2011 ഏപ്രിൽ 13 ന് നടത്തി മെയ് 13 ന് ഫലം പ്രഖ്യാപിച്ച 2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ഓരോ മണ്ഡലത്തിലേയും സ്ഥാനാർത്ഥികളുടെ വിവരങ്ങളും വോട്ടെടുപ്പ് ഫലവും വിശദമായി നൽകിയിരിക്കുന്നു[ക]. കേരളത്തോടൊപ്പംതമിഴ്നാട്, ആസ്സാം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും തിരഞ്ഞെടുപ്പു നടന്നതിനാലാണ് ഫലപ്രഖ്യാപനം താമസിച്ചത്. ആകെ 971 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 13 - ആം നിയമസഭയിലേക്ക് നടന്ന ഈ തിരഞ്ഞെടുപ്പിൽ 75.12 % പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അതായത് 2.31 കോടി വോട്ടവകാശമുള്ളവരിൽ 1.74 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിങ് നടന്നത് കോഴിക്കോട് ജില്ലയിലാണ്. 81.3 ശതമാനം.80.7 ശതമാനം രേഖപ്പെടുത്തിയ കണ്ണൂർ രണ്ടാം സ്ഥാനത്താണ്. 68.2 ശതമാനം പേർ മാത്രം വോട്ട് രേഖപ്പെടുത്തിയ പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറഞ്ഞ പോളിങ്. തിരുവനന്തപുരം ജില്ലയിൽ 68.3 ശതമാനവുമായി തൊട്ടുമുന്നിൽ നിൽക്കുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ മണ്ഡലം കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയാണ്. 87.2 ശതമാനം പേരാണ് കുറ്റിയാടിയിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഏറ്റവും കുറവ് തിരുവനന്തപുരം മണ്ഡലത്തിലാണ്. അവിടെ 60.2 ശതമാനമാണ് പോളിങ്. 26 മണ്ഡലങ്ങളിൽ 80 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വതന്ത്രരുൾപ്പെടെ 93 പേരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച സി.പി.ഐ.(എം.) രണ്ട് സ്വതന്ത്രരെയടക്കം 47 പേരെ വിജയിപ്പിച്ചുകൊണ്ട് 13 - ആം നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 81 സീറ്റിൽ മത്സരിച്ച കോൺഗ്രസ്സ് 38 പേരെ ജയപ്പിച്ചുകൊണ്ട് രണ്ടാം സ്ഥാനത്തെത്തി. യു.ഡി.എഫിൻറെ ഭാഗമായി മത്സരിച്ച സി.എം.പി., ജെ.എസ്.എസ്. എന്നീ പാർട്ടികൾക്കും എൽ.ഡി.എഫിൻറെ ഭാഗമായി മത്സരിച്ച കേരള കോൺഗ്രസ് (ലയന വിരുദ്ധ വിഭാഗം), കോൺഗ്രസ് (എസ്) എന്നിവയ്ക്കും തങ്ങളുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനായില്ല. വിജയികളിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് മലപ്പുറം മണ്ഡലത്തിൽ നിന്നും ജയിച്ച യു.ഡി.എഫിലെ മുസ്ലീം ലീഗ് സ്ഥാനാർത്ഥി പി. ഉബൈദുല്ലയ്ക്കാണ് . 44,508 വോട്ടിൻറെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. പിറവം മണ്ഡലത്തിൽ നിന്നും 157 വോട്ടുകൾക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.എം.ജേക്കബിനാണ് ഏറ്റവും ചെറിയ ഭൂരിപക്ഷം.
എഴു വനിതകളാണ് 13 - ആം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫിൽ നിന്നും ആറു പേരും യു.ഡി.എഫിൽ നിന്നും ഒരാളും. ഇത്തവണ മത്സരിച്ചു ജയിച്ച മൂന്ന് പുതുമുഖങ്ങളുൾപ്പെടെ കേരള നിയമസഭയിൽ ആകെ 40 വനിതകളാണ് അംഗങ്ങളായിട്ടുള്ളത്. 1996 ലെ പത്താം നിയമസഭയിലാണ് ഏറ്റവും കൂടുതൽ വനിതകൾ(13 പേർ) അംഗങ്ങളായിരുന്നിട്ടുള്ളത്.
തിരഞ്ഞെടുപ്പ് ഫലം പാർട്ടി അടിസ്ഥാനത്തിൽ
തിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടികൾക്ക് വോട്ടുകൾ സംബന്ധിച്ച വിശദമായ കണക്കുകൾ ചുവടെ. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാത്തവരെ സ്വതന്ത്രരുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
(എസ്.സി.)- പട്ടിക ജാതി വിഭാഗത്തിനു സംവരണം ചെയ്തിട്ടുള്ള സീറ്റ്.
(എസ്.ടി.) - പട്ടിക വർഗ്ഗ വിഭാഗത്തിനു സംവരണം ചെയ്തിട്ടുള്ള സീറ്റ്.
ജില്ലയുടെ പേരിനൊപ്പം ബ്രായ്ക്കറ്റിലുള്ള സംഖ്യ മണ്ഡലങ്ങളുടെ എണ്ണത്തെക്കുറിക്കുന്നു.
സ്ത്രീ - പുരുഷ സമ്മതിദായകരുടെ പോളിങ് ശതമാനം ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച പ്രാഥമിക കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. *ഓരോ മണ്ഡലത്തിലേയും ആകെ പോളിങ് ശതമാനം ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച അന്തിമ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.
കുറിപ്പുകൾ
ക.^ ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റ്, മാതൃഭൂമി ദിനപത്രം, മലയാള മനോരമ ദിനപത്രം, മലയാള മനോരമ ഇലക്ഷൻഗൈഡ്, വിക്കിപീഡിയ എന്നിവയെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്.