കരിമരുത്
മരുതിന്റെ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു വന്മരമാണ് കരിമരുത് (ശാസ്ത്രീയനാമം: Terminalia crenulata). ലാറൽ, തേമ്പാവ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. കേരളത്തിൽ ഇവ ഇലകൊഴിയും ഈർപ്പവനങ്ങളിലും ഇലകൊഴിയും മഴക്കാടുകളിലും കണ്ടുവരുന്നു. ഇന്ത്യ ഉൾപ്പെടെ ബർമ, ശ്രീലങ്ക, മലയ എന്നിവിടങ്ങളിലും ഇവ വളരുന്നു. വിവരണംഏതു മണ്ണിലും വളരുന്ന കരിമരുത് 30 മീറ്ററിലധികം[3] ഉയരത്തിൽ വളരുന്നു. ഇലകൾ ഏകാന്തരമായാണ് വളരുന്നത്. കാഴ്ചയിൽ ഇവ സമ്മുഖമായി ദൃശ്യമാകുന്നു. 18 മുതൽ 21 സെന്റീമീറ്റർ വരെ ഇലകൾക്ക് നീളവും 10 സെന്റീമീറ്റർ വരെ വീതിയും ഉണ്ടാകുന്നു. അനുപർണ്ണങ്ങളില്ലാത്ത ഇലകൾക്ക് ദീർഘവൃത്താകാരമാണ്. ഇലകളിൽ 25 മുതൽ 40 വരെ പാർശ്വസിരകൾ ദൃശ്യമാണ്. വർഷാരംഭത്തിൽ ഇലകൾ പൊഴിക്കുന്ന വൃക്ഷം മേയ് മുതൽ ജൂൺ വരെയുള്ള കാലയളവിൽ പുഷ്പിക്കുന്നു. മങ്ങിയ മഞ്ഞ നിറമുള്ള ചെറുപൂക്കൾ കൂട്ടത്തോടെ നിരവധി ശാഖകളായി വളരുന്നു. ഇവയ്ക്ക് അഞ്ചു ബാഹ്യദളങ്ങൾ ഉണ്ട്. പത്തോളം കേസരങ്ങളുള്ള പൂക്കൾക്ക് സഹപത്രങ്ങൾ കാണപ്പെടുന്നു. ജനുവരിയിലാണ് ഫലം മൂപ്പെത്തുന്നത്. ഒരു കായിൽ ഒരു വിത്തു മാത്രമാണ് ഉണ്ടാകുന്നത്. കറുപ്പുകലർന്ന നിറത്തിലുള്ള കരിമരുതിന്റെ തൊലി നെടുകേയും കുറുകെയും വിണ്ടുകീറിയ അവസ്ഥയിലാണ് കാണപ്പെടുന്നത്. ഈടും ഭംഗിയുമുള്ള തടിക്ക് വെള്ളയും കാതലും ഉണ്ട്. വെള്ള കൂടുതലായുള്ള തടിയുടെ കാതലിന് ചുവപ്പുകലർന്ന കറുപ്പുനിറമാണുള്ളത്. ഫർണ്ണിച്ചർ നിർമ്മാണത്തിനും കെട്ടിടനിർമ്മാണത്തിനും തടി ഉപയോഗിക്കുന്നു. വനത്തിൽ സ്വാഭാവികമായി കരിമരുതിന്റെ പുനരുത്ഭവം നടക്കുന്നു. അവലംബംപുറത്തേക്കുള്ള കണ്ണികൾവിക്കിസ്പീഷിസിൽ Terminalia elliptica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Terminalia elliptica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia