രാജമൗലിയുടെ ബന്ധുവും തെലുഗു-തമിഴ് ചലച്ചിത്ര സംഗീത സംവിധായകനുമായ എം.എം. കീരവാണിയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുള്ളത്. 20115 മാർച്ച് 5-ന്, ചിത്രത്തിലെ യുദ്ധ രംഗങ്ങളുടെ ചിത്രീകരണത്തിനുശേഷം നിലവിൽ എം.എം. കീരവാണി ചിത്രത്തിനായി രണ്ട് ഗാനങ്ങൾ റെക്കോർഡ് ചെയ്യുകയാണെന്ന് ഔദ്യോഗികമായി അറിയിക്കുകയുണ്ടായി.[1] തമിഴ് ഭാഷയിലെ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് തമിഴ് ഗാനരചയിതാവ് മദൻ കർക്കിയാണ്.[2] 2014 ജൂലൈ 2-ന് ചിത്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഹൈദരാബാദിലെ പ്രസാദ് സ്റ്റുഡിയോയിൽ കീരവാണി ഒരു ഗാനം റെക്കോർഡ് ചെയ്യുകയാണെന്നും ദീപുവാണ് ഈ ഗാനം ആലപിക്കുന്നതെന്നും അറിയിച്ചു.[3] 2014 ഒക്ടോബർ 28-ന് ഡെക്കാൺ ക്രോണിക്കിളുമായി നടത്തിയ അഭിമുഖത്തിൽ എഴുത്തുകാർ ഗാനരചനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ ഗാനങ്ങൾക്ക് ഈണം നൽകാൻ ആരംഭിക്കുമെന്നും പറയുകയുണ്ടായി.[4] ബൾഗേറിയയിൽ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ, ചിത്രത്തിന്റെ ശബ്ദട്രാക്ക് 2015 ഫെബ്രുവരി 5-ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്.[5] ലാഹരി മ്യൂസിക്, 2015 മേയ് ആദ്യവാരത്തിൽ ചിത്രത്തിന്റെ ഓഡിയോ അവകാശങ്ങൾ ₹30 മില്യണിന് സ്വന്തമാക്കുകയുണ്ടായി.[6][7] കൂടാതെ യൂട്യൂബിലും ഗാനങ്ങൾ പുറത്തിറക്കുകയുണ്ടായി. തുടർന്ന് 2015 ജൂൺ 13-ന് തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര സർവകലാശാല ഗ്രൗണ്ടിൽ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുമെന്ന് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ബാഹുബലിയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.[8][9] തമിഴ് കൂടാതെ ഹിന്ദി, മലയാളം ഭാഷകളിലും ശബ്ദട്രാക്ക് പുറത്തിറക്കിയിരുന്നു.
ചിത്രത്തിലെ എട്ട് ഗാനങ്ങൾക്കും എം.എം. കീരവാണിയാണ് ഈണം നൽകിയത്. 2015 ജൂൺ 13-ന് ഗാനങ്ങൾ പുറത്തിറക്കി. തെലുഗു ഭാഷയിൽ ഇനഗന്ധി സുന്ദർ, ആനന്ദ ശ്രീറാം എന്നിവർ ചേർന്ന് മൂന്ന് ഗാനങ്ങളും രാമജോഗയ്യ ശാസ്ത്രി, കെ. ശിവ ശക്തി, ചൈതന്യ പ്രസാദ് എന്നിവർ ഓരോ ഗാനങ്ങളും ആദിത്യ, നോയൽ സീൻ എന്നിവർ ചേർന്ന് ഒരു ഗാനവും രചിക്കുകയുണ്ടായി. തമിഴ്, തെലുഗു, മലയാളം ഭാഷകളുടെ ഗാനങ്ങളുടെ അവകാശം ടി-സീരീസും ഗാനങ്ങളുടെ ഹിന്ദി പതിപ്പിന്റെ അവകാശം സീ മ്യൂസിക് കമ്പനിയും സ്വന്തമാക്കി. [10][11]
123telugu.com എന്ന വെബ്സൈറ്റ് ഗാനങ്ങൾക്ക് അനുകൂലമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. "All the songs are situational and will impress you even more after you watch S S Rajamouli’s stunning visuals on screen" എന്നാണ് അവർ അഭിപ്രായപ്പെട്ടത്.[24] Indiaglitz എന്ന വെബ്സൈറ്റ് 5 ൽ 3.25 സ്കോർ ഈ ശബ്ദട്രാക്കിന് നൽകുകയും "A variety of genres keep you engaged. Keeravani marshalls his traditionalism as well as his knack for the zeitgeist in bringing out the most unlikely chorusus, among others" എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. Filmievents.com എന്ന വെബ്സൈറ്റിൽ നിന്നും അനൂകൂലമായ പ്രതികരണങ്ങളാണ് ഗാനങ്ങൾക്ക് ലഭിച്ചത്.[25] 5 ൽ 4 സ്കോറാണ് അവർ ബാഹുബലിയിലെ ഗാനങ്ങൾക്ക് നൽകിയത്. "The album relies heavily on classical instrumentation and is highly impressive" എന്നാണ് ഗാനങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടത്. 5-ൽ 4 സ്കോർ ഇവർ നൽകി. [26]