തുലാത്തുമ്പി
![]() ![]() ലോകത്തെല്ലായിടത്തുംതന്നെ കാണപ്പെടുന്ന ഒരിനം കല്ലൻ തുമ്പിയാണ് തുലാത്തുമ്പി (ശാസ്ത്രീയനാമം: Pantala flavescens). മിക്ക ഉഷ്ണമേഖലാരാജ്യങ്ങളിലും ഇവ കാണപ്പെടുന്നു[1]. ആൺതുമ്പിയുടെ വാലിന്റെ മുകൾഭാഗം ചുവപ്പും അതിൽ കറുത്ത പൊട്ടുകളും ഉണ്ട്. പെൺതുമ്പികൾക്ക് ആൺതുമ്പിയോട് വളരെ സാദൃശ്യമുണ്ട്. ആൺതുമ്പിയുടെ പിൻചിറകുകളുടെ അറ്റത്തുള്ള ഇരുണ്ട പൊട്ടാണ് ഇവയെ പെൺതുമ്പികളിൽ നിന്നും തിരിച്ചറിയാൻ സഹായിക്കുന്നത്[3][4]. ജലാശയങ്ങളുടെയും ചതുപ്പുകളുടെയും തുറസായ സ്ഥലങ്ങളുടെയും മുകളിൽ കൂട്ടമായി ഇവ പറക്കുന്നു. ഭൂഖണ്ഡങ്ങൾ തോറും കൂട്ടമായി ദേശാടനം നടത്തുന്ന സ്വഭാവം ഇവക്കുണ്ട്[5][6][7][8]. ഇണയെ തെരഞ്ഞെടുക്കുന്നതിൽ ഇവക്കു പ്രത്യേക മാനദണ്ഡങ്ങൾ ഒന്നുമില്ല[9]. 1798-ൽ ജോഹാൻ ക്രിസ്റ്റ്യൻ ഫാബ്രിക്കസ് ഇതിനെ ആദ്യമായി വിവരിച്ചു.[10] യൂറോപ്പിൽ അപൂർവമാണെങ്കിലും അന്റാർട്ടിക്ക ഒഴികെയുള്ള മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും നല്ല അംഗസംഖ്യയുള്ളതും ഏറ്റവും വ്യാപകവുമായ കല്ലൻതുമ്പിയായി ഇതിനെ കണക്കാക്കുന്നു.[1][11] 18,000 കിലോമീറ്റർ വരെ വാർഷിക യാത്ര നടത്തുന്നു. ഇവയുടെ കുടിയേറ്റം പൂർത്തിയാക്കുന്നതിന് ഓരോന്നും 6,000 കിലോമീറ്ററിൽ കൂടുതൽ പറക്കുന്നു. ഇത് എല്ലാ പ്രാണികളുടെയും വിദൂര കുടിയേറ്റങ്ങളിലൊന്നായി കണക്കാക്കുന്നു.[12] തുലാത്തുമ്പികളുടെ ദേശാടനംഗ്ലോബൽ സ്‌കിമ്മേഴ്‌സ് (ആഗോളത്തുമ്പി), ഗ്ലോബൽ വാണ്ടറർ (ലോകസഞ്ചാരി), വാണ്ടറിങ് ഗ്ലൈഡർ (നാടോടി) എന്നൊക്കെ അറിയപ്പെടുന്ന തുലാത്തുമ്പികൾ ദേശാടനത്തിലെ വമ്പൻമാരാണ്. ഉഷ്ണമേഖലാരാജ്യങ്ങളിലെ ജലജന്യപ്രദേശങ്ങൾ തേടി ഇവ ഭൂഖണ്ഢങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.[6][7][8]. ഓണക്കാലത്ത് ധാരാളമായി കാണപ്പെടുന്നു. സഞ്ചാരിത്തുമ്പി എന്നും ഇവക്ക് പേരുണ്ട്. തുലാത്തുമ്പികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും തെക്കൻ ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. മഴ പെയ്യുമ്പോൾ രൂപപ്പെടുന്ന താൽകാലിക വെള്ളക്കെട്ടുകളാണ് ഇവയുടെ പ്രധാന പ്രജനന കേന്ദ്രം. മറ്റു തുമ്പികളിൽ നിന്നും വ്യത്യസ്തമായി ഇവയുടെ ലാർവക്ക് പൂർണ വളർച്ച എത്താൻ 6 ആഴ്ച്ച വരെ സമയം മതി (മറ്റു തുമ്പികളിൽ ഇത് ശരാശരി 10-12 മാസങ്ങൾ വരെയാകും ). ആഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ സജീവമാകുന്ന ഇവ സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ പതിനായിരക്കണക്കിന് വരുന്ന കൂട്ടങ്ങളായി ഇന്ത്യൻ മഹാസമുദ്രം താണ്ടി ആഫ്രിക്കയിലേക്ക് സഞ്ചരിക്കുന്നു [13] (കേരളത്തിൽ തുലാമഴയുടെ സമയമാണിത്. ഈ സമയത്ത് ധാരാളമായി കാണുന്നത് കൊണ്ടാണ് ഇവയെ തുലാത്തുമ്പികൾ എന്ന് വിളിക്കുന്നത്). ഒക്ടോബർ-നവംബർ മാസങ്ങളിൽ ഭൂമദ്ധ്യരേഖയോട് ചേർന്ന് കിടക്കുന്ന കിഴക്കൻ ആഫ്രിക്കയിൽ മഴക്കാലമാണ്. ഈ സമയത്ത് തുലാത്തുമ്പികൾ കിഴക്കൻ ആഫ്രിക്കയിൽ പ്രജനനം നടത്തുന്നു. അതിന് ശേഷം ആഫ്രിക്കയുടെ തെക്ക് ഭാഗത്തേക്ക് സഞ്ചരിക്കുന്ന ഇവ സൗത്ത് ആഫ്രിക്കയിൽ ഡിസംബർ-ഫെബ്രുവരി സമയങ്ങളിൽ സജീവമാകുന്നു (അവിടെ അപ്പോൾ വേനൽ മഴയായിരിക്കും). മാർച്ച് -മെയ് മാസങ്ങളിൽ തിരിച്ച് കിഴക്കൻ ആഫ്രിക്കയിൽ എത്തുന്ന തുലാത്തുമ്പികൾ തെക്ക് പടിഞ്ഞാറൻ കാലവർഷത്തോടൊപ്പം, ജൂൺ-ജൂലൈ മാസങ്ങളിൽ ഇന്ത്യയിൽ തിരിച്ചെത്തുന്നു. ഒരേ തുമ്പിയല്ല ഇന്ത്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് പോയി തിരിച്ചുവരുന്നത്. കുറഞ്ഞത് നാല് തലമുറകളെങ്കിലും ഈ കാലയളവിൽ പൂർത്തീകരിച്ചിട്ടുണ്ടാവും. ഇന്ത്യയിൽ നിന്ന് ആഫ്രിക്കയിലേക്കും അവിടെ നിന്ന് തിരിച്ചും ഉള്ള ഈ ദേശാടനത്തിൽ തുലാത്തുമ്പികൾ ഏകദേശം 14000 - 18000 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നു [8]. ചിത്രസഞ്ചയം
ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾPantala flavescens എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Pantala flavescens എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|
Portal di Ensiklopedia Dunia