എം.ടി. വാസുദേവൻ നായർ
ബാല്യവും വിദ്യാഭ്യാസവുംപുന്നയൂർക്കുളത്തുക്കാരനായ ടി നാരായണൻ നായരുടെയും കുമരല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായി പാലക്കാട് ജില്ലയുടെ വടക്ക് പടിഞ്ഞാറൻ അറ്റത്തുള്ള പട്ടാമ്പി താലൂക്കിലെ ആനക്കര പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമായ കുമരല്ലൂരിലാണ് 1933-ൽ വാസുദേവൻ ജനിച്ചത്. അദ്ദേഹത്തിൻ്റെ ജന്മദേശം പഴയ മദ്രാസ് പ്രസിഡൻസിയിൽ മലബാർ ജില്ലയുടെ കീഴിലായിരുന്നു. മാതാപിതാക്കളുടെ നാല് മക്കളിൽ ഇളയവനായിരുന്നു അദ്ദേഹം തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്. എം.ടി.യുടെ അച്ഛൻ ജോലി സംബന്ധമായി സിലോണിലായിരുന്നു. അവിടെ അദ്ദേഹത്തിന് മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടായിരുന്നു. സിലോണിൽ നിന്നും മടങ്ങി വരുന്ന അച്ഛൻ ഒരു പെൺ കുട്ടിയെ കൊണ്ടു വരുന്ന കഥ നിന്റെ ഓർമ്മയ്ക്ക് എന്ന കൃതിയിൽ അദ്ദേഹം പറയുന്നു. ഈ പെൺകുട്ടി ആരെന്ന് എം.ടി പറയുന്നില്ലെങ്കിലും എം.ടിയുടെ അച്ഛന് പ്രഭാകരൻ എന്നൊരു മകൻ സിലോണിലെ ഭാര്യയിൽ ഉണ്ടെന്ന് പറയപ്പെടുന്നു.[4] ![]() കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് അദ്ദേഹം വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1953 ൽ പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് ബിരുദം നേടി. ഒരു ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് രസതന്ത്രമായിരുന്നു ഐച്ഛിക വിഷയമായിട്ടെടുത്തത്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഒന്ന് രണ്ട് വിദ്യാലയങ്ങളിൽ അധ്യാപകനായി ജോലി ചെയ്തു. 1954ൽ പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിലും പിന്നീട് ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും അധ്യാപകനായി. രണ്ടിടത്തും കണക്കാണ് പഠിപ്പിച്ചിരുന്നത്. 1955-56 കാലത്ത് പാലക്കാട് എം.ബി. ട്യൂട്ടോറിയലിൽ അധ്യാപകനായും ജോലിനോക്കി. ഇതിനിടയിൽ തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾക്കകം രാജിവെച്ച് എം.ബി.യിൽ തിരിച്ചെത്തി. തുടർന്ന് 1957 ൽ മാതൃഭൂമിയിൽ സബ് എഡിറ്ററായി ജോലിയ്ക്ക് ചേർന്നു. ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോടായിരുന്നു.[5] വ്യക്തി ജീവിതംഎം.ടി രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്. 1965ൽ എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയെ അദ്ദേഹം വിവാഹം കഴിച്ചു. കോഴിക്കോട്ടെ എംബി ട്യൂട്ടോറിയൽസിൽ ഒരേ കാലത്ത് അധ്യാപകരായിരുന്നു എംടിയും പ്രമീളയും. എംടിയെക്കാൾ മൂന്നു വയസ്സോളം കൂടുതലുണ്ടായിരുന്നു പ്രമീളയ്ക്ക്. എംടിയെ ഇംഗ്ലിഷ് വായനക്കാർക്കു പരിചയപ്പെടുത്തിയതിൽ പ്രമീളയുടെ വിവർത്തനങ്ങൾക്കു വലിയ പങ്കുണ്ട്. ‘മഞ്ഞ്’ നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ വിവർത്തനസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായി കരുതുന്നവരുണ്ട്. എംടിയുടെ നിർമാല്യം (തിരക്കഥ), നിന്റെ ഓർമയ്ക്ക്, ബന്ധനം, അയൽക്കാർ, വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’, ‘മതിലുകൾ’, ടി.ദാമോദരന്റെ 1921 (തിരക്കഥ), പി.വി.തമ്പിയുടെ ‘കൃഷ്ണപ്പരുന്ത്’ തുടങ്ങിയവയും പ്രമീള ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തിരുന്നു. പിന്നീട് മകൾ സിത്താരയെ നൃത്തം പഠിപ്പിക്കാൻ വീട്ടിൽ എത്തിയിരുന്ന പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയുമായി എം.ടി. പ്രണയത്തിലായതോടെ ആദ്യ വിവാഹബന്ധത്തിന് വിരാമമായി. 11 വർഷത്തെ ദാമ്പത്യത്തിന് ശേഷം അവർ വേർപിരിഞ്ഞു.[6] ഈ വിവാഹത്തിലുള്ള അദ്ദേഹത്തിന്റെ മകൾ സിത്താര ഭർത്താവിനൊപ്പം അമേരിക്കൻ ഐക്യനാടുകളിൽ ബിസിനസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നു.[7] എംടിയുമായുള്ള ബന്ധം പിരിഞ്ഞ ശേഷം പ്രമീള ദീർഘകാലം മകൾ സിതാരയ്‌ക്കൊപ്പം അമേരിക്കയിലായിരുന്നു. പിന്നീട് രോഗബാധിതയായി നീണ്ടകാലം ചികിത്സയിൽ കഴിഞ്ഞ പ്രമീള കോഴിക്കോട് നടക്കാവിൽ ക്രിസ്ത്യൻ കോളജിനു സമീപത്തെ വീട്ടിലായിരുന്നു അവസാനകാലം ചിലവഴിച്ചിരുന്നത്. 1999 നവംബർ 10നു പ്രമേഹം മൂർച്ഛിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവച്ച് മരിച്ചു.[8] 1977ൽ പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയെ[9] വിവാഹം കഴിച്ച അദ്ദേഹത്തിന് അവരിൽ അശ്വതി നായർ (നർത്തകി) എന്ന മകളുണ്ട്.[10][11][12] അവസാന കാലത്ത് മൂത്ത മകളുടെ പേരിലുള്ള കോഴിക്കോട് കൊട്ടാരം റോഡിലെ സിത്താരയിലായിരുന്നു എം.ടി. താമസിച്ചിരുന്നത്.[13][14] മരണംശ്വാസതടസ്സവും പിന്നീട് ഹൃദയസ്തംഭനവും ഉണ്ടായതിനെ തുടർന്ന് ഡിസംബർ 15 മുതൽ എം.ടി. ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ഡിസംബർ 25 ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി സംസ്ഥാന സർക്കാർ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. എംടിയുടെ ആഗ്രഹപ്രകാരം, മരണാനന്തര ചടങ്ങുകളും ആദരവ് അർപ്പിക്കലും മറ്റും അദ്ദേഹത്തിൻ്റെ വീടായ സിത്താരയിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. മകൾ അശ്വതി, മരുമക്കളായ ടി സതീശൻ, എം ടി രാമകൃഷ്ണൻ, ബന്ധുക്കളായ മോഹൻ നായർ, ദീപു മോഹൻ എന്നിവരുടെ നേതൃത്വത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തി. മൂത്ത മകൾ സിത്താരയും കുടുംബവും മരണാനന്തര ചടങ്ങുകളിൽ സന്നിഹിതരായിരുന്നില്ല. രചനകൾസ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി. കോളേജ് കാലത്ത് തന്നെ ജയകേരളം മാസികയിൽ കഥകൾ അച്ചടിച്ച് വന്നിരുന്നു. വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്. ’പാതിരാവും പകൽവെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട്’ആണ് (1958). ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈ മേഖലയിൽ ദേശീയപുരസ്കാരം ലഭിച്ചു. ഇതുകൂടാതെ ‘കാലം’(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ‘രണ്ടാമൂഴം’ (1985-വയലാർ അവാർഡ്)[15], വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നീ കൃതികൾക്കും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടു്. കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയപുരസ്കാരം ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കുന്നതിന് വേണ്ടിയുള്ള തിരക്കഥ രചനയും മറ്റും നടത്തിയെങ്കിലും സംവിധാനം ചെയ്യാമെന്നേറ്റ ശ്രീകുമാർ മേനോനുമായുള്ള കോടതി വ്യവഹാരത്തിൽ പദ്ധതി നിർത്തി വെച്ചിരിക്കുകയാണ് മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 2005-ൽ പത്മഭൂഷൺ നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. കർമ്മ മണ്ഡലങ്ങൾ![]() മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ[16], കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1999 -ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു. 1993 ജനുവരി 23 മുതൽ തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.[17] എം.ടി.വാസുദേവൻനായർ എന്ന സാഹിത്യകാരൻ ഒരു പരിസ്ഥിതിവാദി കൂടിയാണ്. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന വാസുദേവൻ നായർ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.നിർമ്മാല്യം സാമൂഹിക പ്രാധാന്യമുള്ള കൃതിയാണ്. പുരസ്കാരങ്ങൾ1995-ൽ ഭാരതത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. ക്ക് ലഭിച്ചു. 2005-ൽ എം. ടി. യെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് നൽകി.[18] പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരളസംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌ക്കാരമായ പ്രഥമ കേരളജ്യോതി പുരസ്‌ക്കാരം എം ടിക്ക് ലഭിച്ചു. [19] മറ്റു പുരസ്കാരങ്ങൾ
പ്രധാന കൃതികൾനോവലുകൾ
കഥകൾ
തിരക്കഥകൾ![]()
ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും
മറ്റുകൃതികൾഗോപുരനടയിൽ എന്ന നാടകവും കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്‌വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും, , ജാലകങ്ങളും കവാടങ്ങളും, വൻകടലിലെ തുഴവള്ളക്കാർ, അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി, രമണീയം ഒരു കാലം ആൾക്കൂട്ടത്തിൽ തനിയെ, മനുഷ്യർ നിഴലുകൾ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികൾ. ചിത്രങ്ങൾ
കുറിപ്പുകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾM. T. Vasudevan Nair എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia