ഫിംഗർ തടാകങ്ങൾ![]() അമേരിക്കൻ ഐക്യനാടുകളിലെ മദ്ധ്യ ന്യൂയോർക്കിൽ ഫിംഗർ ലേക്സ് മേഖല എന്ന പേരിൽ അനൗപചാരികമായി അറിയപ്പെടുന്ന പ്രദേശത്തെ നീളമുള്ളതും ഇടുങ്ങിയതും ഏകദേശം വടക്ക്-തെക്ക് ദിശകളിലായി സ്ഥിതിചെയ്യുന്നതുമായ 11 തടാകങ്ങളുടെ ഒരു ശൃംഖലയാണ് ഫിംഗർ തടാകങ്ങൾ എന്നറിയപ്പെടുന്നത്. അമിതമായി ആഴമേറിയ ഗ്ലേഷ്യൽ താഴ്‌വരയിലെ നീളമേറിയതും ഇടുങ്ങിയതുമായ തടാകത്തെ സൂചിപ്പിക്കുന്ന ഫിംഗർ തടാകങ്ങൾ എന്ന ഭൗമശാസ്‌ത്രപരമായ നാമം ഇവയ്ക്ക് തികച്ചും ഉചിതമായതും 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ നൽകപ്പെട്ടതുമാണ്.[1][2] യഥാക്രമം 435 അടിയും (133 മീ) 618 അടിയും (188 മീ.) ആഴമുള്ള കയൂഗ, സെനെക തടാകങ്ങൾ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ആഴമുള്ളവയും അടിത്തട്ട് സമുദ്രനിരപ്പിന് ഏറെ താഴെയുള്ളതുമാണ്. തടാകങ്ങളുടെ വീതി 3.5 മൈൽ (5.6 കിലോമീറ്റർ) കവിയുന്നില്ലെങ്കിലും, 38.1 മൈൽ (61.3 കി.മീ) നീളവും 66.9 ചതുരശ്ര മൈൽ (173 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുമുള്ള സെനെക തടാകമാണ് മൊത്തം വിസ്തൃതിയിൽ മുന്നിട്ടുനിൽക്കുന്നത്.[3] പേര്![]() ഫിംഗർ തടാകങ്ങൾ എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ അനിശ്ചിതത്വത്തിലാണ്.[4] നിലവിൽ, 11 തടാകങ്ങളുള്ള ഈ കൂട്ടത്തിനായി ഉപയോഗിച്ച ഫിംഗർ തടാകങ്ങൾ എന്ന പേരിന്റെ ഏറ്റവും പഴക്കം ചെന്ന ഉപയോഗം 1883 ൽ പ്രസിദ്ധീകരിച്ച തോമസ് ചേംബർലിൻ[5] എഴുതിയ യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ എന്ന പ്രബന്ധത്തിലാണ്. ഈ പ്രബന്ധം പിന്നീട് ഉദ്ധരിക്കപ്പെടുകയും 1893 ൽ പ്രസിദ്ധീകരിച്ച ജിയോളജിക്കൽ സൊസൈറ്റി ഓഫ് അമേരിക്ക എന്ന പ്രബന്ധത്തിൽ ആർ. എസ്. ടാർ[6] എന്ന വ്യക്തി ഫിംഗർ തടാകങ്ങൾ എന്ന സംജ്ഞ ഒരു ശരിയായ പേരെന്ന നിലയിൽ ഉപയോഗിക്കുകയും ചെയ്തു.[7] മാപ്പുകൾ, പേപ്പറുകൾ, റിപ്പോർട്ടുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും രേഖകളിൽ ഫിംഗർ തടാകങ്ങൾ എന്ന പഴയ പ്രയോഗം പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്. തടാകങ്ങൾചെറുതെങ്കിലും, ആകൃതിയിലും ലിംനോളജിയിലും ഏറെ സമാനത പുലർത്തുന്ന കിഴക്ക് ഭാഗത്തുള്ള കാസെനോവിയ തടാകം ചിലപ്പോഴൊക്കെ "പന്ത്രണ്ടാം ഫിംഗർ തടാകം" എന്ന് വിളിക്കപ്പെടുന്നു. അപ്പലേച്ചിയൻ കുന്നിൻ പ്രദേശത്തായി, കൂടുതലും ചരിത്ര ഗ്രാമമായ കാസെനോവിയയിൽ സ്ഥിതിചെയ്യുന്ന ഇത് മറ്റ് ഫിംഗർ തടാകങ്ങളുമായി യുഎസ് 20, NY 13 എന്നീ പാതകളിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. സാറ്റലൈറ്റ് ഫോട്ടോകൾ ഒട്ടിസ്കോ തടാകത്തിന് കിഴക്കായി, ഫിംഗർ തടാകങ്ങളോട് സ്വഭാവത്തിലും അകലത്തിലും സമാനമായ മൂന്ന് താഴ്വരകൾ കാണിക്കുന്നതിനാൽ ഇത് ഫിംഗർ തടാകങ്ങളുടെ അതേ രീതിയിൽത്തന്നെ രൂപപ്പെട്ടതാകാമെന്നാണ് നിഗമനം. മൂന്ന് താഴ്‍വരകളിൽ ആദ്യത്തേതായ ടുള്ളി വാലിയുടെ തെക്കേയറ്റത്തുള്ള ടുള്ളി തടാകങ്ങൾ എന്ന് വിളിക്കപ്പെടുന്ന ആറ് ചെറു തടാകങ്ങളുടെ ഒരു ശൃംഖല മൊത്തത്തിൽ ടെർമിനൽ മൊറൈൻ കാരണം ഒരിക്കലും രൂപപ്പെടാത്ത ഒരു "ഫിംഗർ തടാകം" ആയിരിക്കാം. ഫിംഗർ തടാകങ്ങളുടെ വെള്ളമൊഴുക്കിന് വിപരീതമായി മൊറെയ്ൻ ടിയോഗ്നിയോഗ നദി വടക്കോട്ട് ഒഴുകുന്നതിന് പകരം തെക്കോട്ട് ഒഴുകാൻ കാരണമായി. കിഴക്ക് ഭാഗത്തെ അടുത്ത രണ്ട് താഴ്വരകളിൽ വടക്കോട്ട് ഒഴുകുന്ന ബട്ടർനട്ട് ക്രീക്കും തെക്കോട്ടൊഴുകുന്ന ടിയോഗ്നിയോഗ നദിയുടെ കിഴക്കൻ ശാഖയും അടങ്ങിയിരിക്കുന്നു. അടുത്ത താഴ്വരയിൽ വടക്കോട്ട് ഒഴുകുന്ന ലൈംസ്റ്റോൺ ക്രീക്ക് അടങ്ങിയിരിക്കുന്നു. സിൽവർ, ഒനോണ്ടാഗ തടാകങ്ങൾ ഉൾപ്പെടെ മറ്റ് തടാകങ്ങളും 12-ാമത്തെ ഫിംഗർ തടാകമെന്ന അവകാശവാദം ഉന്നയിക്കുന്നുവെങ്കിലും ഒനോണ്ടാഗയ്ക്ക് ഒരു ഡിമിക്റ്റിക് തടാകം എന്ന നിലയിൽ കാര്യമായ ചില വ്യത്യാസങ്ങളുണ്ട്. ലൈംസ്റ്റോൺ ക്രീക്ക് നദിയിൽ, കാസെനോവിയ തടാകത്തിന് തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്നതും ചിലപ്പോഴൊക്കെ ടിയോഗ്നിയോഗ തടാകം അല്ലെങ്കിൽ ഡെറൂയ്റ്റർ തടാകം എന്ന് വിളിക്കപ്പെടുന്നതുമായ ഒരു മനുഷ്യനിർമിത ഫിംഗർ തടാകമായ, ഡെറൂയ്റ്റർ റിസർവോയർ, ഫിംഗർ ലേക്ക്സ് ട്രയലിന്റെ വടക്കേയറ്റത്ത് നിന്ന് 8 മൈൽ അകലെയായി ഈറി കനാലിന്റെ ഒരു ഫീഡർ റിസർവോയറായി നിർമ്മിച്ചിരിക്കുന്നതാണ്. ന്യൂയോർക്ക് സ്റ്റേറ്റ് കനാൽ കോർപ്പറേഷനാണ് ഇത് പരിപാലിക്കുന്നത്. സിറാക്കൂസ് നഗരത്തിന് വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒനെയ്ഡ തടാകം ചിലപ്പോൾ ഫിംഗർ തടാകങ്ങളുടെ പെരുവിരൽ തടാകമെന്ന നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് താരമ്യേന ആഴം കുറഞ്ഞതും മറ്റുള്ളവയിൽ നിന്ന് സ്വഭാവത്തിൽ അല്പം വ്യത്യസ്തവുമാണ്. ഒനോണ്ടാഗ, കാസെനോവിയ തടാകങ്ങൾ പോലെ, ഇതും ഓസ്‌വെഗോ നദിയിലൂടെ ഒണ്ടാറിയോ തടാകത്തിലേക്കും പിന്നീട് സെന്റ് ലോറൻസ് നദിയിലേക്കും അന്തിമമായി അറ്റ്ലാന്റിക് മഹാസമുദ്രത്തിലേക്ക് ഒഴുകുന്നു. ഫിംഗർ തടാകങ്ങളായി പരിഗണിക്കപ്പെടാത്ത പടിഞ്ഞാറ് ഭാഗത്തെ ചൗതൗക്വ തടാകം, ഫിൻഡ്‌ലി തടാകം, കിൻസുവ തടാകം എന്നീ മൂന്ന് തടാകങ്ങളും അലെഗെനി നദിയിലേക്കും ഒടുവിൽ മെക്‌സിക്കോ ഉൾക്കടലിലേക്കും ഒഴുകുന്നു. കിൻസുവയുടെയും ഫിൻഡ്‌ലിയുടെയും കാര്യത്തിൽ, കിഴക്കുഭാഗത്തെ ഡിറൂയിറ്റർ പോലെ, ഇതിലെ തടാകങ്ങൾ കൃത്രിമ സൃഷ്ടിയാണ്. കോനെസസ്, ഹെംലോക്ക്, കാനഡിസ്, ഹണിയോയ്, ഒട്ടിസ്കോ എന്നിവ മൈനർ ഫിംഗർ തടാകങ്ങളായി കണക്കാക്കപ്പെടുന്നു. സിൽവർ, വാനെറ്റ, ലമോക എന്നിവയുൾപ്പെടെയുള്ള മറ്റ് ചെറിയ തടാകങ്ങളും ഈ പ്രദേശത്താണ്. കോനെസസ് തടാകത്തിന്റെ പടിഞ്ഞാറുള്ള സിൽവർ തടാകം ഗ്രേറ്റ് ലേക്‌സ് നീർത്തടമായതിനാൽ ഈ ഗണത്തിലേയ്ക്ക് യോഗ്യമാണെന്ന് കരുതുന്നുവെങ്കിലും സസ്ക്വെഹാന്ന നദിയുടെ നീർത്തടത്തിന്റെ ഭാഗവും ചെമംങ് നദിയുടെ ഒരു കൈവഴിയിലേക്ക് ഒഴുകുന്നതുമായ വനേറ്റ, ലമോക തടാകങ്ങൾ ചിലപ്പോൾ "ഫിംഗർനെയിൽ" തടാകങ്ങൾ എന്ന് വിളിക്കപ്പെടുന്നു.[8] കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് പതിനൊന്ന് ഫിംഗർ തടാകങ്ങൾ ഇവയാണ്:
ചരിത്രംഫിംഗർ ലേക്സ് മേഖലയിൽ ചരിത്രാതീത ബ്ലഫ് പോയിന്റ് സ്റ്റോൺ വർക്ക്സ് പോലെയുള്ള ഇറോക്വോയിസിനു മുമ്പുള്ള ആവാസവ്യവസ്ഥയുടെ തെളിവുകൾ അടങ്ങിയിരിക്കുന്നുവെങ്കിലും ഈ നിഗൂഢമായ ഘടനകൾ സൃഷ്ടിച്ചത് ആരാണ് എന്നതിനേക്കുറിച്ചുള്ള അറിവുകൾ തികച്ചും പരിമിതമാണ്. ഇറോക്വോയിസ് മാതൃരാജ്യത്തിന്റെ മധ്യഭാഗമാണ് ഫിംഗർ ലേക്സ് മേഖല. ഇറോക്വോയിസ് ഗോത്രങ്ങളിൽ രണ്ട് വലിയ ഫിംഗർ തടാകങ്ങളുടെ പേരിന് കാരണഭൂതരായ സെനെക, കയുഗ നേഷനുകൾ ഉൾപ്പെടുന്നു, ടസ്കറോറ ഗോത്രം ca. 1720 കളിൽ ഫിംഗർ ലേക്സ് മേഖലയിലും താമസിച്ചിരുന്നു. ഒനോണ്ടാഗ, ഒനെയ്ഡ ഗോത്രങ്ങൾ പ്രദേശത്തിന്റെ കിഴക്കേ അറ്റത്ത്, തങ്ങളുടെ പേരിൽ അറിയപ്പെടുന്ന തടാകങ്ങളായ ഒനെയ്ഡ തടാകം, ഒനോണ്ടാഗ തടാകം എന്നിവയോട് ചേർന്ന് താമസിച്ചിരുന്നു. കിഴക്കേ അറ്റത്തുള്ള ഇറോക്വോയിസ് ഗോത്രം മൊഹാവ്ക്ക് ആയിരുന്നു. കൊളോണിയൽ കാലഘട്ടത്തിൽ, മറ്റ് പല ഗോത്രങ്ങളും ഇറോക്വോയിസിന്റെ സംരക്ഷണം തേടി ഫിംഗർ ലേക്ക്സ് മേഖലയിലേക്ക് അധിവാസം മാറിയിരുന്നു. ഉദാഹരണത്തിന്, 1753-ൽ, ഒന്നായി ടുട്ടെലോ-സപോണി എന്ന് വിളിക്കപ്പെടുന്ന വിർജീനിയയിലെ സിയോവാൻ ഗോത്രങ്ങളുടെ അവശിഷ്ടങ്ങൾ, ഇന്നത്തെ ഇറ്റാക്കയ്ക്ക് സമീപമുള്ള കയുഗ തടാകത്തിന്റെ തെക്കേ അറ്റത്തുള്ള കോറെർഗോണൽ പട്ടണത്തിലേക്ക് അധിവാസം മാറുകയും സള്ളിവൻ പര്യവേഷണത്താൽ അവരുടെ ഗ്രാമം നശിപ്പിക്കപ്പെടുന്ന 1779 വരെ അവിടെ താമസിക്കുകയും ചെയ്തു. ഫിംഗർ ലേക്‌സ് മേഖലയിലെ പ്രധാന ഇറോക്വോയിസ് പട്ടണങ്ങളിൽ സെനെക പട്ടണമായ Gen-nis-he-yo (ഇന്നത്തെ ജെനീസിയോ), കനഡാസീഗ (സെനെക കാസിൽ, ഇന്നത്തെ ജനീവയ്ക്ക് സമീപം), ഗോയോഗൗൺ (കയുഗ കാസിൽ, കയുഗ തടാകത്തിന് കിഴക്ക്) ചോനോഡോട്ട് (കയുഗ ടൗൺ, ഇന്നത്തെ അറോറ), കാതറിൻസ് ടൗൺ (ഇന്നത്തെ വാട്കിൻസ് ഗ്ലെന് സമീപം), ന്യൂയോർക്കിലെ വിക്ടറിലുള്ള ഗാനോണ്ടഗൻ സ്റ്റേറ്റ് ഹിസ്റ്റോറിക് സൈറ്റ് എന്നിവ ഉൾപ്പെടുന്നു. അവലംബം
|
Portal di Ensiklopedia Dunia