കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറുള്ള കരുനാഗപ്പള്ളി താലൂക്കിൽ ചവറ ബ്ളോക്കിൽ ഓണാട്ടുകര കാർഷികമേഖലയുടെ തെക്കുഭാഗത്തായാണ് തേവലക്കര പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 15.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തേവലക്കര പഞ്ചായത്ത് ചവറ ബ്ളോക്കിലെ സാമാന്യം വിസ്തൃതി കൂടിയ പഞ്ചായത്തുകളിലൊന്നാണ്. 45,000-ത്തിനു മുകളിൽ ജനസംഖ്യയുള്ള ഈ പഞ്ചായത്ത് ജനസാന്ദ്രതയിലും മുന്നിലാണ്. തേവലക്കര പഞ്ചായത്തിൽ ഒരു ചതുരശ്രകിലോമീറ്ററിനുള്ളിൽ ഏകദേശം 3000-ത്തോളം ആളുകൾ തിങ്ങിപ്പാർക്കുന്നു. അഷ്ടമുടിക്കായലിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന തേവലക്കര പഞ്ചായത്ത് തെങ്ങിൻതോപ്പുകളും വയലേലകളും നിറഞ്ഞു പ്രകൃതിരമണീയമായ ഭൂപ്രദേശമാണ്. കല്ലടയാറിന്റെയും അഷ്ടമുടി കായലിന്റെയും സംഗമം ഇവിടെയാൺ.
അതിരുകൾ
പടിഞ്ഞാറുഭാഗത്ത് പന്മന, ചവറ, തെക്കുംഭാഗം എന്നീ പഞ്ചായത്തുകളും അഷ്ടമുടിക്കായലും തെക്കുഭാഗത്ത് പൂർണ്ണമായും അഷ്ടമുടിക്കായലും, കിഴക്കുഭാഗത്ത് പടിഞ്ഞാറേക്കല്ലട, മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളും വടക്കുഭാഗത്ത് തൊടിയൂർ പഞ്ചായത്ത് എന്നിവയാണ് തേവലക്കര പഞ്ചായത്തുമായി അതിർത്തി പങ്കു വയ്ക്കുന്ന പ്രദേശങ്ങൾ.