖല ധാരാളം തദ്ദേശീയവും വംശനാശം അഭിമുഖീകരിക്കുന്നതുമായ ജന്തുസസ്യങ്ങളാൽ സമ്പന്നമാണ്.
വംശനാശഭീഷണി നേരിടുന്നതും അതിരപ്പിള്ളി വാഴച്ചാൽ വനമേഖലയിൽ കാണപ്പെടുന്നതുമായ തദ്ദേശീയ മൽസ്യയിനങ്ങൾ[5]
അവലംബം
പുറത്തേക്കുള്ള കണ്ണികൾ