ലോറേസി എന്ന സസ്യകുടുംബത്തിൽപ്പെട്ട ഒരു അംഗമാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ബട്ടർ പിയർ, അലീഗറ്റർ പിയർ എന്നിങ്ങനേയും ഇതിന് പേരുണ്ട്. (ശാസ്ത്രീയനാമം: Persea americana). കരീബിയൻ ദ്വീപുകൾ, മെക്സിക്കൊ, തെക്കേ അമേരിക്ക, മധ്യ അമേരിക്ക എന്നിവയാണ് ഇതിന്റെ ജന്മദേശം. ഈ മരത്തിന്റെ ഫലത്തേയും അവ്കാഡൊ എന്നാണ് പറയുക. മുട്ടയുടെ ആകൃതിയുള്ളതോ വൃത്താകൃതിയുള്ളതോ ആയ ഫലത്തിനകത്ത് കട്ടിയുള്ള അല്പം വലിപ്പമുള്ള വിത്താണുണ്ടാവുക. ആരോഗ്യത്തിനും ചർമ സൗന്ദര്യത്തിനും ഏറെ അനുയോജ്യമാണ് വെണ്ണപ്പഴം. അതീവ പോഷക സമൃദ്ധമായ ഫലം കൂടിയാണ് വെണ്ണപ്പഴം. അതിനാൽ രോഗികൾ, ഗർഭിണികൾ, കുട്ടികൾ എന്നിവർക്ക് കഴിക്കാവുന്ന ഉത്തമ ആഹാരമാണ്. വിദേശ രാജ്യങ്ങളിൽ പ്രാതൽ, ഉച്ച ഭക്ഷണം, സാലഡ് എന്നിവയിൽ ഇത് ഉൾപ്പെടുത്താറുണ്ട്.
നെടുകെ ഛേദിച്ച അവൊകാഡൊ
വാണിജ്യ പ്രാധാന്യമുള്ള ഒരു വിളയാണ് അവ്കാഡൊ. ഇതിന്റെ മരവും ഫലവും ഉഷ്ണമേഖലാ കാലാവസ്ഥയുള്ള ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കൃഷി ചെയ്യപ്പെടുന്നു. കേരളത്തിൽ ഇടുക്കി, വയനാട്, പത്തനംതിട്ട, ചില ജില്ലകളുടെ കിഴക്കൻ മേഖലകൾ തുടങ്ങിയ മലയോര പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ അനുയോജ്യമായ ഒരു ഫലവൃക്ഷമാണ് വെണ്ണപ്പഴം. എന്നിരുന്നാലും മറ്റ് പ്രദേശങ്ങളിലും ഇവ നന്നായി വളർന്നു കാണപ്പെടുന്നുണ്ട്. ഇന്ന് കേരളത്തിൽ ധാരാളം ആളുകൾ അവോക്കാഡോ വീടുകളിൽ നട്ടു വളർത്താറുണ്ട്. പൊതുവേ ഗ്രാഫ്റ്റ് തൈകളിൽ കുറച്ചു വർഷങ്ങൾ കൊണ്ടു തന്നെ കായ്ഫലം കാണാറുണ്ട്. പച്ച നിറത്തിലുള്ള തൊലിയോട്കൂടിയ ഈ ഫലം വിളവെടുപ്പിന് ശേഷം പഴുപ്പിക്കുന്നു. സ്വയം പ്രജനനം നടത്തുന്ന മരമാണിത്. നല്ലയിനം ഫലം ലഭിക്കുന്നതിനും കൂടുതൽ കായ്കൾക്കുമായി ഈ മരം ഗ്രാഫ്റ്റിംഗ്, മുകുളനം ചെയ്താണ് നടുന്നത്. മരത്തിൽ നിൽക്കുമ്പോൾ തന്നെ പഴത്തിനകത്ത് തൈ മുളച്ചുവരുന്ന വിവിപ്പാരി എന്ന പ്രതിഭാസം വെണ്ണപ്പഴ മരത്തിനുള്ളതിനാൽ കർഷകരെ ബുദ്ധിമുട്ടിക്കുന്നു. പ്ലാവ്, നിലകടല, കണ്ടൽ വിത്തുകൾ,ശീതകാല പച്ചക്കറിയായ ചൌ ചൌ തുടങ്ങിയവ വിവിപ്പാരി പ്രതിഭാസങ്ങൾക്ക് ഉദാഹരണങ്ങളാണ്.
പോഷകമൂല്യം
അവ്കാഡൊ
അവ്കാഡൊയുടെ 75 ശതമാനം കലോറിയും ഉണ്ടാവുന്നത് കൊഴുപ്പിൽ നിന്നാണ്(fat). ഏകപൂരിതമായ കൊഴുപ്പാണിത്. വാഴപ്പഴത്തേക്കാൾ 60 ശതമാനം കൂടുതൽ പൊട്ടാസ്യവും അവ്കാഡൊയിൽ അടങ്ങിയിട്ടുണ്ട്. ജീവകം ബി, ജീവകം ഇ, കെ എന്നിവകൾകൊണ്ടും സമ്പന്നമാണിത്[1]. മറ്റേത് പഴവർഗ്ഗത്തേക്കാളും നാരുകൾ(fiber) അവ്കാഡൊയിലുണ്ട്[2].