ഇന്ത്യൻ (1996-ലെ ചലച്ചിത്രം)
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" എസ്. ഷങ്കർ സംവിധാനം ചെയ്ത് 1996-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് ഇന്ത്യൻ. എ.എം. രത്നമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കമൽ ഹാസൻ ഇരട്ടവേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ മനീഷ കൊയ്‌രാള, ഉർമിള മാതോന്ദ്കർ, സുകന്യ, ഗൗണ്ടമണി എന്നിവരും അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എ.ആർ. റഹ്മാനാണ്. തമിഴ് ചലച്ചിത്ര സംവിധായകൻ ജീവയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഒരു മുൻ സ്വാതന്ത്ര്യസമരസേനാനി അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഴിമതിക്കാരെ ശിക്ഷിച്ച് നീതി നടപ്പാക്കുന്ന അദ്ദേഹത്തിന് അവസാനം തന്റെ മകനെയും ശിക്ഷിക്കേണ്ടി വരുന്നു. മർമ്മകല എന്ന പഴയകാല ആയോധന വിദ്യ അഭ്യസിച്ചിട്ടുള്ള കഥാനായകൻ അതേ വിദ്യ ഉപയോഗിച്ച് ശത്രുക്കളെ നേരിടുന്ന രംഗങ്ങൾ ഈ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ആശാൻ ആർ. രാജേന്ദ്രനാണ് ഈ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.[1] [2] മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം തമിഴ്നാട്ടിലെ പ്രദർശനശാലകളിൽ ഒരു ബ്ലോക്ക് ബസ്റ്ററായി മാറി. ബാഷ എന്ന ചിത്രത്തിന്റെ റെക്കോർഡ് മറികടന്നുകൊണ്ട് ഏറ്റവും കൂടുതൽ വരുമാനം നേടിയ തമിഴ് ചലച്ചിത്രം എന്ന ബഹുമതി ഇന്ത്യൻ സ്വന്തമാക്കി.[3] മൂന്നു വർഷങ്ങൾക്കു ശേഷം പടയപ്പ എന്ന ചിത്രം പുറത്തിറങ്ങുന്നതു വരെ ഈ റെക്കോർഡ് നിലനിർത്താനും സാധിച്ചു. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ ഇന്ത്യൻ 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു.[4][5] ഈ ചിത്രത്തിലെ അഭിനയത്തിലൂടെ കമൽ ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരം, സംസ്ഥാന പുരസ്കാരം, ഫിലിംഫെയർ പുരസ്കാരം എന്നിവ ലഭിച്ചു.[6] ഈ ചിത്രം ഹിന്ദുസ്ഥാനി എന്ന പേരിൽ ഹിന്ദിയിലും ഭാരതീയുഡു എന്ന പേരിൽ തെലുങ്കിലും പുറത്തിറക്കിയിരുന്നു. കഥഒരു മധ്യവർഗ്ഗ കുടുംബത്തിലാണ് ചന്ദ്ര ബോസ് എന്ന ചന്ദ്രു (കമൽ ഹാസൻ) ജനിച്ചത്. അയാളുടെ അച്ഛൻ സേനാപതി (കമൽ ഹാസൻ) ഒരു മുൻ സ്വാതന്ത്ര്യസമരസേനാനിയാണ്. റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ലൈസൻസും പെർമിറ്റുമൊക്കെ ലഭിക്കുന്നതിനായി ജനങ്ങളെ സഹായിക്കുന്ന ജോലിയാണ് ചന്ദ്രു ചെയ്യുന്നത്. ഇതിനായി ജനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങുന്ന ചന്ദ്രു അതിന്റെ പങ്ക് മേലധികാരികൾക്കും നൽകുന്നുണ്ട്. അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനായി കൃഷ്ണ സ്വാമി (നെടുമുടി വേണു) എന്ന ഉദ്യോഗസ്ഥനെത്തുന്നു. ഉദ്യോഗസ്ഥരുടെ മരണത്തിനു പിന്നിൽ സേനാപതി എന്ന വൃദ്ധനാണെന്നു മനസ്സിലാക്കുന്ന കൃഷ്ണ സ്വാമി അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ ശ്രമിക്കുന്നു. സേനാപതിയുടെ ഭാര്യ അമൃതവല്ലി (സുകന്യ) തന്റെ ഭർത്താവിന്റെ പൂർവകാലചരിത്രം കൃഷ്ണസ്വാമിയോടു പറയുന്നു. സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യൻ നാഷണൽ ആർമിയിൽ പ്രവർത്തിച്ചിരുന്ന ഒരു സൈനികനായിരുന്നു സേനാപതി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിക്കുവാൻ ശ്രമിക്കുന്നതുൾപ്പടെയുള്ള പല സാഹസിക കൃത്യങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. തത്ഫലമായി അദ്ദഹത്തെ ബ്രിട്ടീഷ് സൈന്യം പിടികൂടുകയും ക്രൂര മർദ്ദനങ്ങൾക്കിരയാക്കുകയും ചെയ്തു. സേനാപതിയുടെ പൂർവചരിത്രം കേൾക്കുന്ന കൃഷ്ണ സ്വാമിക്ക് അദ്ദഹത്തോട് ബഹുമാനം തോന്നുന്നു. പക്ഷെ തന്റെ കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി സേനാപതിയെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം തിരിച്ചറിയുന്നു. സേനാപതിയെ അറസ്റ്റ് ചെയ്യുവാൻ കൃഷ്ണ സ്വാമി ശ്രമിച്ചുവെങ്കിലും അതിനു കഴിഞ്ഞില്ല. മർമ്മകലയിൽ വിദഗ്ദ്ധനായിരുന്ന സേനാപതിയെ കീഴടക്കുക എളുപ്പമായിരുന്നില്ല. കൃഷ്ണ സ്വാമിയെ അടിച്ചുവീഴ്ത്തി ഒളിവിൽ പോകുന്ന സേനാപതി ഒരു അഴിമതിക്കാരനായ ഡോക്ടറെ കൊല്ലുന്നു. ഈ കൊലപാതക ദൃശ്യം അദ്ദേഹം ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തു ജനങ്ങളെ കാണിക്കുകയും ചെയ്യുന്നു. ഈ ഡോക്ടർ മുമ്പ് സേനാപതിയുടെ മകൾക്ക് ചികിത്സ നിഷേധിച്ചത് അവളുടെ മരണത്തിനിടയാക്കിയിരുന്നു. ഡോക്ടർ ചോദിച്ച കൈക്കൂലി നൽകാൻ സേനാപതി തയ്യാറാകാതിരുന്നതാണ് ഡോക്ടറെ ചൊടിപ്പിച്ചത്. ഡോക്ടർക്കെതിരെ നിയമപോരാട്ടം നടത്താൻ സേനാപതി ശ്രമിക്കുന്നുവെങ്കിലും പല ഉദ്യോഗസ്ഥരും ഡോക്ടറെപ്പോലെ അഴിമതിക്കാരായിരുന്നതിനാൽ നീതി ലഭിച്ചില്ല. സ്വയം നീതി നടപ്പാക്കാനിറങ്ങുന്ന സേനാപതി, തന്റെ മകളുടെ മരണത്തിനു കാരണക്കാരായ അഴിമതിക്കാരെയെല്ലാം കൊല്ലാൻ ശ്രമിക്കുന്നു. അഴിമതിക്കാരനായ ഡോക്ടറുടെ മരണം ടെലിവിഷനിൽ കണ്ട ജനങ്ങൾ സേനാപതിയെ തങ്ങളുടെ നായകനായി കാണുന്നു. അവർ അദ്ദഹത്തെ 'ഇന്ത്യൻ' എന്നു വിളിക്കുന്നു. ജനങ്ങൾക്കു വേണ്ടി ജീവിക്കുന്ന സേനാപതി അദ്ദഹത്തിന്റെ മകൻ ചന്ദ്രുവിനുവേണ്ടി യാതൊന്നും ചെയ്യുന്നില്ല. മാന്യമായ ഒരു ജോലി ലഭിക്കുന്നതുവരെ ആർ.ടി.ഒ. ഓഫീസിലെ കൈക്കൂലി വാങ്ങിയുള്ള ജോലി തുടരാൻ ചന്ദ്രു തീരുമാനിക്കുന്നു. ഒരിക്കൽ ഒരു ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിക്കൊടുക്കുന്നതിനായി ചന്ദ്രു കൈക്കൂലി വാങ്ങുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ സർട്ടിഫിക്കറ്റ് സ്വന്തമാക്കുന്ന ഈ ബസ് അപകടത്തിൽപ്പെടുകയും അതിലുണ്ടായിരുന്ന 40 കുട്ടികൾ മരിക്കുകയും ചെയ്യുന്നു. ചന്ദ്രുവാണ് ഈ ദുരന്തത്തിന് ഉത്തരവാദിയെന്ന് സേനാപതി മനസ്സിലാക്കുന്നു. മറ്റുള്ള അഴിമതിക്കാർക്ക് നൽകിയതു പോലെ തന്റെ മകനും മരണശിക്ഷ നൽകുവാൻ അദ്ദേഹം തീരുമാനിക്കുന്നു. അച്ഛനും മകനും തമ്മിൽ ഒരു എയർപോർട്ടിൽ വച്ചുനടന്ന സംഘട്ടനത്തിനിടെ സ്ഫോടനമുണ്ടാകുകയും ഇരുവരും കൊല്ലപ്പെടുന്നതായി കാണിക്കുകയും ചെയ്യുന്നു. എന്നാൽ സ്ഫോടനത്തിനു തൊട്ടുമുമ്പ് സേനാപതി രക്ഷപെട്ടതായി കൃഷ്ണ സ്വാമി കണ്ടെത്തുന്നു. ഹോങ്കോങ്ങിലേക്ക് രക്ഷപ്പെടുന്ന സേനാപതി അവിടെ നിന്നുകൊണ്ട് കൃഷ്ണ സ്വാമിയെ ഫോൺ ചെയ്യുന്നു. 'ഇന്ത്യനു മരണമില്ല. തന്നെ ആവശ്യമുള്ളവർക്കായി മടങ്ങിയെത്തും' എന്ന് സേനാപതി പ്രഖ്യാപിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു. അഭിനേതാക്കൾ
പുരസ്കാരങ്ങൾ
ഗാനങ്ങൾ
എ.ആർ. റഹ്മാൻ സംഗീതസംവിധാനം നിർവ്വഹിച്ച 5 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.[7] 1996-ൽ പിരമിഡ് സൈമിറയാണ് ഗാനങ്ങൾ പുറത്തിറക്കിയത്.[8] [9][8][8][10][11]
തുടർഭാഗങ്ങൾ12 ജൂലൈ 2024 ന് ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ഇന്ത്യൻ 2 റിലീസ് ചെയ്തു. മൂന്നാം ഭാഗമായ ഇന്ത്യൻ 3 2025 ൻ്റെ ആരംഭത്തിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia