ഒരു മലയാളം ടെലിവിഷൻ ചാനലാണ് മീഡിയാ വൺ. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് കീഴിലാണ് [2] മീഡിയവൺ പ്രവർത്തിക്കുന്നത്. 2013 ൽ ആരംഭിച്ച മീഡിയവണിന്റെ മുഖ്യ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത് കോഴിക്കോടുള്ള വെള്ളിപറമ്പിലാണ്.[3] 2013 ഫെബ്രുവരി 10 ന് ചാനൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.[4]. പൂർണമായും[അവലംബം ആവശ്യമാണ്] സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ മാധ്യമസ്ഥാപനമാണ് മീഡിയ വൺ.
നേര്, നന്മ എന്നതാണ് ചാനലിന്റെ മുദ്രാവാക്യം[5]. മീഡിയാവണിന് കീഴിൽ കോഴിക്കോട് മീഡിയ വൺ അകാദമി ഓഫ് കമ്മ്യൂണി്ക്കേഷൻ (എം.ബി.എൽ മീഡിയ സ്കൂൾ) എന്ന പേരിൽ ടെലിവിഷൻ ജേർണലിസം സ്കൂൾ പ്രവർത്തിക്കുന്നു[6].
ശിലാസ്ഥാപന കർമ്മം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിക്കുന്നു
1987 ജൂൺ 01-ന് ആരംഭിച്ച മാധ്യമം ദിനപത്രത്തിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ചാണ് മീഡിയാവൺ ആരംഭിക്കുന്നത്.[അവലംബം ആവശ്യമാണ്]
2011 സെപ്റ്റംബർ മാസം ചാനലിന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രക്ഷേപണാനുമതി ലഭിച്ചു.[7]
2011 നവംബർ 28-ന് ഹെഡ് ക്വോർട്ടേഴ്സിന്റെയും സ്റ്റുഡിയോ കോംപ്ലക്സിന്റെയും ശിലാ സ്ഥാപനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവ്വഹിച്ചു.[8]
2012 ജൂൺ 16-ന് കൊച്ചിയിൽ വെച്ച് കേന്ദ്രമന്ത്രി വയലാർ രവി ലോഗോയുടെ പ്രകാശനം നിർവഹിച്ചു.[9]
2013 ഫെബ്രുവരി 10 ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി ചാനലും മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മേളനവും ഉദ്ഘാടനം ചെയ്തു.[10]
2015 ഏപ്രിൽ 13 വിഷ്വൽ മീഡിയയുടെ സൗദി ജനറൽ കമ്മീഷൻ പ്രസിഡന്റ് ഡോ. റിയാദ് കെ. നാജം മീഡിയാവൺ ഗൾഫിന്റെ ലോഗോ പ്രകാശനം നടത്തി.[11]
2015 ഏപ്രിൽ 24 മീഡിയാവണിന്റെ രണ്ടാമത് ചാനലായ മീഡിയാവൺ ഗൾഫ് ഉദ്ഘാടനം ചെയ്തു.
2020 മാർച്ച് 6 മീഡിയാവൺ ടിവി ചാനൽ 48 മണിക്കൂർ സംപ്രേഷണം നിർത്തിവയ്ക്കാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടു. വടക്കുകിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതിൽ ടെലിവിഷൻ നെറ്റ്വർക്ക് ചട്ടങ്ങളുടെ ലംഘനം ഉണ്ടായെന്ന വിലയിരുത്തലിലാണ് നിർത്തിവെയ്ക്കാൻ ഉത്തരവിട്ടത്. ഡൽഹി പോലീസിനെതിരേയും ആർ.എസ്.എസിനെതിരേയും വാർത്ത നൽകി എന്ന കാരണവും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നു. [12] സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നും മാധ്യമ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉയർന്ന ശക്തമായ പ്രതിഷേധത്തെ തുടർന്ന്[13][14] പതിനാല് മണിക്കൂറുകൾക്ക് ശേഷം രാവിലെ 9:30ന് സംപ്രേഷണ വിലക്ക് നീക്കി.
2022 ജനുവരി 31 ന് കേന്ദ്ര വാർത്താവിനിമയ-സംപ്രേഷണ മന്ത്രാലയം ചാനലിന്റെ സംപ്രേഷണാവകാശം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചു. പിന്നാലെ ചാനൽ ഹൈക്കോടതിയെ സമീപിക്കുകയും കേന്ദ്ര ഉത്തരവ് തടഞ്ഞ് കോടതി ഇടക്കാല ഉത്തരവിറക്കുകയും ചെയ്തു.[15]
2022 ഫെബ്രുവരി എട്ടിന് ഹരജികൾ തള്ളി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി വന്നു. മീഡിയാവൺ ചാനലിൻറെ സംപ്രേഷണ അനുമതി റദ്ദാക്കുകയും അംഗീകൃത ചാനലുകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്ത് ജനുവരി 31ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ജസ്റ്റിസ് എൻ. നഗരേഷ് ശരിവയ്ക്കുകയായിരുന്നു.[16]
2022 മാർച്ച് 2-ന് ചാനലിൻറെ സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ഹൈകോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. [17]
2022 മാർച്ച് 15-ന് മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ശരിവച്ച ഹൈകോടതി വിധിക്ക് സുപ്രീംകോടതിയുടെ ഇടക്കാല സ്‌റ്റേ.[18]
2023 ഏപ്രിൽ 5 ന് മീഡിയവൺ ചാനൽ സംപ്രേഷണം വിലക്കിയുള്ള കേരള ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി[19]
സിഗ്നേച്ചർ ഗാനം
മീഡിയവണിന്റെ സിഗ്നേച്ചർ ഗാനം രചിച്ചത് റഫീക്ക് അഹമ്മദും സംവിധായകൻ ആഷിഖ് അബുവുമാണ്. ഗാനത്തിന്റെ റിലീസ് സംവിധായകൻ രഞ്ജിത് നിർവ്വഹിച്ചു.
പ്രധാന പരിപാടികൾ
സ്പെഷ്യൽ എഡിഷൻ, മീഡിയാസ്കാൻ, വേൾഡ് വിത് അസ്, വ്യൂ പോയിന്റ്, നിലപാട് തുടങ്ങി നിരവധി പ്രോഗ്രാമുകൾ മീഡിയാവണിൽ സ്ഥിരമായി അവതരിപ്പിക്കപ്പെടുന്നു. യാസീൻ അഷ്റഫ്, നിഷാദ് റാവുത്തർ, എസ്.എ. അജിംസ്, പി.ടി. നാസർ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.
പതിനാലാം രാവ്, M 80 മൂസ[20], ലിറ്റിൽ സ്കോളർ തുടങ്ങിയ പരിപാടികൾ ചാനലിൽ പ്രക്ഷേപണം ചെയ്യപ്പെട്ട പരിപാടികളായിരുന്നു.
അംഗീകാരങ്ങൾ
മികച്ച വനിതാ ഷോ ആയി രേഖാ മേനോൻ അവതരിപ്പിക്കുന്ന ഞാൻ സ്ത്രീ എന്ന പരിപാടി തെരഞ്ഞെടുക്കപ്പെട്ടു. ദുബായ് ഏഷ്യാ വിഷൻ ടെലിവിഷൻ പുരസ്കാരമാണ് ലഭിച്ചത്.[21] 2013 ൽ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനുള്ള പുരസ്കാരത്തിന് മീഡിയാവണിലെ ട്രൂത്ത് ഇൻസൈഡ് (പുഴവധം) എന്ന പരിപാടിയിലൂടെ സുനിൽ ബേബി, സാജിത് അജ്മൽ എന്നിവരും മികച്ച കോംപിയർ/ ആങ്കർ പുരസ്കാരത്തിന് മീഡിയാവണിലെ കുക്കുംബർ സിറ്റി അവതരിപ്പിച്ച അനീഷ് രവിയും അർഹനായി.[22]
ആസ്ഥാനം
കോഴിക്കോട് വെള്ളിപ്പറമ്പിലാണ് ചാനൽ ഹെഡ് ക്വാർട്ടേഴ്സും സ്റ്റുഡിയോ കോംപ്ലക്സും പ്രവർത്തിക്കുന്നത്[23][24]. ചാനൽ ആസ്ഥാനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, സ്റ്റുഡിയോ കോംപ്ലക്സ് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ഉദ്ഘാടനം ചെയ്തു.[25]
2015 ഏപ്രിൽ 24 ന് പ്രവാസി മലയാളികൾക്കായി മിഡിൽ ഈസ്റ്റിൽ നിന്നും പ്രക്ഷേപണം ആരംഭിച്ച മീഡിയാവണിൻ്റെ കീഴിലുള്ള ചാനലാണ് മീഡിയാവൺ ഗൾഫ്. സൗദി സാംസ്‌കാരിക മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ ചാനലാണിതെന്ന് വിഷ്വൽ മീഡിയയുടെ സൗദി ജനറൽ കമ്മീഷൻ പ്രസിഡന്റ് ഡോ. റിയാദ് കെ. നാജമാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചു കൊണ്ട് പറഞ്ഞു.[34]
ചാനൽ നിലവിൽ സംപ്രേക്ഷണം നിർത്തി വെച്ചിരിക്കുകയാണ്.